വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ സെന്ററുകളുടെ അംഗീകാരം; സൗദി മന്ത്രിതല ഉപസമിതിയെ നിയോഗിച്ചു
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യയിലേക്ക് വരുന്ന തൊഴിലാളികളെ ആരോഗ്യ പരിശോധന നടത്തുന്ന മെഡിക്കല്‍ സെന്ററുകള്‍ക്കുള്ള അംഗീകാരം നല്‍കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സൗദി അറേബ്യ മന്ത്രിതല ഉപസമിതിയെ നിയോഗിച്ചു. വിദേശം, ആഭ്യന്തരം, ആരോഗ്യം, തൊഴില്‍ വകുപ്പുകളില്‍ നിന്നുള്ള രണ്ട് വീതം പ്രതിനിധികള്‍ ഉപസമിതിയിലുണ്ടാവും. നാഷണല്‍ സെക്യൂരിറ്റി, രഹസ്യാന്യോഷണ വിഭാഗങ്ങളില്‍ നിന്നും രണ്ട് പ്രതിനിധികളെ വീതം സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ വകുപ്പിന് കീഴിലായിരിക്കും ഈ സ്ഥിരം സമിതിയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുക.
സൗദിയിലെത്തുന്നവര്‍ സാംക്രമിക രോഗം പിടിപ്പെട്ടവരല്ലെന്ന് തെളിയിക്കേണ്ടത് അതത് രാജ്യങ്ങളിലെ അംഗീകാരമുള്ള മെഡിക്കല്‍ സെന്ററുകള്‍ വഴിയാണ്. സൗദി ആരോഗ്യ വിദേശകാര്യ മന്ത്രാലയങ്ങളുടെ അംഗീകാരം ഈ സ്ഥാപനങ്ങള്‍ നേരത്തെ നേടിയിട്ടുണ്ടാവും. എച്ച്.ഐ.വി , ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങി ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കപ്പെട്ട ടെസ്റ്റുകളിലെല്ലാം അപേക്ഷകന്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമെ സൗദി വിസ സ്റ്റാംപ് ചെയ്യുകയുള്ളൂ.
അതെ സമയം ഇവിടെയെത്തിയതിന് ശേഷം മെഡിക്കല്‍ പരിശോധനയിലും തൊഴിലാളി ഫിറ്റ്‌നസ് തെളിയിക്കണം. ശേഷമാണ് ഇഖാമ അനുവദിക്കുക. ഇതില്‍ മാരകരോഗങ്ങള്‍ കണ്ടെത്തുന്നവരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. മെഡിക്കല്‍ സ്ഥാപനങ്ങളെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിസഭ ഈയൊരു തീരുമാനം കൈകൊണ്ടത്. ജി.സി.സി രാഷ്ട്രങ്ങളൊഴികെയുള്ള മുഴുവന്‍ വിദേശ രാജ്യങ്ങളുടെയും മെഡിക്കല്‍ സെന്ററുകള്‍ സംബന്ധമായ തീരുമാനം ഈ സമിതിയായിരിക്കും കൈകാര്യം ചെയ്യുക. മൂന്ന് മാസത്തിനകം സമിതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതും ഇനി മുതല്‍ പുതിയ സമിതിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തൊണ്ണൂറ് ലക്ഷത്തോളം വിദേശികള്‍ സൗദി അറേബ്യയില്‍ വിവിധ തസ്തികളിലായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏകദേശം 30 ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."