മെഗാ മെഡിക്കല്‍ ക്യാംപ് നാളെ
എരമല്ലൂര്‍: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ചേര്‍ത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാംപും ദുരിതാശ്വാസഫണ്ട് കൈമാറലും നടത്തുന്നു. നാളെ രാവിലെ ഒന്‍പതിന് ചന്തിരൂര്‍ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.
ചേര്‍ത്തല താലൂക്ക് ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് പി.പി മക്കാര്‍ ഹാജി അധ്യക്ഷനാകും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജസ്റ്റീസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷനാകും. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി, ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍, ചന്തിരൂര്‍ ലൈഫ് കെയര്‍ പോളിക്ലിനിക്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്.
രാവിലെ ഒന്‍പത് മുതലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ രോഗനിര്‍ണയം, വനിത മെഡിക്കല്‍ ക്യാംപ്, നേത്ര പരിശോധന, സൗജന്യ തിമിര ശസ്ത്രക്രിയ, ശ്രവണ-സംസാര വൈകല്യ പരിശോധന, ആസ്തമ, അലര്‍ജി, മറ്റ് ജീവിത ശൈലി രോഗ പരിശോധനകള്‍, ആരോഗ്യ സെമിനാര്‍ എന്നിവ നടക്കും.
മൂന്ന് ഭാഗങ്ങളായി നടക്കുന്ന ക്യാംപില്‍ ഇരുനൂറോളം പേര്‍ പങ്കെടുക്കും. ചികിത്സ ഏറ്റെടുത്ത് നടത്തുന്നതിനുള്ള പദ്ധതിയിട്ടുള്ളതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യും. ക്യാംപിനോടൊപ്പം ഹജ്ജ് കര്‍മം നടത്തി നാട്ടിലെത്തിയ ഹാജിമാരെ ആദരിക്കും. ജമാഅത്ത് കൗണ്‍സില്‍ ചേര്‍ത്തല താലൂക്ക് കമ്മിറ്റി സമാഹരിച്ച ദുരിതാശ്വാസഫണ്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്. സുഹാസിന് കൈമാറും.
ജില്ലാ പൊലിസ് ചീഫ് എസ്. സുരേന്ദ്രന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."