കാനയുടെ സ്ലാബ് തകര്‍ന്നു: അപകടം വര്‍ധിക്കുന്നതായി പരാതി
പെരുമ്പാവൂര്‍: എ.എം റോഡിന് സമീപത്തെ കാനക്ക് മുകളിലെ സ്ലാബ് തകര്‍ന്നിട്ട് അപകടം വര്‍ധിക്കുന്നതായി പരാതി. സാന്‍ജോ ആശുപത്രിക്ക് എതിര്‍ വശത്തെ ഐ.സി.ഐ.സി ബാങ്കിന്റെ എ.ടി.എമ്മിനും വ്യാപാര സമുച്ചയത്തിന് മുന്നിലുമുള്ള കാനക്ക് മുകളിലെ സ്ലാബാണ് തകര്‍ന്ന് കിടക്കുന്നത്. ഇതിന്റെ വിടവില്‍ ചാടി നിരവധി കാല്‍നട യാത്രക്കാരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെടുന്നവരിലധികവും രാത്രി കാലങ്ങളില്‍ എ.ടി.എമ്മിലെത്തുവരാണ്. ഇത് സംബന്ധിച്ച് സമീപത്തെ വ്യാപാരികള്‍ നഗരസഭയില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. നിരവധി വ്യാപര സ്ഥാപനങ്ങളുള്ള സമുച്ചയത്തിലേക്ക് കാനക്ക് മുകളിലൂടെ വേണം പ്രവേശിക്കാന്‍.
സ്ലാബ് തകര്‍ന്ന് കിടക്കുന്നത് സമുച്ചയത്തിലേക്കും എ.ടി.എമ്മിലും എത്തുവരുടെ ശ്രദ്ധയില്‍ പതിയുന്നില്ല. കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുന്ന നടപ്പാത കൂടിയാണിത്. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ കൂട്ടമായി സഞ്ചരിക്കുന്നതും കാനക്ക് മുകളിലൂടെയാണ്. അശ്രദ്ധയുണ്ടായാല്‍ ഇവിടെ അപകടം ഉറപ്പാണ്. വ്യാപാരികള്‍ പണം മുടക്കി ആറ് മാസം മുമ്പ് പുതിയ സ്ലാബ് ഇട്ടിരുന്നു. എന്നാല്‍ ഭാര വാഹനം കയറി അത് തകര്‍ന്ന് പോയി. ഇതിന് ശേഷമാണ് ശാശ്വത സംവിധാനം ഒരുക്കി കാന മൂടണമെവാശ്യപ്പെട്ട് പരാതി നല്‍കിയത്. എന്നാല്‍ പ്ലാസ്റ്റിക് പേപ്പറും പട്ടിക കഷണങ്ങളും നിരത്തി അപകടമുന്നറിയിപ്പില്ലാതെ ഇപ്പോള്‍ കാന മൂടിയിട്ടിരിക്കുകയാണ്. നഗര മധ്യത്തില്‍ പല ഭാഗങ്ങളിലും സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നുണ്ട്. എന്നാല്‍ വലിയ അപകടം പതിയിരിക്കുന്നത് സാന്‍ജോക്ക് മുന്നിലുള്ളതാണ്. അടിയന്തിരമായി ഇതിന് പരിഹാരം കാണണമെന്നാണ് വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."