ഗാന്ധി ജയന്തി ദിനത്തില്‍ പുനര്‍ജ്ജനിക്ക് തുടക്കം
തിരുവനന്തപുരം: ഹരിത കേരളം മിഷന്, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വെമ്പായം പഞ്ചായത്ത്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പുനര്‍ജ്ജനി പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കമാവും.
കണക്കോട്, വേറ്റിനാട്, പെരുംകൂര്‍ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കൊഞ്ചിറ തോടും അതിന്റെ കൈവഴികളും ശുചീകരിച്ച് വീണ്ടെടുക്കുകയും ജലസമൃദ്ധമാക്കുകയും ചെയ്യുന്ന ജനകീയ പദ്ധതിയാണ് പുനര്‍ജ്ജനി. പദ്ധതി നടത്തിപ്പിന്റെ സാങ്കേതിക സഹായം നല്‍കുന്നത് കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡാണ്. പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വെമ്പായം പഞ്ചായത്ത് ഹാളില്‍ നടന്ന ആശയ വിനിമയ ശില്പശാല വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. സീനത്ത് ബീവി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷീലജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രാജേഷ് കണ്ണന്, വെമ്പായം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. തേക്കട അനില്‍കുമാര്‍ സംസാരിച്ചു. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ.നിസാമുദ്ദീന്‍ പദ്ധതി രേഖ അവതരിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ വൈ.എ റഷീദ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന ശില്പശാലയില് ഫീല്‍ഡ്തല വിവരങ്ങളും തുടര്‍ പ്രവര്‍ത്തന രേഖയും ഭൂവിനിയോഗ ബോര്‍ഡിലെ ജിയോളജിക്കല്‍ അസിസ്റ്റന്റ് നിഷിത എസ്.ടി അവതരിപ്പിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നെത്തിയവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. വിശദമായ ചര്‍ച്ചകളെ തുടര്‍ന്ന് കണക്കോട് മുതല്‍ വേറ്റിനാട് വരെയുള്ള ആദ്യഘട്ടം ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പുനര്‍ജ്ജനി പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് തീരുമാനിച്ചു. ഇതിനായി സെപ്റ്റംബര്‍ 25ന് വേറ്റിനാട് വൈ.എം.സി.എ ഹാളില്‍ വെച്ച് വിപുലമായ സംഘാടക സമിതി ചേരും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."