നീര്‍പ്പക്ഷികള്‍ കുറയുന്നതായി പഠനം
പൊന്നാനി: നീര്‍പ്പക്ഷികളുടെ താവളവും വൈവിധ്യവും കുറഞ്ഞു വരുന്നു. ഭാരതപ്പുഴയോട് ചേര്‍ന്ന കുറ്റിപ്പുറം, തിരുന്നാവായ, ചെമ്പിക്കല്‍ തുടങ്ങിയ ഭാഗങ്ങളിലും കോള്നിലങ്ങളോട് ചേര്‍ന്ന വളയംകുളം, ചങ്ങരംകുളം എന്നിവിടങ്ങളിലും നീര്‍പ്പക്ഷികളുടെ വൈവിധ്യവും താവളവും കുറയുന്നതായി ടോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പ്രദേശങ്ങളില്‍ മൂന്ന് വര്‍ഷം മുന്‍പ് 40 ഇനം പക്ഷികളുണ്ടായിരുന്നെങ്കില് ഈ വര്‍ഷമത് 20 ഇനമായി ചുരുങ്ങി.
നിര്‍മാണപ്രവര്‍ത്തനങ്ങളും പ്രളയവും മലിനീകരണവും കൊറ്റില്ലങ്ങള്‍ നശിപ്പിക്കുന്നതുമാണ് പക്ഷികളുടെ വൈവിധ്യം കുറയാന്‍ കാരണം. ചിന്നക്കുട്ടുറുവന്‍, കുയില്‍, ആനറാഞ്ചി, ഓലേഞ്ഞാലി, കാട്ടുമൈന, നാട്ടുമൈന തുടങ്ങിയവ ഭാരതപ്പുഴയോരത്തെ മരങ്ങളിലുണ്ട്. ചേരക്കോഴികളുടെ എണ്ണം വലിയ തോതില്‍ കുറയുന്നുണ്ട്.ചങ്ങരംകുളം, വളയംകുളം എന്നിവിടങ്ങളില്‍ നീര്‍ക്കാക്ക, ചേരക്കോഴി, കുളമുണ്ടി എന്നിവയാണ് കൂടുകൂട്ടിയിരിക്കുന്നത്. ചങ്ങരംകുളത്ത് ആഴ്ചകള്‍ക്ക് മുന്‍പ് പതിനേഴോളം മരങ്ങള്‍ വെട്ടുകയും മുന്നൂറോളം നീര്‍ക്കാക്കകള്‍ ചാവുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ചങ്ങരംകുളത്തും തൊട്ടടുത്ത് വളയംകുളത്തുമുള്ള നീര്‍പ്പക്ഷികളുടെ എണ്ണത്തില്‍ വലിയ കുറവുകളാണ് ഉണ്ടായിട്ടുള്ളത്. ഓരോ വര്‍ഷങ്ങളിലും കൊറ്റില്ലങ്ങളുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിന്റെ കുറവ് വരാറുണ്ട്. പ്രളയത്തിന് ശേഷം ഇതിന്റെ അളവില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."