നവകേരള നിര്‍മിതിക്കായി കുടുംബശ്രീയും
പാലക്കാട്: പ്രളയാനന്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ കേരളം സൃഷ്ടിക്കുന്നതിനും നിക്ഷേപം സ്വരൂപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ ജനകീയ വില്‍പ്പന കുടുംബശ്രീ ഏറ്റെടുത്തിരിക്കുകയാണ്. നവകേരള ലോട്ടറി പരമാവധി വിറ്റഴിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട് കുടുംബശ്രീ. നവകേരള ഭാഗ്യക്കുറിയുടെ പ്രചരണം എറ്റെടുത്ത് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ശക്തി പകരാനൊരുങ്ങുകയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ തിയ്യറ്റര്‍ ഗ്രൂപ്പായ രംഗശ്രീ.
സ്ത്രീ ശാക്തീകരണ മേഖലയിലും സാംസ്‌കാരിക രംഗത്തും സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന രംഗശ്രീ തിയ്യറ്റര്‍ സംഘം പ്രചരണനാടകത്തിന്റെ പണിപ്പുരയിലാണ്. കുടുംബശ്രീയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സംസ്ഥാനതല കലോത്സവത്തില്‍ മികച്ച നടിയായ ലത മോഹന്റെ നേതൃത്വത്തില്‍ ഒന്‍പതംഗ വനിതാസംഘമാണ് ജില്ലയിലുടനീളം തെരുവ് നാടകം അവതരിപ്പിക്കുക. നാടകരചന നിര്‍വഹിച്ചതും രംഗഭാഷ്യമൊരുക്കുന്നതുമെല്ലാം ഈ വനിതകള്‍ തന്നെയാണ്.
കുറഞ്ഞ കാലംകൊണ്ട് വിവിധ വകുപ്പുകള്‍ക്ക് വേണ്ടി നിരവധി പ്രചരണ നാടകങ്ങള്‍ അവതരിപ്പിച്ചതിന്റെ അനുഭവകരുത്തുമായാണ് രംഗശ്രീ നവകേരള സൃഷ്ടിക്കായി തെരുവിലിറങ്ങുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാചരണത്തിന്റെ പ്രചരണത്തിന് ആട്ടവും പാട്ടും നാടകവുമായി പാലക്കാടിന്റെ തെരുവുണര്‍ത്തിയതും രംഗശ്രീ തിയ്യറ്റര്‍ ഗ്രൂപ്പാണ്. ലോട്ടറി വകുപ്പിന്റെ ധനസഹായത്തോടെ രണ്ടു ദിവസങ്ങളിലായാണ് നവകേരള ഭാഗ്യക്കുറിയുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് തെരുവ് നാടകം അവതരിപ്പിക്കുക.
സെപ്റ്റംബര്‍ 28,29 തിയതികളിലായി വടക്കഞ്ചേരി, ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട് സ്റ്റേഡിയം സ്റ്റാന്റ്, ഒലവക്കോട് ജങ്ഷന്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളില്‍ രംഗശ്രീ നാടകം അവതരിപ്പിക്കും. കേരള ജനതയൊന്നാകെ ഒറ്റക്കെട്ടായി പ്രളയദിനങ്ങളെ നേരിട്ടതും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നാളുകളും നവകേരള സൃഷ്ടിയുടെ പ്രാധാന്യവും പ്രതിഫലിക്കുന്നതാണ് നാടകം. നാടകാവതരണത്തിനിടെ നവകേരള ഭാഗ്യക്കുറിയുടെ വില്‍പനയ്ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."