ഭക്ഷണ വിതരണത്തിന്റെ മറവില്‍ മയക്കുമരുന്ന് കടത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ ഓഫിസും ഗോഡോണുകളും നിരീക്ഷിച്ചുവരികയാണ്. ഭക്ഷണവിതരണത്തിന്റെ മറവില്‍ ലഹരി പദാര്‍ഥങ്ങള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭക്ഷണവിതരണം നടത്തുന്ന ഡെലിവറി ബോയ്‌സിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇവര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍ എന്നിവയെല്ലാം രഹസ്യനിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റും മയക്കുമരുന്ന് വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണം ശക്തമാക്കും.
സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കേന്ദ്രങ്ങളില്‍ ലഹരിവില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നീട് ആ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല.
ഒരുകിലോഗ്രാമിന് താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നവര്‍ക്ക് എന്‍.ഡി.പി.എസ് ആക്റ്റ് പ്രകാരം ഉടന്‍ ജാമ്യംകിട്ടി പുറത്തുവരാന്‍ സാധിക്കുന്ന അവസ്ഥയുണ്ട്. ഈ ആക്റ്റ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ നിരവധിതവണ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പെണ്‍കുട്ടികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ലഹരിയുടെ ഉറവിടം കണ്ടെത്തി അതിന്റെ വേരറുക്കണം. ഇതുമായി ബന്ധപ്പെട്ട് ചില പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."