മലയാളി തണലില്‍ പ്രതീക്ഷയോടെ റിയോയിലേക്ക്
ചെറുപുഴ: റിയോ ഒളിംപിക്സില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ മെഡല്‍ പ്രതീക്ഷകളുമായി ട്രാക്കിലിറങ്ങുന്ന ഇന്ത്യന്‍ അത്ലറ്റിക് ടീമിന് കരുത്തുപകരാന്‍ പരിശീലകനായി പാടിയോട്ടുചാല്‍ സ്വദേശി. ഇന്ത്യന്‍ അത്ലറ്റിക് കോച്ച് പാടിയോട്ടുചാല്‍ തട്ടുമ്മല്‍ സ്വദേശിയായ എന്‍.എ മുഹമ്മദ്കുഞ്ഞിയാണ് ഇന്ത്യന്‍ സംഘത്തിനൊപ്പമുള്ളത്. ആര്‍മി സിഗ്നല്‍സില്‍ സുബേദാറായ മുഹമ്മദ്കുഞ്ഞി വര്‍ഷങ്ങളായി ടീമിന്റെ പരിശീലകനാണ്.
റിയോ ഒളിംപിക്സിന് യോഗ്യത നേടിയ പുരുഷ, വനിതാ റിലേ ടീമുകളെയാണ് മുഹമ്മദ്കുഞ്ഞി പരിശീലിപ്പിക്കുന്നത്. റിലേ ടീമിലെ പി കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, എ ധരുണ്‍, അരോക്യ രാജീവ് എന്നിവരും വനിതാ റിലേ ടീമിനെ നയിക്കുന്ന കര്‍ണാടകത്തിന്റെ എം.ആര് പൂവമ്മയും മുഹമ്മദ്കുഞ്ഞിയുടെ ശിഷ്യരാണ്. ഒളിംപിക് മെഡല്‍ ലക്ഷ്യമിട്ട് വിദേശ മൈതാനങ്ങളിലും മുഹമ്മദ്കുഞ്ഞി ഉള്‍പ്പെട്ട സംഘം ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. തുര്‍ക്കിയിലെ അന്റാലിയയില്‍ 2015 ഒക്ടോബര്‍ മുതല്‍ 65 ദിവസമായിരുന്നു പരിശീലനം. നിരവധി അന്തര്‍ദേശീയ മത്സരങ്ങളില്‍ മുഹമ്മദ്കുഞ്ഞി പരിശീലകനായെത്തിയിട്ടുണ്ട്. തായ്ലന്റില് നടന്ന ഏഷ്യന്‍ അത്ലറ്റിക് ഗ്രാന്‍ഡ് പ്രീ സീരിസ്, ചൈനയിലെ വുഹാനില്‍ അവസാനിച്ച ഏഷ്യന്‍ അത്ലറ്റിക്സ് മീറ്റ്, ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ ഇന്ത്യന്‍ ടീമിന്റെ സ്പ്രിന്റ് വിഭാഗം കോച്ചായിരുന്നു. ഒളിംപിക്സ് ടീമിനൊപ്പം ചേരാന്‍ മുഹമ്മദ്കുഞ്ഞി ബുധനാഴ്ച വൈകിട്ട് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ടു. ദേശീയ മീറ്റില്‍ 200, 400 മീറ്റര്‍ മെഡല്‍ ജേതാവായിരുന്ന മുഹമ്മദ്കുഞ്ഞി സര്‍വിസസ് മീറ്റ് റെക്കോര്‍ഡിനും ഉടമയാണ്. പരിശീലന തിരക്കുകള്‍ ഒഴിഞ്ഞ് അവധിക്ക് നാട്ടിലെത്തുമ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും മുഹമ്മദ്കുഞ്ഞി സമയം കണ്ടെത്താറുണ്ട്. അതുകൊണ്ടുതന്നെ മുഹമ്മദ്കുഞ്ഞിയുടെ ശിഷ്യര്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും. ഭാര്യ: സമീറ. മക്കള്‍: മുംതാസ്, മുബഷീറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."