വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് പിടിയില്‍
തിരുവനന്തപുരം: മുക്കോലക്കല്‍ ക്ഷേത്രത്തിന് സമീപം വാടകയ്ക്കു താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ(45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പന്‍ തമിഴ്‌നാട്ടില്‍ പൊലിസ് പിടിയിലായി. അംബാസമുദ്രം പൊലിസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലിസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു. സംഭവത്തിനുശേഷം ഇയാള്‍ തമിഴ്‌നാട്ടിലെത്തിയതായി ബന്ധുവായ ഒരാളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അംബാസമുദ്രം പൊലിസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മാരിയപ്പനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കന്നിയമ്മാളിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും വീട്ടില്‍ പൊതുദര്‍ശനത്തിനുംശേഷം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ആദിത്യയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം ഭാര്യയെ കഴുത്തറുത്തു കൊന്ന മാരിയപ്പന് മാനസികരോഗമുണ്ടായിരുന്നതായാണ് സംഭവമറിഞ്ഞ് ശ്രീവരാഹത്തെ വീട്ടിലെത്തിയ കന്നിയമ്മയുടെ ബന്ധുക്കള്‍ പറയുന്നത്. രണ്ട് വര്‍ഷത്തിനിടെ പലപ്പോഴായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയതായി നാട്ടുകാര്‍ പറയുന്നു. പൊതുവേ സൗമ്യനായിരുന്ന മാരിയപ്പന്‍ പെട്ടെന്ന് അതിക്രൂരമായി ഭാര്യയെ കൊന്നത് വൈകിട്ട് കണ്ട സിനിമയുടെ രംഗങ്ങളില്‍ നിന്നാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസമായിരുന്ന ഇവര്‍ സിനിമയ്ക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊലപാതകമുണ്ടായത്. പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്‌നാട്ടില്‍നിന്ന് എത്തിയ ഇവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇളയ മകന്‍ മണികണ്ഠനൊപ്പമാണ് താമസം. നഗരത്തില്‍ പിസ വിതരണക്കാരനായ മണികണ്ഠന്‍ രാത്രി പതിനൊന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കന്നിയമ്മാളിനെ കണ്ടെത്തിയത്.
തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ട മണികണ്ഠന്‍ വീട്ടുടമസ്ഥനെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."