മൊഫ്യൂസല്‍ സ്റ്റാന്‍ഡിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു
കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡില്‍ കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്റ്റാന്‍ഡിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു. മൊഫ്യൂസല്‍ സ്റ്റാന്‍ഡിനെ മാതൃകാ ബസ് സ്റ്റാന്‍ഡാക്കി മാറ്റുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. യാത്രക്കാര്‍ക്കു നടക്കാനാകാത്തവിധം അനധികൃത കച്ചവടങ്ങള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു കച്ചവടക്കാരെ ഒഴിപ്പിച്ചത്.
കോര്‍പറേഷനു കീഴിലുള്ള ബസ് സ്റ്റാന്‍ഡിലെ വാടകമുറികളില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തി. കടകള്‍ക്ക് ലൈസന്‍സില്‍ അനുവദിച്ചതിനേക്കാളും കൂടുതല്‍ സ്ഥലം കൈയേറിയാണു കച്ചവടം നടത്തുന്നതെന്നു പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇവര്‍ക്കു കൈയേറിയ സ്ഥലം ഒഴിവാക്കി കച്ചവടം ചെയ്യാന്‍ നിര്‍ദേശം നല്കി. നിര്‍ദേശം പാലിക്കാതെ വീണ്ടും കച്ചവടം തുടര്‍ന്നാല്‍ കൈയേറിയ സ്ഥലത്തു വയ്ക്കുന്ന കച്ചവട സാധനങ്ങള്‍ പിടിച്ചെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്കി.
കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.വി ബാബുരാജിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കമ്മിറ്റി അംഗങ്ങളായ കൗണ്‍സിലര്‍ സത്യന്, എം. മൊയ്തീന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ശിവദാസ്, പി. അബ്ദുല്‍ ഖാദര്‍, ജെ.എച്ച്.ഐമാരായ ടി. രാജേന്ദ്രന്, ബിജു ജയറാം എന്നിവരടങ്ങിയ സ്ക്വാഡാണു പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പുതിയ ബസ് സ്റ്റാന്‍ഡില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."