ഐക്യത്തോടെ മുന്നണികള്‍; പൂരത്തിന്റെ നാട്ടില്‍ പ്രവചനാതീതം
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഐക്യമാണ് ഇത്തവണ എല്‍.ഡി.എഫിലും യു.ഡി.എഫിലുമുള്ളത്. അതു കൊണ്ട് തന്നെ ജില്ലാ പഞ്ചായത്ത് പിടിച്ചടക്കാനാകുമെന്ന് യു.ഡി.എഫും നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫും ഉറച്ച വിശ്വാസത്തിലാണ്. പലമേഖലയിലും സ്വാധീനമുള്ള ബി.ഡി.ജെ.എസുമായുള്ള തര്‍ക്കങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടാത്തത് ബി.ജെ.പിയുടെ നില വീണ്ടും പരുങ്ങലിലാക്കും. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതിനു ശേഷം ഒരിക്കല്‍ മാത്രമാണ് ഇടതിന് അടിതെറ്റിയത്. 2010ല്‍ ആകെ 29 സീറ്റില്‍ 17ഉം നേടിയാണ് യു.ഡി.എഫ് കന്നിവിജയം നേടിയത്. എന്നാല്‍ 2015ലെ തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് വീണ്ടും ചുവപ്പണിഞ്ഞു.
യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിനിറങ്ങിയതും കോണ്‍ഗ്രസിനുള്ളിലെ കാലുവാരല്‍ രാഷ്ട്രീയവുമാണ് 2015ല്‍ എല്‍.ഡി.എഫ് അട്ടിമറി വിജയം നേടാന്‍ കാരണമായത്. എന്നാല്‍ തര്‍ക്കങ്ങള്‍ക്ക് ഇടം കൊടുക്കാതെയാണ് ഇത്തവണ യു.ഡി.എഫ് ജില്ലാ പഞ്ചായത്തില്‍ മത്സര രംഗത്തുള്ളത്. കോര്‍പറേഷനിലും ചില പഞ്ചായത്തുകളിലും മുന്നണികള്‍ക്കുള്ളില്‍ പ്രതിസന്ധിയുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വിമതശല്യമുള്‍പ്പടെ യാതൊരു പ്രശ്‌നങ്ങളും പ്രത്യക്ഷത്തിലില്ല. പാലിയേക്കര ടോള്‍ വിഷയത്തില്‍ ഉള്‍പ്പടെ സജീവസാന്നിധ്യമായ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. പുത്തൂരില്‍ മത്സരിക്കുന്ന ടാജറ്റിനെ നേരിടാന്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ ജോസിനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത്. ആളൂരില്‍ മത്സരിക്കുന്ന മുന്‍ പഞ്ചായത്ത് അംഗം പി.കെ ഡേവിസാണ് സി.പി.എം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രധാനി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ ജനീഷാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാധാന്യം നല്‍കിയ സി.പി.എം പക്ഷേ നിലവിലെ പ്രസിഡന്റായിരുന്ന മേരി തോമസിന് സീറ്റ് നല്‍കിയില്ല.
ബി.ജെ.പി തീരദേശ ഡിവിഷനുകളില്‍ ആധിപത്യം കാണിക്കുമെന്ന് ഉറപ്പാണെങ്കിലും ജയിച്ചു കയറാന്‍ ഇടയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേടിയ വന്‍വിജയം തന്നെയാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."