ഒബാമ, മിഷേല്‍ ഫോര്‍ ഹിലാരി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനെ പുകഴ്ത്തിയും എതിരാളി ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലാണ് ഒബാമയുടെ പ്രസ്താവന. അദ്ദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമയും ട്രംപിനെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഹിലാരി ക്ലിന്റനേക്കാള്‍ യോഗ്യതയുള്ള മറ്റൊരാളില്ലെന്നു ഒബാമ പറഞ്ഞു. താനും ബില്‍ ക്ലിന്റനും അവരുടെ താഴെയേ വരൂവെന്നു പറയാനും അദ്ദേഹം തയാറായി. ഹിലാരിയുടെ വിജയത്തിനായി കാത്തിരിക്കുകയാണെന്നും അതിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
അതേസമയം, ഹിലാരിയുടെ എതിരാളിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയുമായ ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയിലാണ് ഒബാമ വിമര്‍ശിച്ചത്. ട്രംപ് തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനല്ലെന്നു പറഞ്ഞ അദ്ദേഹം, അമേരിക്ക ഇപ്പോള്‍തന്നെ ശക്തമാണെന്നും അതിനിനി ട്രംപിന്റെ സഹായം ആവശ്യമില്ലെന്നും പരിഹസിച്ചു. അമേരിക്കയെ ശക്തമായ രാജ്യമാക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞതിനു മറുപടിയായിരുന്നു ഈ വാക്കുകള്‍.
രാജ്യത്തിന്റെ സൈന്യത്തെ ദുരന്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മുദ്രാവാക്യം മുഴക്കി ഭയംവിതക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം തിരിച്ചറിയണമെന്നും അമേരിക്കയെക്കുറിച്ചു ട്രംപിന് ഒന്നുമറിയില്ലെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റായ താനുമായി ഇതുവരെ സഹകരിച്ചതിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. അതേസമയം, ട്രംപിനെ വിമര്‍ശിച്ചു മിഷേല്‍ ഒബാമയും രംഗത്തെത്തിയിരുന്നു. ഹിലാരിയുടെ കാംപയിനില്‍ ഏതുതരത്തിലുള്ള സഹായവും നല്കാന് തയാറാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."