30ഓളം മോഷണ കേസുകളിലെ പ്രതി പിടിയില്‍
മുക്കം: ക്ഷേത്ര ഭണ്ഡാരങ്ങളും കോവിലകങ്ങളും കടകളും കുത്തിത്തുറന്നു മോഷണം, വാഹന മോഷണം എന്നിവ പതിവാക്കിയ വയനാട് കല്‍പ്പറ്റ കോട്ടത്തറ സ്വദേശി തൊമ്മന്‍വളപ്പില്‍ ഹംസ (35) പൊലിസ് പിടിയിലായി.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വാഹന പരിശോധനയ്ക്കിടെയാണു മോഷ്ടിച്ച ബൈക്കുമായി ഇയാളെ തിരുവമ്പാടി കുരിശുപള്ളി ജങ്ഷനില്‍ താമരശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്. 30ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഹംസ.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഹംസ 25-ാം വയസില്‍ പഴയ സാധനങ്ങള്‍ മോഷ്ടിച്ചു വില്പന നടത്തിയാണു മോഷണം തുടങ്ങിയത്.
രണ്ടു തവണകളായി തിരൂര്‍ സബ് ജയിലില്‍ ഒന്‍പതു മാസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടേമുക്കാല്‍ വര്‍ഷവും തടവുശിക്ഷയനുഭവിച്ചിട്ടുണ്ട്. ഒരു തവണ പാലക്കാട് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്ന വഴിയില്‍ ഷൊര്‍ണൂരില്‍ വച്ച് ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃത്താല, ആലത്തൂര്‍, ചാലിശ്ശേരി, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, മുണ്ടൂര്‍ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ അരീക്കോട്, മഞ്ചേരി, എടവണ്ണപ്പാറ, വളാഞ്ചേരി സ്റ്റേഷനുകളിലും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി സ്റ്റേഷനുകളിലും കോഴിക്കോട് സിറ്റി, മാവൂര്‍, മെഡിക്കല്‍ കോളജ്, കുന്ദമംഗലം, മുക്കം എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. തിരുവമ്പാടി എസ്.ഐ സനല്‍രാജ്, എസ്.ഐ മോഹന്‍ദാസ്, എസ്.ഐ അഗസ്റ്റിന്, എ.എസ്.ഐ സുരേഷ്, സി.പി.ഒ രഞ്ജിത്ത്, സീനിയര്‍ സി.പി.ഒ സാജു, ജോസഫ് മാത്യു, സ്വപ്ന, ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ ഷിബില്‍ ജോസഫ്, റഷീദ്, ബിജു എന്നിവരടങ്ങിയ സംഘമാണ് ഹംസയെ പിടികൂടിയത്. ഇയാളുടെ ഭാര്യാപിതാവ് സലീം കുപ്രസിദ്ധ മോഷ്ടാവാണെന്നും ഇയാളുടെ കൂടെയാണു മോഷണം നടത്താറെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായതായി ഡിവൈ.എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."