ആര്‍.സി.ഇ.പി കരാര്‍ ഇന്ത്യ വിട്ടുനില്‍ക്കുന്നതില്‍ അര്‍ഥമുണ്ടോ?
കൊവിഡ് - 19 സൃഷ്ടിച്ച ലോകമാറ്റങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 15ന് ചൈനയും ഏഷ്യാ - പസഫിക് രാജ്യങ്ങളും ഒപ്പുവച്ച ആര്‍.സി.ഇ.പി Regional Comprehensive Economic Partnership)
എന്ന സ്വതന്ത്ര വ്യാപാര കരാര്‍. മാനവ ചരിത്രത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ സാമ്പത്തിക കൂട്ടായ്മയുടെ കീഴില്‍ ആകെയുള്ള 7.8 ബില്യന്‍ ലോക ജനസംഖ്യയില്‍ 2.2 ബില്യന്‍ ജനങ്ങളും വന്നുകഴിഞ്ഞു. ആഗോള സാമ്പത്തികരംഗത്ത് നടന്നുവന്ന ശീതസമരത്തില്‍ അമേരിക്ക ചൈനയുടെ മുന്‍പില്‍ മുട്ടുമടക്കാന്‍ തുടങ്ങുന്നതിന്റെയും അമേരിക്കന്‍ നിയന്ത്രിത ആഗോള വ്യാപാര കരാറുകള്‍ ദുര്‍ബലമാകുന്നതിന്റെയും തുടക്കം കൂടിയാണിത്. 'അമേരിക്ക ആദ്യം' എന്ന നയത്തില്‍ ഉറച്ചുനിന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുടെ തിരിച്ചടിയായും ഇതിനെ വിശേഷിപ്പിക്കാം. ചൈന ഉള്‍പ്പെടെ ഏഷ്യന്‍ - പസഫിക് രാജ്യങ്ങളുമായി ഒപ്പുവച്ച ടി.പി.പി എന്ന ആദ്യകരാറില്‍നിന്ന് നാലു വര്‍ഷം മുമ്പെ അമേരിക്ക പിന്‍വാങ്ങിയിരുന്നു. ഈ പിന്‍വാങ്ങലിനു ശേഷമുള്ള കാലത്ത് ചൈനക്കെതിരേ അമേരിക്കന്‍ ചേരിയില്‍ ആളെക്കൂട്ടാനുള്ള ബഹളത്തിനിടയിലാണ് കൊവിഡ് - 19 എന്ന ഇടിത്തീ ലോകത്തെ കീഴടക്കിയത്. ഈ മഹാമാരിയുടെ വ്യാപനത്തിന് ലോകത്തുടനീളം പഴികേട്ട അതേ ചൈന തന്നെയാണ് ഇപ്പോള്‍ അവസരം മുതലെടുത്ത് മുന്നേറിയത്. സാമ്പത്തികരംഗത്ത് കൊവിഡ് സൃഷ്ടിച്ച സ്വന്തം മുറിവുകളെ നക്കിയുണക്കുന്ന തിരക്കിലാണ് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന നയിക്കുന്ന ആര്‍.സി.ഇ.പിയില്‍ ചേരണോ അതോ പഴയ ടി.പി.പിയില്‍ (Transe Pacific partnership)
വീണ്ടും ഒപ്പുവയ്ക്കണോ എന്നതൊന്നും പെട്ടെന്ന് തീരുമാനിക്കാനാവാത്ത അവസ്ഥയിലായിരിക്കും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഉണ്ടാവുക.
