"കാണി മരഞണ്ട്" ..... അഗസ്ത്യവനത്തിലെ അപൂര്‍വ ജീവിക്ക് ലഭിച്ചത് ആദിവാസി സമൂഹത്തിന്റെ പേര്
നെയ്യാര്‍ : അഗസ്ത്യവനത്തില്‍ നിന്ന് കണ്ടെത്തിയ അപൂര്‍വ ജീവിയ്ക്ക് ശാസ്ത്രസമൂഹം നല്‍കിയത് അതിനെ കണ്ടെത്താന്‍ സഹായിച്ച ആദിവാസി സമൂഹത്തിന്റെ പേര്. കാണിക്കാര്‍ എന്ന അഗസ്ത്യവനത്തിലെ ഗോത്രസമുദായത്തിന്റെ പേര് ലഭിച്ച കാണി മരഞണ്ട് ആണ് ഈ അപൂര്‍വ ജീവി. മരത്തില്‍ കാണുന്ന ഞണ്ടിനെക്കുറിച്ച് അമേരിക്ക ആസ്ഥാനമായുള്ള ശാസ്ത്ര സംഘടനയുടെ ജേര്‍ണല്‍ ഓഫ് ക്രൂസ്റ്റേഷ്യന്‍ ബയോളജി എന്ന മാസികയുടെ പുതിയ ലക്കത്തില്‍ റിപ്പോര്‍ട്ട് വന്നതോടെ ആഗോള സമൂഹവും കാണി മരഞണ്ടിനെ വരവേല്‍ക്കുകയാണ്. അഗസ്ത്യവനത്തിലെ കോട്ടൂര്‍ ചോനമ്പാറ ഭാഗത്തു നിന്നാണ് ഈ അപൂര്‍വ ജീവിയെ കണ്ടെത്തുന്നത്. ശുദ്ധജല ഞണ്ടുകളെ കണ്ടെത്തുന്നതിനായി രണ്ടു വര്‍ഷം മുന്‍പ് തുടങ്ങിയ ഗവേഷണ പര്യവേഷണ പര്യടനത്തിന് ഇടയ്ക്കാണ് മരഞണ്ടിനെ കാണുന്നത്.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ സഹായത്തോടെ കേരള സര്‍വകലാശാലയിലെ അക്വാറ്റിക്ക് ബയോളജിക്കല്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. അപ്പുകുട്ടന്‍നായര്‍ ബിജുകുമാറും സംഘവും കാട് അരിച്ചു പെറുക്കുന്നതിനിടെയാണ് അഗസ്ത്യമലയിലെ സഹായിയായി സംഘത്തില്‍ ചേര്‍ന്ന രാജന്‍കാണിയും മാത്തന്‍കാണിയും മരത്തില്‍ പറ്റി പിടിച്ചിരിക്കുന്ന ഒരു ജീവിയെ കുറിച്ച് ഇവരോട് പറയുന്നത്. ഏതാണ്ട് കറുത്ത നിറത്തില്‍ കാണുന്ന ഒരിനം. അങ്ങനെയാണ് ഇതിനെ സംഘം ശ്രദ്ധിച്ചത്. ഈര്‍പ്പം നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ വെള്ളത്തിന്റെ അംശം പേറുന്ന മരത്തില്‍ ആണ് ഞണ്ടിനെ കാണുന്നത്. മരത്തില്‍ കാണുന്ന ഞണ്ടിന് മരഞണ്ട് എന്ന പേരും നല്‍കി. എന്നാല്‍ ശാസ്ത്രസമൂഹം അതിന് ശ്രദ്ധേയമായ മറ്റൊരു നാമം നല്‍കി പരിഷ്‌ക്കരിച്ചു, കാണി മരഞണ്ട്. ജീവിയെ കണ്ടെത്തി ലോകത്തിന് കാണിച്ചു കൊടുത്തതിനുള്ള സമ്മാനം .
2016- സെപ്തംബര്‍ 5ന് പെണ്‍ഞണ്ടിനെയാണ് കണ്ടത്. പിന്നെ മാസങ്ങള്‍ നീണ്ട പര്യവേഷണത്തില്‍ ആണ്‍ഞണ്ടിനെയും കണ്ടെത്തി.
2017 ഏപ്രില്‍ ആറിന് ഇറങ്ങിയ ദി സയന്‍സ് ടൈം എന്ന വാരികയിലും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതോടെ കാണി മരഞണ്ട് ആഗോള പ്രശസ്തി നേടിയിരിക്കുകയാണ്. മഴക്കാടുകളില്‍ പ്രത്യേക ആവാസ വ്യവസ്ഥയില്‍ മാത്രം കാണപ്പെടുന്ന ഇത്തരം ജീവികള്‍ക്ക് നിലനില്‍ക്കാന്‍ അന്തരീക്ഷം ഇല്ലാതായി വരികയാണെന്നും ശാസ്ത്ര സമൂഹം വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."