ചരിത്രം ആവര്‍ത്തിച്ച് ഇറാന്‍ ഹസന്‍ ഫരീദോന്‍ റൂഹാനി
തെഹ്‌റാന്‍: ഇറാന്‍ ജനത ഒരിക്കല്‍ കൂടി ഹസന്‍ റൂഹാനിയെ പിന്തുണച്ചു. പ്രധാനമായും പരിഷ്‌കരണവാദികളും യാഥാസ്ഥിതികരും തമ്മില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇറാന്‍ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. 1981നു ശേഷമുള്ള ഇറാന്‍ റിപബ്ലിക് ചരിത്രത്തില്‍ എല്ലാ പ്രസിഡന്റിനും രണ്ടാം ഊഴത്തിന് അവസരം ലഭിച്ചിരുന്നു. അതാണ് ഇത്തവണയും തിരുത്തപ്പെടാതെ പോയത്.
കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ ഉദാരനയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇറാന്‍ ജനത റൂഹാനിക്ക് നല്‍കിയിരിക്കുന്നത്. കനത്ത പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം ഉജ്ജ്വല വിജയം നേടിയത്. രാജ്യത്തെ തകര്‍ന്നുകിടക്കുന്ന സാമ്പത്തിക സ്ഥിതിയും മന്ദഗതിയിലുള്ള വളര്‍ച്ചയും തെരഞ്ഞെടുപ്പില്‍ ഫലിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും വന്‍ജനക്കൂട്ടം തന്നെ വെള്ളിയാഴ്ച പോളിങ് കേന്ദ്രങ്ങളിലെത്തിയിരുന്നു.
ഇറാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ റസാ റഹ്മാനി ഫസ്‌ലിയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. സര്‍ക്കാര്‍ ചാനല്‍ റൂഹാനിയെ അഭിനന്ദിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം 2013നു സമാനമായ പ്രസ്താവനയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ രംഗത്തെത്തി. റൂഹാനിയെ നേരിട്ട് അഭിനന്ദിക്കാന്‍ സന്നദ്ധനാകാതിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയം ജനങ്ങള്‍ക്കാണെന്ന് പ്രതികരിച്ചു. ശക്തമായ പോളിങ് രേഖപ്പെടുത്തിയ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഒറ്റപ്പെടലിനുമേല്‍ പ്രതീക്ഷ ജയിച്ചുവെന്ന് മുന്‍ പ്രസിഡന്റും റൂഹാനി അനുകൂലിയുമായ മുഹമ്മദ് ഖാത്തമി തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചു.
2015ലെ ആഗോള രാഷ്ട്രങ്ങളുമായുള്ള ചരിത്രപരമായ ആണവ കരാറിന്റെയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളോടുള്ള ഉദാരസമീപനത്തിന്റെയും നിഴലിലാണ് റൂഹാനി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവയോട് ഇറാന്‍ ജനത എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു രാഷ്ട്രീയവൃത്തങ്ങള്‍ കാത്തിരുന്നത്. എന്നാല്‍, തീവ്രഗതിക്കാരനും യാഥാസ്ഥിതിക വിഭാഗം നേതാവുമായ ഇബ്‌റാഹീം റെയ്‌സി പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ പൂര്‍ണ പിന്തുണയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യത്തെ പ്രധാന മൂന്ന് പണ്ഡിതസഭകളുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇറാന്റെ മന്ദഗതിയിലുള്ള സാമ്പത്തിക രംഗത്തിന്റെ പുനര്‍നിര്‍മാണവും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൗഹൃദാന്തരീക്ഷവുമായിരുന്നു റൂഹാനിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. എന്നാല്‍, റൂഹാനിയുടെ തെറ്റായ സാമ്പത്തിക നയങ്ങളെയും പടിഞ്ഞാറിനോടുള്ള ഉദാരനയത്തെയും വിമര്‍ശിച്ചാണ് ഇബ്‌റാഹീം റെയ്‌സി ജനങ്ങളുടെ പിന്തുണ തേടിയത്.
