മറഡോണ എന്ന മാന്ത്രികന്‍
ലോകം കണ്ട മികച്ച രണ്ടു പന്ത് കളിക്കാരില്‍ ബ്രസീലിന്റെ പെലെ ആയിരം ഗോളടിച്ച റെക്കോര്‍ഡോടെ എണ്‍പതാം വയസിലും ഹൃദ്രോഗത്തെ അതിജീവിച്ച് നമുക്കിടയില്‍ കഴിയുന്നു. എന്നാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോര്‍ ചെയ്ത കളിക്കാരന്‍ എന്ന ബഹുമതി നേടിയ അര്‍ജന്റീനയുടെ മറഡോണ കളിക്കളത്തില്‍ ഒരു യാത്രയയപ്പുപോലും കിട്ടാതെ കളിക്കളമില്ലാത്ത ലോകത്തേക്ക് യാത്രയായി.
തെക്കേ അമേരിക്കന്‍ രാഷ്ട്രമായ ക്യൂബയിലെ വിപ്ലവ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായിരുന്ന ഫിദല്‍ കാസ്‌ട്രോയുടെ ആരാധകനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഈ ഫുട്‌ബോള്‍ ഇതിഹാസം. കാസ്‌ട്രോ മരണപ്പെട്ട നവംബര്‍ 25ന് തന്നെ മറഡോണയും യാത്ര പറഞ്ഞു. കൊവിഡ് രോഗബാധയില്‍നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും ഹൃദയസ്തംഭനം ആ ജീവനെടുക്കുകയായിരുന്നു.
ഫുട്‌ബോള്‍ ഭ്രാന്തമാര്‍ 'ദൈവ'മെന്ന് വിളിച്ചാരാധിച്ചിരുന്ന മറഡോണയുടെ ജനനം 1960 ല്‍ അര്‍ജന്റീനയിലെ ഒരു കൊച്ചുകുടിലിലായിരുന്നു. ഒരു ഫാക്ടറി തൊഴിലാളിയുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു. കൊച്ചുകുട്ടിയേയും കൊണ്ട് ദേവാലയത്തില്‍ മാമോദീസക്ക് പോയ മാതാവ് ദെല്‍മാ സാല്‍വദോര്‍ അവനു വിളിപ്പേരിട്ടതും ദൈവം എന്നര്‍ഥമുള്ള എല്‍ഡിയസ് എന്നായിരുന്നുവത്രെ. അതെന്തുമാകട്ടെ, മാതാപിതാക്കള്‍ ആ പയ്യന് ചെറുപ്പത്തില്‍ തന്നെ ഒരു പന്ത് വാങ്ങിക്കൊടുത്തു. കട്ടിലില്‍ കിടക്കകരികെ ആ പന്ത് വെച്ചുകൊണ്ടായിരുന്നു ആ ബാലന്റെ ഉറക്കം.
പന്ത് കളി തലക്കുകയറിയ പയ്യന്‍ കാലുകൊണ്ടും തലകൊണ്ടും പന്ത് നിയന്ത്രിക്കുന്നതില്‍ മികവ് നേടി. 15 വയസ് തികയും മുന്‍പേ ബ്യൂണസ് അയേഴ്‌സിലെ ബൊക്കാ ജൂനിയര്‍ ടീമില്‍ മറഡോണ സ്ഥാനം നേടി. 16ാം വയസില്‍ ഹംഗറിക്കെതിരേ കളിക്കാന്‍ അവസരം ലഭിച്ചു. ജൂനിയര്‍ ലോകകപ്പ് നേടാന്‍ അര്‍ജന്റീനയെ തുണച്ച ഈ സ്‌ട്രൈക്കര്‍ക്ക് മികച്ച കളിക്കാരനുള്ള അവാര്‍ഡും ലഭിച്ചു. നൂറില്‍പ്പരം മത്സരങ്ങളിലായി 111 ഗോളുകള്‍ നേടിയ മറഡോണ 1986 ലെ ലോകകപ്പ് സീനിയര്‍ ടീമിന്റെ നായകനായി. മെക്‌സിക്കോയില്‍ ചെന്നു. പശ്ചിമ ജര്‍മ്മനിയെ തോല്‍പിച്ചു. രണ്ടാമതൊരിക്കല്‍ യൂള്‍ റിമേ കപ്പ് കരസ്ഥമാക്കുകയും ചെയ്തു.
അര്‍ജന്റീനക്കു പുറമെ ഇറ്റലിയിലും ക്ലബുകള്‍ക്ക് കളിച്ചുനടന്ന മറഡോണ ലോകകപ്പില്‍ നാലുതവണ അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 91 മത്സരങ്ങളില്‍ പങ്കെടുത്തു. 34 ഗോള്‍ സ്‌കോര്‍ ചെയ്തു. മെക്‌സിക്കോയില്‍ ലോകകപ്പ് വീണ്ടെടുത്ത വര്‍ഷവും അഞ്ച് ഗോളിന്റെ ഉടമയായിരുന്നു. ആ വകയില്‍ സുവര്‍ണ പാദുകത്തിനും അര്‍ഹനായി.
