ഉള്‍നാടന്‍ ജലാശയങ്ങളില്‍ അനധികൃത മീന്‍പിടിത്തം സജീവം
ചങ്ങരംകുളം: പൊന്നാനി കോള്‍പ്രദേശങ്ങളിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ അനധികൃത മീന്‍പിടിത്തം നടക്കുന്നതായി പരാതി. തുറുമ്പിട്ടും ശക്തിയേറിയ ടോര്‍ച്ച് പ്രകാശിപ്പിച്ചും പത്തായങ്ങള്‍ വച്ചുമൊക്കെയാണ് മീന്‍ പിടിത്തം. ഇതുമൂലം കരിമീന്‍, കണമ്പ് തുടങ്ങിയ മീനുകള്‍ വംശനാശം സംഭവിക്കുകയാണെന്നും പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍പരമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെന്നും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
നൂറടിത്തോട്, ബിയ്യം കെട്ട്, അയിലക്കാട്, നരണിപ്പുഴ, ഒതളൂര്‍ എന്നിവിടങ്ങളിലാണ് അനധികൃത മീന്‍പിടിത്തം വ്യാപകമായിട്ടുള്ളത്. പാരമ്പര്യ മത്സ്യത്തൊഴിലാളികളും അനധികൃതമായി മീന്‍ പിടിക്കുന്നവരും തമ്മില്‍ ജലാശയങ്ങളില്‍ സംഘട്ടനവും വാക്കുതര്‍ക്കങ്ങളും പതിവായിട്ടുണ്ട് . രാത്രി കരിമീനിന്റെ കണ്ണിലേക്ക് ശക്തിയേറിയ ടോര്‍ച്ച് പ്രകാശിപ്പിക്കുമ്പോള്‍ അത് ഇളകാതെ നില്‍ക്കും. ഈ തക്കത്തിന് കോരിയെടുക്കുന്ന രീതിയാണ് ഒരുകൂട്ടര്‍ ചെയ്യുന്നത്. മരക്കൊമ്പുകളും ഓലയും കായലില്‍ ഒരിടത്ത് കൂട്ടമായിട്ട് അതിലേക്ക് തീറ്റയിട്ട് മീനുകളെ ആകര്‍ഷിച്ച് ചുറ്റും വല കെട്ടി മീനുകളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്ന രീതിയാണ് തുറുമ്പ്. ഈ അനധികൃത മീന്‍പിടിത്തം കായലിലൂടെയുള്ള ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നതോടൊപ്പം സുഗമമായ ഒഴുക്കും തടസപ്പെടുത്തുന്നുവെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."