കള്ളാടി രതീഷ് വധം ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കല്‍പ്പറ്റ: മേപ്പാടി കള്ളാടി മീനാക്ഷിക്കുന്ന് ബാലസുബ്രഹ്മണ്യന്റെ മകന്‍ രതീഷിനെ(24) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കള്ളാടി സ്വദേശി നാഗരത്‌നത്തെയാണ്(36) ജില്ലാ അഡിഷനല്‍ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി ഇ അയ്യൂബ്ഖാന്‍ ശിക്ഷിച്ചത്. പ്രതി പിഴ ഒടുക്കിയാല്‍ കൊല്ലപ്പെട്ട രതീഷ്‌കുമാറിന്റെ മാതാപിതാക്കള്‍ക്ക് 50,000 രൂപ വീതം നല്‍കണമെന്ന് കോടതി ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് അധികം അനുഭവിക്കണം.
2010 മെയ് 29ന് രാത്രി പത്തോടെ കള്ളാടിയിലാണ് കേസിന് ആസ്പദമായ സംഭവം.
നാഗരത്‌നത്തിന്റെ ജ്യേഷ്ഠന്റെ ആടുകള്‍ രതീഷ്‌കുമാറിന്റെ കൃഷിയിടത്തിലിറങ്ങി വിളവുകള്‍ നശിപ്പിക്കുകയും തുടര്‍ന്ന് അവയെ കാണാതാകുകയും ചെയ്തിരുന്നു. ആടുകളെ രതീഷ്‌കുമാര്‍ കൊന്നുവെന്ന സംശയത്തില്‍ ഉണ്ടായ വിരോധമാണ് നാഗരത്‌നത്തെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്.
തലങ്ങും വിലങ്ങും വെട്ടേറ്റ രതീഷ്‌കുമാറിന്റെ മൃതദേഹത്തില്‍ 45 പരിക്കുകളാണ് ഉണ്ടായിരുന്നത്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ച കോടതി 29 തെളിവുകളും എട്ട് തൊണ്ടി മുതലുകളും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വി തോമസ്, എ.യു സുരേഷ്‌കുമാര്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."