ഭൗമ നിരീക്ഷണത്തിനായി നാസയും ഐ.എസ്.ആര്‍.ഒയും കൈകോര്‍ക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌പേസ് ഏജന്‍സിയും അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയും സംയുക്തമായി ഉപഗ്രഹം നിര്‍മിക്കാനൊരുങ്ങുന്നു. നാസ-ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ എന്നുപേരിട്ടിരിക്കുന്ന ഉപഗ്രഹം ഭൗമനിരീക്ഷണം ലക്ഷ്യമാക്കിയാണ് നിര്‍മിക്കുന്നത്. 2021ല്‍ ജി.എസ്.എല്‍.വിയുടെ സഹായത്തോടെ ഇന്ത്യയില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. നാസയും ഐ.എസ്.ആര്‍.ഒയും സംയുക്തമായി ചെയ്യുന്ന ആദ്യത്തെ പദ്ധതിയാണിത്.
ഭൂമിയെ നിരന്തരമായി നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി നിലവിലുള്ള ഉപഗ്രഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് പുതിയ ഉപഗ്രഹം നിര്‍മിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെയുണ്ടായിട്ടുള്ള ഉപഗ്രഹങ്ങളില്‍ ഏറ്റവും ചെലവേറിയതാണ് ഭൗമ ഇമേജിങ് സാറ്റ്‌ലൈറ്റ് എന്ന നിലയിലുള്ള പുതിയ ഉപഗ്രഹം. ഏതാണ്ട് 150 കോടിയിലേറെ രൂപയാണ് ഇതിന്റെ പദ്ധതിക്കായി ഇരുരാജ്യങ്ങളും ചേര്‍ന്ന് ചെലവഴിക്കുക.
രണ്ട് ഫ്രീക്വന്‍സിയുള്ള ഉപഗ്രഹത്തിന് 24 സെ.മീറ്റര്‍ ഉള്ള ഒരു എല്‍ ബാന്‍ഡ് റഡാലും 13 സെ.മീറ്ററുള്ള എസ്. ബാന്‍ഡ് റഡാറുമാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന ഭാഗം. ഇതില്‍ എല്‍ ബാന്‍ഡ് നാസയും എസ്. ബാന്‍ഡ് ഐ.എസ്.ആര്‍.ഒയുമാണ് നിര്‍മിക്കുന്നത്. ഇരുറഡാറുകളും ഉപയോഗിച്ച് ഭൂമിയുടെ കൃത്യവും വ്യക്തവുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
ഇതിലൂടെ ഭൂമിക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ കഴിയും. ഉരുള്‍പൊട്ടല്‍, ഭൂചലനങ്ങള്‍, അഗ്നിപര്‍വതങ്ങള്‍, സമുദ്രനിരപ്പിലെ വ്യതിയാനങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിനും മുന്‍കരുതലെടുക്കാന്‍ കഴിയുന്നതിനുപുറമെ ഭൗമപാളികള്‍, ഹിമപാളികള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനും കഴിയും. വനമേഖലകളിലുണ്ടാകുന്ന കാട്ടുതീ മുന്‍കൂട്ടി പ്രവചിക്കാന്‍ ഇത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."