വത്തിക്കാന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ് ജേക്കബ് മാനത്തോടത്ത്
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വത്തിക്കാന്റെ ഇടപെടലില്‍ പൂര്‍ണ ഭരണ ചുമതലയില്‍ തിരിച്ച് കൊണ്ട് വന്നിട്ടും സഭയില്‍ ഭൂമി ഇടപാടിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സഭ ഭൂമി ഇടപാടില്‍ വത്തിക്കാന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ് ജേക്കബ് മാനത്തോടത്ത് രംഗത്ത് വന്നു.
മാര്‍പാപ്പ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നിലവിലെ ഭരണമാറ്റം തന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും മുന്‍ അപ്പോസ്തലിക് അഡ്മിനിട്രേറ്ററായിരുന്ന ജേക്കബ് മാനത്തോടത്ത് പറഞ്ഞു.
റോമില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ജേക്കബ് മാനത്തോടത്ത് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭൂമി ഇടപാട് ആരോപണത്തെ തുടര്‍ന്ന് ഭരണ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പൂര്‍ണ ഭരണ ചുമതലയില്‍ തിരിച്ചുകൊണ്ടുവന്നിരുന്നു. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു.
സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാന്‍ മാര്‍പ്പാപ്പ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മിഷന് കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചായിരുന്നു വത്തിക്കാന്റെ നിര്‍ണായക നീക്കം. അതേസമയം ഭരണ ചുമതലയിലേക്ക് കര്‍ദിനാള്‍ ആലഞ്ചേരിയെ തിരിച്ചുകൊണ്ടുന്ന നടപടിക്കെതിരേ വിമത വൈദികര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."