ഗവര്‍ണര്‍ നിയമസാധുത പരിശോധിക്കും
തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ വിജിലന്‍സ് കേസിന്റെ നിയമസാധുത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിശോധിക്കും. അന്വേഷണത്തിന്റെ നിയമസാധുത വിദഗ്ധരുമായി രാജ്ഭവന്‍ കൂടിയാലോചിക്കും.
ചെന്നിത്തലക്കൊപ്പം മുന്‍ മന്ത്രിമാരായ കെ. ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണവും ഗവര്‍ണറുടെ പരിഗണനയിലുണ്ട്. ബാറുകള്‍ തുറക്കുന്നതിന് കോഴ നല്‍കിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ അനുമതിതേടി ഗവര്‍ണറെയും സ്പീക്കറെയും സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുന്നത്. അനുമതി ലഭിച്ചാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ മന്ത്രിമാരായിരുന്ന കെ. ബാബുവിനും വി.എസ് ശിവകുമാറിനും കൈമാറിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ചെന്നിത്തലക്ക് ഒരുകോടിയും കെ. ബാബുവിന് അന്‍പത് ലക്ഷവും ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. കെ.എം മാണിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ബിജു രമേശ് ആരോപണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."