ബൈര്‍സ്റ്റോ മിന്നി; ഇംഗ്ലണ്ട് സെമിയില്‍
ഡേറം: ഇന്ത്യക്കെതിരേ എവിടെനിന്നു നിര്‍ത്തിയോ അവിടുന്നു തന്നെ ബൈര്‍സ്‌റ്റോ തുടങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി ബൈര്‍സ്റ്റോയും അര്‍ധ സെഞ്ചുറി നേടിയ ജേസണ്‍റോയിയും വീണ്ടും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ വീണ്ടും മുന്നൂറു കടന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും കുറിച്ചത് 123 റണ്‍സ്. 99 പന്തില്‍ 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 106 റണ്‍സ് നേടിയ ബൈര്‍സ്റ്റോയും 60(61) റണ്‍സ് നേടിയ ജേസണ്‍ റോയിയും ഇംഗ്ലണ്ടിന് മികച്ച അടിത്തറയാണ് നല്‍കിയത്. ഒരു ഘട്ടത്തില്‍ 350 റണ്‍സിനു മുകളില്‍ പോകുമെന്നു തോന്നിച്ച ഇംഗ്ലണ്ട് സ്‌കോറിന് തടയിട്ടത് കിവീസ് ബൗളിര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകളാണ്. ഇരു ഓപണര്‍മാരും പുറത്തായതിനു ശേഷം ക്യാപ്റ്റന്‍ മോര്‍ഗനും(42), ജോ റൂട്ടിനും(24) മാത്രമേ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്നു വന്നവരെ നിലയുറപ്പിക്കാതെ കിവീസ് ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ എട്ടിന് 305. കിവീസിനായി ജെയിംസ് നീഷമും, ട്രെന്റ് ബൗള്‍ട്ടും, മാറ്റ് ഹെന്റിയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
306 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ കിവീസിന് തുടക്കം തന്നെ പാളി. ഹെന്റി നിക്കോളസ് ഗോള്‍ഡന്‍ ഡെക്കായും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എട്ടു റണ്‍സുമായും തുടക്കത്തില്‍ തന്നെ മടങ്ങി. 45 ഓവറില്‍ 186 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ ഔട്ടായി.
റണ്ണൗട്ടുകള്‍ നിര്‍ണായകമായി
മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന വില്യംസണ്‍- ടെയ്‌ലര്‍ സഖ്യം കിവീസിന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും, ഇരുവരുടേയും റണ്ണൗട്ടുകള്‍ വഴിത്തിരിവായി. ടെയ്‌ലറുടെ സ്‌ട്രെയിറ്റ് ഡ്രൈവിന് കൈവച്ച മാര്‍ക് വുഡിന് പിഴച്ചില്ല. പന്ത് നേരെ പോയിക്കൊണ്ടത് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ വിക്കറ്റിന്.
ക്രീസില്‍നിന്ന് പുറത്തിങ്ങിയ വില്യംസന്‍ ഔട്ട്. അനാവശ്യ റണ്ണിനു വേണ്ടി ഓടിയ ടെയ്‌ലറെ ആദില്‍ റാഷിദും റണ്ണൗട്ടില്‍ കുരുക്കിയതോടെ കിവികള്‍ പരുങ്ങലിലായി. കിവീസ് നിരയില്‍ 57 റണ്‍സുമായി ടോം ലാഥം പൊരുതിയെങ്കിലും തോല്‍വിഭാരം കുറയ്ക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിനു വേണ്ടി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. തോല്‍വിയോടു കൂടി പാകിസ്താന്റെ സെമി സാധ്യത മങ്ങി. നാളെ നടക്കുന്ന പാകിസ്താന്‍ - ബംഗ്ലാദേശ് മത്സരഫലം ആശ്രയിച്ചായിരിക്കും കിവീസിന്റെ സെമി പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."