കഴിഞ്ഞ എട്ടുവര്‍ഷമായി നടന്നുവന്ന ആര്‍.സി.ഇ.പി ചര്‍ച്ചകളില്‍നിന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് അന്തിമമായി ഇന്ത്യ പിന്‍വാങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ തന്നെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. മേഖലയിലെ രണ്ടാമത്തെ വന്‍ ശക്തിയായ ഇന്ത്യയെ ഉള്‍പ്പെടുത്താതെ ഉടമ്പടി നടപ്പില്‍വന്നുവെങ്കിലും ന്യൂഡല്‍ഹിയെ പൂര്‍ണമായും ഒഴിച്ചുനിര്‍ത്തുന്ന സമീപനമല്ല ചൈനയുടേത്. എപ്പോള്‍ വേണമെങ്കിലും കയറിവരാനായി ആര്‍.സി.ഇ.പിയുടെ വാതിലുകള്‍ ഇന്ത്യക്കു മുമ്പില്‍ ബെയ്ജിങ് തുറന്നുവച്ചിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളില്‍ ഇറക്കുമതി ചുങ്കം കുത്തനെ ഇടിയുമെന്നും രാജ്യത്തെ വ്യവസായ മേഖലകളിലും സര്‍വിസ് രംഗത്തും അത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഇപ്പോള്‍ വിട്ടുനില്‍ക്കുന്നത്. മറുഭാഗത്ത് ഇറക്കുമതി തീരുവകള്‍ ഗണ്യമായി കുറയുന്നതിലൂടെ വിതരണ ശൃംഖലകളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കാലക്രമത്തില്‍ നേടിയെടുക്കാന്‍ പോകുന്ന ആധിപത്യത്തിന്റെ ഗുണഭോക്താക്കളാവുന്നതില്‍നിന്നു കൂടിയാണ് ഇന്ത്യ വിട്ടുനില്‍ക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ നിലപാടുമായി ഇന്ത്യക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാനാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. സുചിന്തിതമായ സാമ്പത്തിക നിലപാടായിരുന്നോ അതോ ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ ചൈനയുമായി അതിര്‍ത്തിയില്‍ രൂപപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയ തീരുമാനമായിരുന്നോ ഇതെന്ന് വ്യക്തമല്ല. അമേരിക്കന്‍ പക്ഷത്തു നില്‍ക്കുന്നതില്‍ വലിയൊരളവില്‍ ഇന്ത്യ പ്രതീക്ഷ പുലര്‍ത്തിയ കാലഘട്ടം കൂടിയായിരുന്നു ഇത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി മോദി അമേരിക്കയില്‍ പ്രചാരണം നടത്തുകയും എന്‍.ആര്‍.ഐ വോട്ടര്‍മാരെ ആകര്‍ഷിക്കാനായി ട്രംപ് ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുകയുമൊക്കെ ചെയ്തിരുന്നല്ലോ.
സ്വയം പര്യാപ്തത നേടാനുള്ള 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത് ആര്‍.സി.ഇ.പി രൂപീകരണം അന്തിമഘട്ടത്തിലേക്ക് എത്തിയ നാളുകളിലാണ്. ഗാല്‍വാന്‍ ആക്രമണത്തിലും ചൈനയുടെ എല്ലാ ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനത്തിലുമൊക്കെ ആര്‍.സി.ഇ.പിയുടെ നിഴലുകള്‍ വീണുകിടക്കുന്നുണ്ട്. ആത്മനിര്‍ഭര്‍ പദ്ധതി പക്ഷേ കൊവിഡാനന്തര ഇന്ത്യയില്‍ വിജയിക്കുമെന്ന് പറയാറായിട്ടില്ല. തൊഴിലാളികളുടെ പലായനം സൃഷ്ടിച്ച ദുരന്തത്തെ മറികടക്കാന്‍ ഒരു പദ്ധതിയുമില്ലാത്തതാണ് കാരണം. ഇതേ ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ നേരത്തെ കൊണ്ടുവന്ന മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി വന്‍ പരാജയമായിരുന്നുവല്ലോ. ഏകദേശം 1970ലെ ഉല്‍പാദന നിരക്കിലായിരുന്നു 2015 നു ശേഷമുള്ള കാലത്തെ ഇന്ത്യയെന്നാണ് വേള്‍ഡ് ബാങ്ക് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നത്. കൊവിഡിനു