ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കല്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍
നിലമ്പൂര്‍: ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിര്‍മിച്ച തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ 10 ദിവസം കൂടുതല്‍ സമയം ചോദിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി. തടയണ പൊളിക്കല്‍ പൂര്‍ത്തിയാക്കി അപകടം ഒഴിവാക്കിയെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്. അതേസമയം, തടയണ പൊളിക്കല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചതോടെ തടയണ പൊളിച്ചതിന്റെ വിശദ റിപ്പോര്‍ട്ട് ചൊവ്വാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കേസ് പരിഗണിച്ചപ്പോള്‍ വാട്ടര്‍ തീം പാര്‍ക്കിലെ വെള്ളം ഒഴിവാക്കിയെന്നായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ പറഞ്ഞത്. വാട്ടര്‍ തീം പാര്‍ക്കല്ല തടയണയുടെ കേസാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇതോടെ തടയണ പൊളിച്ച് വെള്ളം തുറന്നുവിട്ടെന്നും അപകടം ഒഴിവാക്കിയെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി നിലപാട് അറിയിച്ചത്. തടയണ പൂര്‍ണമായും പൊളിച്ചിട്ടില്ലെന്നും കോടതി പറഞ്ഞ ആറു മീറ്ററിനു പകരം നാലു മീറ്റര്‍ മാത്രമേ അടിത്തട്ടിലെ മണ്ണുമാറ്റിയുള്ളൂവെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. തടയണ പൊളിച്ചതിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടെങ്കിലും സ്റ്റേറ്റ് അറ്റോര്‍ണി മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചക്കകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
തടയണ പൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലാ കലക്ടറോട് 15 ദിവസത്തിനകം തടയണ പൊളിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ മാസം 14ന് ഉത്തരവിട്ടത്. അടിത്തട്ടില്‍ നാലു മീറ്ററായി വെള്ളം തുറന്നുവിടാന്‍ തുടങ്ങിയതോടെ ഹൈക്കോടതി അനുവദിച്ച 15 ദിവസത്തെ സമയപരിധി അവസാനിച്ചു.
ഇതോടെ 10 ദിവസം കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക്ക് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."