ഹസന്‍ റൂഹാനി: നയതന്ത്രം
ആയുധമാക്കിയ മതപണ്ഡിതന്‍
'നയതന്ത്രജ്ഞനായ മതപണ്ഡി തന്‍' എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ ഹസന്‍ റൂഹാനിയെ വിശേഷിപ്പിക്കുന്നത്. അക്കാദമിക രംഗത്ത് പി.എച്ച്.ഡി, മതരംഗത്ത് ശീഈ മതപണ്ഡിതര്‍ക്കിടയിലെ 'ഹുജ്ജത്തുല്‍ ഇസ്‌ലാം' എന്ന ഉന്നത പദവി, നയതന്ത്ര രംഗത്ത് രണ്ടു തവണ ഇറാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവും മുഖ്യ ആണവ മധ്യസ്ഥനും. ഇതൊക്കെയായിരുന്നു 2013ല്‍ ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ റൂഹാനിയില്‍ ലോകം ശ്രദ്ധിച്ച കൗതുകമുണര്‍ത്തുന്ന സവിശേഷതകള്‍.
ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ റൂഹാനിയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് മിതവാദിയും പരിഷ്‌കരണവാദിയുമായ രാഷ്ട്രീയ നേതാവ് എന്നായിരുന്നു. 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മധ്യസ്ഥതയില്‍ നടന്ന അഞ്ച് ലോകരാഷ്ട്രങ്ങളുമായുള്ള ഇറാന്റെ ആണവ കരാറും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉദാരസമീപനവുമായിരുന്നു ഇതിന്റെ പ്രധാന കാരണങ്ങള്‍. മുന്‍ പ്രസിഡന്റ് അഹ്മദ് നജാദിന്റെ തീവ്രനയങ്ങള്‍ കാരണം അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ഇറാനെ ആണവ കരാര്‍ വഴി അദ്ദേഹം രക്ഷപ്പെടുത്തി. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിച്ചു.
ഇറാന്‍ വിപ്ലവകാലത്ത് തന്നെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ ഉറ്റ കൂട്ടാളിയായിരുന്നു റൂഹാനി. റസാ ഷാഹ് പഹ്ലവിയുടെ നേതൃത്വത്തിലുള്ള രാജഭരണകൂടം വിമതപ്രവര്‍ത്തകരെ വേട്ടയാടിയപ്പോള്‍ ഖുമൈനിക്കൊപ്പം ഫ്രാന്‍സിലേക്ക് നാടുവിട്ടു. 1979ലെ വിപ്ലവത്തില്‍ പഹ്ലവി അധികാരഭ്രഷ്ടനായ ശേഷം രാജ്യത്ത് തിരിച്ചെത്തി. മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൂടുതല്‍ രാഷ്ട്രീയ സ്വാതന്ത്രവും ജനാധിപത്യവും ആവശ്യപ്പെട്ട് രൂപീകരിച്ച പരിഷ്‌കരണവാദി വിഭാഗത്തില്‍ ചേര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമായത്. 2003ല്‍ ഇറാന്റെ മുഖ്യ ആണവ മധ്യസ്ഥനായതോടെ അദ്ദേഹം ലോകതലത്തില്‍ അറിയപ്പെട്ടു.
സിറിയയുമായുള്ള ഉറ്റ ബന്ധം ഒഴിച്ചുനിര്‍ത്തിയാല്‍ ആദ്യ ഊഴത്തില്‍ നജാദില്‍നിന്നു വ്യത്യസ്തമായി പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുമായി നല്ല ബന്ധത്തിലായിരുന്നു ഹസന്‍ റൂഹാനി. എന്നാല്‍, ആണവ കരാര്‍ ട്രംപ് ഭരണകൂടം ഉപേക്ഷിച്ചതോടെ മുന്നില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്. തകര്‍ന്നുകിടക്കുന്ന സാമ്പത്തികരംഗവും റൂഹാനിക്കു മുന്നില്‍ വലിയ വെല്ലുവിളിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."