വ്യാജകേശം: തെളിവ് തേടി നെതര്‍ലന്‍ഡ് ഗവേഷകന്‍ ദാറുല്‍ഹുദയില്‍
ഹിദായ നഗര്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രവാചകന്റെ തിരുകേശമെന്ന നിലയ്ക്ക് അവതരിപ്പിക്കുകയും പിന്നീട് വിവാദമാവുകയും ചെയ്ത സംഭവത്തില്‍ ആധികാരികത തേടി നെതര്‍ലന്‍ഡുകാരന്‍ ദാറുല്‍ഹുദയില്‍.
നെതര്‍ലന്‍ഡിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന റോബര്‍ട്ട് വാന്‍ ലാന്‍സ്‌കോട്ടാണ് കാന്തപുരത്തിന്റെ പക്കലുള്ള കേശത്തിന്റെ ആധികാരികതയെക്കുറിച്ച് അറിയുന്നതിനും കേശം വ്യാജമാണെന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനുമായി ദാറുല്‍ഹുദയിലെത്തിയത്. കാംപസിലെത്തിയ അദ്ദേഹം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുമായി കൂടിക്കാഴ്ച നടത്തി.
മുസ്‌ലിംവംശ ചരിത്രത്തില്‍ പ്രത്യേക താല്‍പര്യമുള്ള റോബര്‍ട്ട് വാന്‍ തന്റെ രാജ്യത്ത് പുതുതായി രൂപപ്പെട്ടു വരുന്ന ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചായിരുന്നു ആദ്യ പുസ്തകം എഴുതിയത്. അതുവഴി മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും കുറിച്ച് കൂടുതല്‍ പഠിച്ചു. അങ്ങനെയാണ് നബി(സ)യുടെ ഭൗതികാവശിഷ്ടങ്ങള്‍ ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് സൂക്ഷിച്ചിരിക്കുന്നു എന്നതിനെ കുറിച്ചുള്ള ഗഹനമായ പഠനം നടത്താന്‍ തീരുമാനിച്ചത്. കേശം മാത്രമല്ല, നബിയുടെ മോതിരം, വസ്ത്രങ്ങള്‍ തുടങ്ങിയവയും പലരും തലമുറകളായി സൂക്ഷിക്കുന്നുണ്ടെന്നും അതിനെക്കുറിച്ചൊക്കെ പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചെച്‌നിയ, തുര്‍ക്കിയിലെ ഇസ്താംബൂള്‍, കെനിയ, ഇസ്‌റാഈലിലെ ജറൂസലം എന്നിവിടങ്ങളിലേക്ക് ഈ വിഷയം പഠിക്കുന്നതിനായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. പാകിസ്താനിലും അഫ്ഗാനിസ്താനിലും പോകാനും ഉദ്ദേശിക്കുന്നുണ്ട്. ഇസ്താംബൂളിലെ തോപ്കാപ്പി മ്യൂസിയത്തിലുള്ള പ്രവാചകന്റെ കേശവും വസ്ത്രങ്ങളും മോതിരവും നബി(സ) ഉപയോഗിച്ചിരുന്ന തുകല്‍ ഉല്‍പന്നങ്ങളും തന്നെ ഏറെ ആശ്ചര്യപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കശ്മിരിലും ഡല്‍ഹിയിലും പ്രവാചകന്റെ കേശമുണ്ടെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ലാന്‍സ്‌കോട്ട് പറഞ്ഞു. സമീപ കാലത്ത് കോഴിക്കോട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേശം കൊണ്ടുവന്നിട്ടുള്ളതായി വിവരം ലഭിച്ചുവെന്നും എന്നാല്‍ ഇത് ഏറെ വിവാദങ്ങളുണ്ടാക്കി എന്നറിഞ്ഞതോടെയാണ് കൂടുതല്‍ തെളിവ് തേടി കേരളത്തിലെത്തിയത്. ഇതിനെ ചുറ്റിപ്പറ്റി കേരളത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും താന്‍ ഏറെ ബോധവാനാണെന്നും ലാന്‍സ്‌കോട്ട് വ്യക്തമാക്കി.
കാന്തപുരം കൊണ്ടുവന്ന കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് ആദ്യം രംഗത്തുവന്ന ഡോ. ബഹാഉദ്ദീന്‍ നദ്‌വിയില്‍ നിന്ന് കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനാണ് അദ്ദേഹം ഇന്നലെ വാഴ്‌സിറ്റിയിലെത്തിയത്. വ്യാജകേശത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയ റോബര്‍ട്ട് വാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെക്കുറിച്ചും സമസ്തയില്‍ നിന്ന് കാന്തപുരം വിഘടിക്കാനുള്ള കാരണങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. മുംബൈയിലെ കേശദാതാവായ ഇഖ്ബാല്‍ ജാലിയാവാലയെയും യു.എ.ഇയിലെ അഹ്മദ് ഖസ്‌റജിയെയും കുറിച്ചും ചോദിച്ച് മനസ്സിലാക്കി. ഖസ്‌റജിയെ തേടി ദുബൈയില്‍ പോയിട്ടുണ്ടെന്നും ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഖസ്‌റജിയെയും അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും ഡോ. നദ്‌വി വിശദീകരിച്ചുകൊടുത്തു. ഖസ്‌റജിക്കെതിരേ അദ്ദേഹത്തിന്റെ സഹോദരന്‍ ഹസന്‍ ഖസ്‌റജി നല്‍കിയ കത്തിന്റെ പകര്‍പ്പും നദ്‌വി റോബര്‍ട്ടിനു കൈമാറി.
കേരളത്തിലുണ്ടെന്ന് പറയപ്പെടുന്ന കേശത്തെ കുറിച്ച് അന്വേഷിക്കാനും നേരില്‍ കാണുന്നതിനും കാരന്തൂര്‍ മര്‍കസില്‍ പോയെങ്കിലും സാധിച്ചില്ല. കാന്തപുരത്തിന്റെ പക്കലുള്ള മുടി വ്യാജമാണെന്നും മുടിപ്പള്ളിക്കു വേണ്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വിപുലമായ പണപ്പിരിവ് നടത്തിയത് എന്തിനായിരുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും ഇതുസംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി തന്റെ അടുത്ത പുസ്തകം താമസിയാതെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിവിധ മുസ്‌ലിം ചരിത്രതീര്‍ഥാടക കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിച്ച് അടുത്തയാഴ്ച റോബര്‍ട്ട് യു.എ.ഇ വഴി നാട്ടിലേക്കു മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."