കേന്ദ്ര സര്‍ക്കാരിന്റെ വനനിയമ ഭേദഗതി: നടപടികള്‍ തുടങ്ങാതെ കേരളം
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വനനിയമ ഭേദഗതി നിര്‍ദേശത്തില്‍ നടപടികള്‍ തുടങ്ങാതെ കേരളം. വനത്തിന്റെ ജൈവ വ്യവസ്ഥയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള 1927ലെ വനനിയമം ഭേദഗതി വരുത്താന്‍ എല്ലാ സംസ്ഥാന വനംവകുപ്പ് മേധാവികള്‍ക്കും കേന്ദ്രം കരട് സഹിതം കത്തയച്ചിരുന്നു.
എന്നാല്‍ കേരളം ഉള്‍പ്പെടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഭേദഗതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അയച്ചില്ല. ഇപ്പോള്‍ അരുണാചല്‍പ്രദേശ്,ഛത്തിസ്ഗഡ,് അസം,മേഘാലയ എന്നീ നാലു സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം 2018 മാര്‍ച്ച് 14ന് അയച്ച കരട് രൂപരേഖ കേരളത്തിന് കിട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇപ്പോള്‍ രണ്ടാമതും കരട് നിര്‍ദേശത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ജൂണ്‍ ഏഴിന് പുറപ്പെടുവിച്ച കത്ത് പ്രകാരം അറുപത് ദിവസം കൂടി കാലാവധി നീട്ടിയിട്ടുണ്ട്. പൊതുജനത്തിന്റേയും,സന്നദ്ധ സംഘടനകളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ച് തിരുത്തല്‍ മറുപടിയായി നല്‍കണം. മാത്രമല്ല ഇതിനുമുന്‍പുള്ള പത്രപ്പരസ്യം പോലും നല്‍കിയില്ല.
ഓഗസ്റ്റ് ഏഴിനകം കരട് വിജ്ഞാപനം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച് തല്‍പരകക്ഷികളുടെയും,സാമൂഹിക സംഘടനകളുടെയും അഭിപ്രായങ്ങള്‍ സമാഹരിച്ച്് റിപ്പോര്‍ട്ട് തയാറാക്കണം. എന്നാല്‍ കേരള വനംവകുപ്പ് അത്തരത്തിലുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തനത് ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് മെല്ലെപോക്ക് മൂലം നഷ്ടമാകുന്നത്. സാമ്പത്തിക ലാഭം മുന്നില്‍ കണ്ടുകൊണ്ട് കാടുകളില്‍ വിദേശ മരങ്ങള്‍ കൂടുതലായി വെച്ചുപിടിപ്പിക്കാന്‍ സാധ്യതയുള്ള തരത്തിലാണ് കരടുരേഖ. ഇത് എതിര്‍ക്കപ്പെടേണ്ട വിഷയമാണ്. പങ്കാളിത്ത വനപരിപാലനവും കാര്‍ഷികവനവല്‍കരണവും ഉറപ്പാക്കണമെങ്കില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം. വനാവകാശത്തെ ദുര്‍ബലപ്പെടുത്തുന്ന സെക്ഷന്‍ 11.22 വകുപ്പുകള്‍ നടപ്പിലായാല്‍ കേരളത്തിലെ വനമേഖലയില്‍ നിന്നുള്ള ആദിവാസികള്‍ കുടിയിറക്കപ്പെടും.
കാടിന് സുരക്ഷ ഒരുക്കുന്നതിന്റെ പേരില്‍ കാടും നാടും തമ്മില്‍ വേര്‍തിരിക്കാന്‍ കമ്പിവേലികളും ചുറ്റുമതിലുകളും ഉണ്ടാക്കണമെന്നത് കാടിന്റെ സ്വാഭാവികതയെയും വന്യജീവികളുടെ സഞ്ചാരത്തേയും ബാധിക്കും.
തിരുത്തപ്പെടേണ്ട മാറ്റങ്ങള്‍ എത്രയും പെട്ടെന്ന് പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും അഭിപ്രായത്തിലൂടെ സ്വരൂപിക്കാനുള്ള നടപടികള്‍ വനംവകുപ്പ് തുടങ്ങിയില്ലെങ്കില്‍ കാട് സംരക്ഷിക്കുന്ന നിയമം കാടിനെ ഇല്ലാതാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."