നാട്ടില്‍ ഏഴര ദശലക്ഷം ഡോളര്‍ വിലപിടിപ്പുള്ള കളിക്കാരനായിരുന്നു മറഡോണ. എന്നാല്‍ 1986ല്‍ മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലീഡ് നേടാനായി അദ്ദേഹം സ്‌കോര്‍ ചെയ്ത ഗോള്‍ വിവാദമായി. രണ്ടാം പകുതിയില്‍ ഉയര്‍ന്നുവന്ന പന്ത് പിടിക്കാന്‍ ആറടി പൊക്കമുള്ള ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടന്‍ ചാടിയതായിരുന്നു. എന്നാല്‍ ഒപ്പം ചാടിയ കുള്ളനായ മറഡോണ അത് കൈകൊണ്ട് വലയിലേക്ക് തട്ടിയിട്ടു എന്നതായിരുന്നു വിവാദം. അത് പക്ഷേ 'ദൈവത്തിന്റെ കൈയായിരുന്നു' എന്ന് പിന്നീട് വ്യാഖ്യാനമുണ്ടായി. അതേസമയം, ഈ കളിയില്‍ മിനിട്ടുകള്‍ക്കകം തന്നെ മറഡോണ ഈ നൂറ്റാണ്ടിലെ ഗോളെന്നു വിശേഷിപ്പിക്കപ്പെട്ട സ്‌കോറിങ്ങും നടത്തി. 60 വാര അകലെനിന്ന് കിട്ടിയ പന്തുമായി ഇംഗ്ലണ്ടിന്റെ അഞ്ച് ഡിഫന്റര്‍മാരെ വെട്ടിച്ചുകൊണ്ടായിരുന്നു ആ മുന്നേറ്റം. ഒടുവില്‍ ഗോള്‍കീപ്പര്‍ ഷില്‍ട്ടനെ കൂടി കീഴ്‌പ്പെടുത്തി മറഡോണ അഞ്ചാം ഗോള്‍ നേടിയതോടെ ലോകം വിധിയെഴുതി, ആദ്യത്തേത് ചെകുത്താന്റെ ഗോളാണെങ്കില്‍ ഇത് തികച്ചും ദൈവത്തിന്റെ ഗോള്‍ തന്നെ.
518 മത്സരങ്ങളിലായി 312 ഗോള്‍ നേടിയ ചരിത്രമുള്ള മറഡോണക്ക് പക്ഷേ കളിക്കളത്തില്‍നിന്ന് മാന്യമായ ഒരു യാത്രയയപ്പ് പോലും കിട്ടിയില്ല. കളിക്കാനാവാതെ പരുക്കന്‍ അടവുകള്‍ക്ക് വിധേയനാവുന്ന ഒരു സ്‌കീമര്‍- കം- സ്‌ട്രൈക്കറായിരുന്നു മറഡോണ. മെക്‌സിക്കയിലെ ലോകകപ്പില്‍ തന്നെ 53 തവണ അദ്ദേഹം ഫൗളിന് വിധേയനാവുകയുണ്ടായി. 1986 ല്‍ രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ മികച്ച കളിക്കാരാനായപ്പോഴും ഇതായിരുന്നു അനുഭവം.
ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ കെണിയില്‍പ്പെട്ട് മാസങ്ങളോളം സസ്‌പെന്‍ഷനില്‍ കഴിയേണ്ടി വന്ന മറഡോണക്ക് പക്ഷേ ആ പഴയ ഫോം വീണ്ടെടുക്കാനായില്ല. എന്നാല്‍ രാജ്യം അദ്ദേഹത്തെ പരിശീലകനായി നിയോഗിച്ചു. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ടീമിനെ 24 മത്സരങ്ങളില്‍ അദ്ദേഹം പരിശീലിപ്പിച്ചിറക്കിയിരുന്നു.
ലോകമെമ്പാടും ഫുട്‌ബോള്‍ പ്രേമികള്‍ ഇന്ന് വിഡിയോ സ്‌ക്രീനില്‍ പഴയ ആ ഇന്ദ്രജാലം കണ്ടാസ്വദിക്കാറുണ്ട്. കളിക്കാനായി വന്നില്ലെങ്കിലും കേരളമടക്കം ഇന്ത്യയിലും ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ മറഡോണക്ക് സാധിച്ചിട്ടുണ്ട്.
എട്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ കാണാനായി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. വായുവില്‍ കൈകളുയര്‍ത്തിയും ചുംബനങ്ങള്‍ അര്‍പ്പിച്ചും കണ്ണൂര്‍ സ്റ്റേഡിയത്തില്‍ ജന്മദിന കേക്ക് മുറിച്ചും എല്ലാവരെയും കൈയിലെടുത്തും തിരിച്ചുപോയ ആ ഫുട്‌ബോള്‍ ഇതിഹാസം ഇനി ഓര്‍മകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."