ശേഷം 23 ശതമാനം തൊഴിലുകള്‍ രാജ്യത്ത് നഷ്ടമായതായും വേള്‍ഡ് ബാങ്ക് വിലയിരുത്തുന്നു. അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ 'പ്രൊട്ടക്ഷനിസ്റ്റ്' ഭരണകൂടമായി വിലയിരുത്തപ്പെടുന്ന മോദി സര്‍ക്കാരിന് ഇതൊക്കെ ഒറ്റക്ക് മറികടക്കാനുള്ള പ്രാപ്തിയോ കാഴ്ചപ്പാടോ ഇല്ല. എന്നാല്‍, ഒരു തത്വത്തേക്കാളുപരി, ആഭ്യന്തര വിപണിയിലെ സുഹൃത്തുക്കളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് ഈ നിലപാടുകള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത് എന്നതാണ് സത്യം. കയറ്റുമതി എന്ന വാക്കിനോടുള്ള അത്രയും സ്‌നേഹം ഇറക്കുമതിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. വിപണികള്‍ തുറന്നുകൊടുക്കുന്നതിനും പിടിച്ചുവയ്ക്കുന്നതിനുമിടയിലെ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു വെളിമ്പ്രദേശത്തായിരുന്നു മോദി ചുവടുറപ്പിക്കാന്‍ ശ്രമിച്ചത്. ഇന്ത്യ ആഗോള ശക്തിയാവണമെന്ന് ആഗ്രഹിക്കുന്നതും ആണെന്ന് ഉറച്ചുവിശ്വസിക്കുന്നതും തമ്മിലുള്ള വ്യത്യാസം സാമ്പത്തിക മേഖലയിലെ 'ഹമ്പട ഞാനേ' എന്ന നിലപാടില്‍ മുഴച്ചുനിന്നു. രാജ്യസ്‌നേഹവും യാഥാര്‍ഥ്യ ബോധവും തമ്മിലുള്ള അന്തരമായും വേണമെങ്കില്‍ അതിനെ കണക്കാക്കാവുന്നതാണ്. ഉദാരവല്‍ക്കരണത്തെ കുറിച്ചും വിതരണ ശൃംഖലകള്‍ സ്വതന്ത്രമാക്കുന്നതിനെ കുറിച്ചുമൊക്കെ വലിയ സിദ്ധാന്തങ്ങള്‍ അടിക്കടി പറയാറുണ്ടെങ്കിലും ഇത് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കനുകൂലമായി മാറ്റിയെടുക്കാന്‍ ഒരിക്കലും നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
രണ്ടാമത്തേത് മോദിയുടെ ഊതിവീര്‍പ്പിച്ച ബാഹുബലി പ്രതിച്ഛായയാണ്. എല്ലാവരെയും തകര്‍ത്ത് തരിപ്പണമാക്കി കളയുമെന്നൊക്കെ സ്വന്തം ഭക്തരോട് പറയാമെങ്കിലും രാജ്യത്തിനു മുമ്പിലുള്ള വസ്തുതകള്‍ മോദിക്കെതിരാണ്. മോദിയെ തരിമ്പും കൂസാതെയാണ് ഇന്ത്യയുടെ ഓരോ അയല്‍പക്ക രാജ്യവും മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനിടെ ആകെക്കൂടി ഇന്ത്യക്ക് സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞ ഭൂട്ടാന്‍ പോലും ചൈനയോടൊപ്പം ചേരുന്നുവെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളിലുള്ളത്. നയതന്ത്ര പ്രാധാന്യം അവിടെ നില്‍ക്കട്ടെ, ഹിന്ദുരാജ്യമെന്ന് കണക്കിലെടുത്തെങ്കിലും നേപ്പാളിനെ ഒപ്പം നിര്‍ത്താന്‍ മോദിക്കു കഴിയണമായിരുന്നു. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഇന്ത്യ - നേപ്പാള്‍ ബന്ധമാണ് ഇപ്പോഴുള്ളത്. പാകിസ്താനുമായുള്ള ബന്ധത്തില്‍ ആര്‍.എസ്.എസിന്റെ 'നയതന്ത്ര' പുസ്തകം വായിച്ചു പഠിക്കുന്നതുകൊണ്ട് പ്രായോഗികമായ അയല്‍പക്ക ബന്ധംപോലും മോദിക്ക് തുടരാനായിട്ടില്ല. നേര്‍ക്കു നേരെയല്ലെങ്കിലും അതിന്റെ തിരിച്ചടിയായിരുന്നു സീപെക് റോഡും ഗാല്‍വാന്‍ കൈയേറ്റങ്ങളുമൊക്കെ. അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ താറടിച്ചുകാണിക്കുക പഴയതുപോലെ എളുപ്പമല്ലാതായിരിക്കുന്നു. പാകിസ്താനെ സമ്മര്‍ദത്തിലാഴ്ത്താന്‍ കഴിയുന്ന ഒരു വാണിജ്യബന്ധം പോലും അവരുമായി ഇന്ത്യക്കില്ല. ചൈനയും ഇന്ത്യയും ഒരുപോലെ അംഗങ്ങളായ ജി - 20 കൂട്ടായ്മ പ്രത്യേകിച്ച് അനക്കമൊന്നും സൃഷ്ടിക്കാതെയാണ് റിയാദില്‍ സമാപിച്ചത്. ഇടങ്ങള്‍ ഒന്നൊന്നായി ഇല്ലാതാവുന്നതിന്റെ അങ്കലാപ്പിലാണ് മോദിസര്‍ക്കാര്‍.