സെന്‍ട്രല്‍ മാര്‍ക്കറ്റ് രാത്രി സാമൂഹ്യദ്രോഹികളുടെ താവളം
കണ്ണൂര്‍: ഉദ്ഘാടനം ചെയ്തിട്ടും പൂര്‍ണ പ്രവര്‍ത്തന സജ്ജമാകാത്തതോടെ കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് രാത്രികാലങ്ങളില്‍ സാമൂഹ്യദ്രോഹികളുടെ താവളമായി മാറുന്നു. രാത്രിസമയങ്ങളില്‍ ഇവിടം വച്ച് സാമൂഹ്യവിരുദ്ധര്‍ ലഹരി ഉപയോഗിക്കുന്നതായും മദ്യപിക്കുന്നതുമായാണ് വ്യാപാരികളുടെ പരാതി. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കണ്ണൂര്‍ മാര്‍ക്കറ്റിലെ പ്രധാന കെട്ടിടമാണ് ഇതോടെ സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയത്.
ഒട്ടേറെ വ്യാപാരികള്‍ കച്ചവടം ചെയ്തിരുന്ന പഴയ മാര്‍ക്കറ്റ് പൊളിച്ചുനീക്കിയാണു പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടത്തിലെ 89 മുറികളില്‍ ലേലത്തില്‍ പോയത് ഒന്‍പതു മുറികള്‍ മാത്രമാണ്. 2012ലാണ് പഴയ മാര്‍ക്കറ്റ് കെട്ടിടം പൊളിക്കുന്നതിനായി വ്യാപാരികളെ ഒഴിപ്പിച്ചത്. പുതിയ മാര്‍ക്കറ്റ് കെട്ടിടം പൂര്‍ണസജ്ജമായ ഉടന്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു അന്നത്തെ നഗരസഭാ ഭരണസമിതി അറിയിച്ചിരുന്നതെന്നു വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ നിക്ഷേപ തുകയായി 12 ലക്ഷത്തോളം രൂപ ഒടുക്കേണ്ടിവരുമെന്നു കോര്പറേഷന് ആദ്യകാല വ്യാപാരികളെ അറിയിക്കുകയായിരുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ആദ്യനിലയില്‍ മത്സ്യവ്യാപാരമാണു നടക്കുന്നത്. രാത്രിസമയങ്ങളില്‍ മാര്‍ക്കറ്റ് പരിസരങ്ങളില്‍ ആളുകളും കുറയുന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് സഹായകമാകുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ അകംഭാഗങ്ങളില് നിന്നും ആര് എന്തു ചെയ്താലും പുറത്തുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ല. ഇവിടങ്ങളില്‍ വൈദ്യുതി തൂണുകളുമില്ല. ഏഴുമാസം മുന്‍പ് സെന്‍ട്രല്‍ മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."