ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കവര്‍ച്ചയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. മഹാരാഷ്്ട്രയിലെ ഒരു കട കുത്തിത്തുറന്ന് കവര്‍ച്ചനടത്തിയ വന്‍ തുകയും മോഷ്ടിച്ച കാറുമായെത്തിയ സംഘമാണ് തൃശൂരില്‍ പൊലിസിന്റെ വലയിലായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കറങ്ങി മോഷണം നടത്തുന്ന സംഘം ഇതാദ്യമായാണ് കേരളത്തിലെത്തുന്നത്. നഗരത്തില്‍ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ കാറിനെ പിന്തുടര്‍ന്നാണ് പൊലിസും യാത്രക്കാരും ചേര്‍ന്ന് സംഘത്തിലെ രണ്ടുപേരെ പിടികൂടിയത്. മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മുക്കാല്‍മണിക്കൂറോളം പിടികൊടുക്കാതെ പാഞ്ഞ കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ശക്തന്‍സ്റ്റാന്‍ഡില്‍നിന്നും വണ്‍വേ തെറ്റിച്ച് പട്ടാളംറോഡ് വഴി എം.ഒ റോഡിലേക്ക് പ്രവേശിച്ച കാര്‍, അശ്രദ്ധവും അപകടകരവുമായി അമിതവേഗത്തില്‍ പാഞ്ഞതാണ് സംശയത്തിനിടയാക്കിയത്. എം.ഒ റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലിസുകാരന്‍ എം.ജെ. ജിജേഷ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ സ്വരാജ് റൗണ്ടിലേക്ക് കയറി. തൊട്ടുപുറകിലെത്തിയ ഓട്ടോറിക്ഷക്കാരന്‍ ജിജേഷിനെയും കയറ്റി കാറിനെ പിന്തുടര്‍ന്നു.
ട്രാഫിക് സ്റ്റേഷനില്‍നിന്നും ഫ്‌ളയിംഗ് സ്‌ക്വാഡും പുറപ്പെട്ടു. ഒടുവില്‍ പോട്ടയില്‍ ലൈന്‍ വഴി പൂത്തോളിലേക്ക് പ്രവേശിക്കുകയായിരുന്നു. പൂത്തോളില്‍ കാര്‍ തടയാന്‍ വാഹനങ്ങള്‍ കുറുകേയിട്ടതോടെ സമീപത്തെ ക്ഷേമനിധി ഓഫീസിലേക്ക് കയറിയ സംഘം പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങി. ഇതില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. മറ്റു രണ്ടുപേര്‍ സാധാരണ യാത്രക്കാരുടെ മട്ടില്‍ നടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ഫ്‌ളയിംഗ് സ്‌ക്വാഡും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും പിടികൂടി.കാറില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ രണ്ടു വ്യാജ നമ്പര്‍ പ്ലേറ്റുകളും ഏതാനും ആയുധങ്ങളും കണ്ടെടുത്തു. ഗോവന്‍ രജിസ്‌ട്രേഷനിലുള്ള രേഖകളാണ് കാറിനുള്ളില്‍നിന്നും കണ്ടെടുത്തത്. നമ്പര്‍പ്ലേറ്റ് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതുമാണ്. തൃശൂരില്‍ സ്വര്‍ണക്കവര്‍ച്ച നടത്താന്‍ എത്തിയവരാണെന്നു ചോദ്യംചെയ്യലില്‍ വ്യക്തമായി. സംഘത്തില്‍ ആകെ 10 പേരാണ് ഉള്ളത്. ഇവരില്‍ നാലുപേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. മറ്റു സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."