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കേണ്ടത് റിപ്പബ്ലിക്കന്മാരേക്കാളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആവശ്യമായി മാറിയത് ഇതുകൊണ്ടൊക്കെയായിരുന്നു. ചൈനക്കെതിരേയുള്ള അമേരിക്കന്‍ കടുംവെട്ടുകള്‍ അടുത്തഘട്ടത്തിലേക്ക് കടക്കണമായിരുന്നു. ജോ ബൈഡന്റെ കാലത്ത് രണ്ടുതരം പ്രശ്‌നങ്ങളാണ് ഇന്ത്യയെ കാത്തുനില്‍ക്കുന്നത്. ബറാക് ഒബാമ കാത്തുസൂക്ഷിച്ച സൗഹൃദം ഡെമോക്രാറ്റുകളുടെ പുതിയ പ്രസിഡന്റ് തുടരുമോ അതോ ഇന്ത്യയെ അവഗണിക്കുമോ എന്നതാണ് ഇതില്‍ പ്രധാനം. ചൈന കരുത്തു നേടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ശത്രുവിന്റെ ശത്രു എന്ന നിലയില്‍ ഇന്ത്യയെ വൈറ്റ്ഹൗസ് പരിഗണിക്കുമെങ്കിലും ഷി ജിന്‍പിങ്ങിനും ബൈഡനുമിടയില്‍ രൂപപ്പെടുന്ന സമവാക്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും ഇന്തോ - യു.എസ് ബന്ധത്തിലെ ഉച്ചനീചത്വങ്ങള്‍. കൊവിഡിനെ പിടിച്ചുകെട്ടി തകര്‍ന്ന സ്വന്തം രാജ്യത്തെ ശരിപ്പെടുത്തേണ്ട ചുമതല മുമ്പിലിരിക്കെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് മുമ്പുള്ളവരെ പോലെ ബലംപിടിക്കാന്‍ കഴിയണമെന്നില്ല. മാത്രവുമല്ല, അമേരിക്ക സാമ്പത്തിക പ്രതാപം വീണ്ടെടുക്കുന്നില്ലെങ്കില്‍ ഇന്ത്യ എന്തു ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്. വലതുപക്ഷ വര്‍ഗീയതയ്ക്ക് അനുകൂലമാവുന്ന ചിത്രമല്ല കൊവിഡിനു ശേഷം പൊതുവേ അന്താരാഷ്ട്രതലത്തില്‍ രൂപപ്പെട്ടുവരുന്നത്. അത്തരം കാഴ്ചപ്പാടുകളെ താങ്ങിനിര്‍ത്തുന്ന കൂട്ടുകെട്ടുകളിലും നിലപാടുകളിലും വിശ്വസിച്ച്, അവയിലൂടെ ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളില്‍ മാത്രം അഭിരമിച്ചാണ് ഇത്രയും കാലം മോദി മുന്നോട്ടുപോയത്. ചൈന സൃഷ്ടിക്കുന്ന പുതിയ ലോകക്രമത്തില്‍ പഴയതെല്ലാം പൊറുത്തുതരാന്‍ അപേക്ഷിച്ച് വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങാന്‍ മോദി തയാറാവുമോ?
2030 ഓടെ പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളറാണ് ആര്‍.സി.ഇ.പി കരാറിലൂടെ ആഗോള വിപണിയിലേക്ക് എത്തിച്ചേരുക. ഉല്‍പാദനത്തിന്റെ ഉറവിടത്തെ കുറിച്ച ആര്‍.സി.ഇ.പി ഉടമ്പടിയിലെ നിയമമനുസരിച്ച് ചൈനക്കും ജപ്പാനും കൊറിയക്കും മലേഷ്യക്കും ഇന്തോനേഷ്യക്കും ന്യൂസീലന്‍ഡിനും ആസ്‌ത്രേലിയക്കും മറ്റ് അംഗരാജ്യങ്ങള്‍ക്കുമൊക്കെ സ്വന്തം ഉല്‍പന്നങ്ങള്‍ പ്രത്യേകിച്ച് ഗുണനിലവാര നിയന്ത്രണങ്ങളോ ഇറക്കുമതി തീരുവയോ ഇല്ലാതെ പരസ്പരം വില്‍ക്കാനാവും. ലോകത്തെ മൂന്നിലൊന്ന് ജനതയുടെ പോക്കറ്റുകളിലേക്ക് തുറന്നുവച്ച സ്വപ്നതുല്യമായ ഈ മാര്‍ക്കറ്റില്‍ നിന്നാണ് ഇന്ത്യ വിട്ടുനില്‍ക്കുന്നത്. അതിലൂടെയുള്ള നേട്ടം എന്താണെന്ന ചോദ്യത്തിന് ബി.ജെ.പിയുടെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ക്ക് മാത്രമേ കൃത്യമായി മറുപടിയുണ്ടാകൂ. രാജ്യം പ്രത്യേകിച്ചൊന്നും നേടണമെന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."