'വൈദ്യുതിയില്ലാതെ വൈദ്യുത ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിക്കില്ല സര്‍'
ഗൂഡല്ലൂര്‍: സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത വൈദ്യുത ഗൃഹോപകരണങ്ങള്‍ പെട്ടിയില്‍ നിന്ന് പുറത്തിറക്കാനാകാതെ പത്തായിരത്തോളം കുടുംബങ്ങള്‍.
നീലഗിരി ജില്ലയിലെ ഓവാലി പഞ്ചായത്തിലെ സെക്ഷന്‍ 17 ഭൂമിയില്‍ തലമുറകളായി കഴിയുന്നവര്‍ക്കാണ് ഈ ദുര്‍ഗതി.
ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ഇല്ലാത്തതാണ് ഈ കുടുംബങ്ങള്‍ വിനയാകുന്നത്. ഇന്നും വൈദ്യുതി കിട്ടാക്കനിയായി പത്തായിരത്തോളം കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. നിലമ്പൂര്‍ കോവിലകത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറി തലമുറകളായി ജീവിച്ചു വരുന്നവരാണ് ഈ കുടുംബങ്ങള്‍.
എന്നാല്‍ 1987 മുതല്‍ കോവിലക്കാരില്‍ നിന്ന് ഈഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു സെക്ഷന്‍ 17 ഭൂമിയാക്കി. ഇതോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്.
ആദ്യകാലങ്ങളില്‍ ഈ ഭൂമിയില്‍ വീടുവച്ചവര്‍ക്ക് 2002-04 കാലഘട്ടങ്ങളില്‍ വൈദ്യുതി നല്‍കിയെങ്കിലും പിന്നീടാര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടില്ല.
സെക്ഷന്‍ 17 ഭൂമിയില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇവര്‍ക്ക് വൈദ്യുതി ലഭിക്കുന്നതിന് വിലക്കാകുന്നത്. തേയിലത്തോട്ടങ്ങളില്‍ നിന്നും പിരിഞ്ഞവരും അല്ലാത്തവരുമാണ് ഇവിടുത്തെ താമസക്കാര്‍. കഴിഞ്ഞദിവസം ഊട്ടിയില്‍ ആരംഭിച്ച ഫ്‌ളവര്‍ ഷോ ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി പഴനി സ്വാമിക്ക് ഗൂഡല്ലൂര്‍ കര്‍ഷകസംഘം ഇതു സംബന്ധിച്ചുള്ള നിവേദനം നല്‍കിയിരുന്നു.
പ്രശ്‌നം പഠിച്ച ശേഷം വൈദ്യുതി എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കര്‍ഷക സംഘവുമായി ചര്‍ച്ചക്കും അവസരമൊരുക്കുന്നുണ്ട്. വൈദ്യുതി വെളിച്ചം വീട്ടിലെത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."