പ്രളയത്തില്‍ നശിച്ചത് 1,254 കോടിയുടെ സുഗന്ധവിളകള്‍
കോഴിക്കോട്: പ്രളയം സംസ്ഥാനത്തുണ്ടാക്കിയത് 1,254 കോടി രൂപയുടെ സുഗന്ധവിളകളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ഡയരക്ടര്‍ ഡോ.കെ നിര്‍മല്‍ബാബു, ക്രോപ് പ്രൊട്ടക്ഷന്‍ മേധാവി ഡോ. സന്തോഷ് ജെ. ഈപ്പന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ലഭിക്കേണ്ടിയിരുന്ന 25,238 ടണ്‍ സുഗന്ധവിളകളാണ് പ്രളയത്തില്‍ നശിച്ചത്. പ്രളയത്തില്‍ നിന്ന് സുഗന്ധവിള രംഗം പൂര്‍വസ്ഥിതിയിലാകാന്‍ അഞ്ചു വര്‍ഷമെങ്കിലും എടുക്കും.
സംസ്ഥാനത്ത് 1,62,660 ഹെക്ടറിലായി 1,40,000 ടണ്‍ സുഗന്ധവിളകളാണ് കൃഷിചെയ്യുന്നത്. ഇതില്‍ 58,379 ഹെക്ടറിലെ വിളകളെ പ്രളയം ബാധിച്ചു. ഏകദേശം 30 ശതമാനം വിളനാശമാണ് സംഭവിച്ചത്. 26,614 ഹെക്ടറിലെ കുരുമുളക് കൃഷിയെ പ്രളയം ബാധിച്ചതോടെ 10,700 ടണ്‍ ഉല്‍പാദനമാണ് അടുത്ത വര്‍ഷം നമുക്ക് നഷ്ടമാകുക. ഇപ്പോഴത്തെ വിലയനുസരിച്ച് 402.7 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 25,755 ഹെക്ടറിലെ ഏലം കൃഷി നശിച്ചതിലൂടെ 6,600 ടണ്‍ ഏലത്തിന്റെ ഉല്‍പാദനക്കുറവാണ് ഉണ്ടാകുക. 679.5 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. ഇടുക്കി, വയനാട് ജില്ലകളിലാണ് പ്രളയം മൂലം പ്രധാന കൃഷിനാശമുണ്ടായത്. ഇവിടങ്ങളില്‍ 62 ശതമാനം സുഗന്ധവിളകളും നശിച്ചു. ഏലം,കുരുമുളക് എന്നിവയാണ് ഇടുക്കിയില്‍ പ്രധാനമായും നശിച്ചത്. വയനാട്ടില്‍ ഇഞ്ചി, കുരുമുളക് കൃഷിയില്‍ വ്യാപക നഷ്ടമുണ്ടായി. ജാതികൃഷിയില്‍ ഏറ്റവും നഷ്ടമുണ്ടായത് തൃശൂര്‍,എറണാകുളം ജില്ലകളിലാണ്.
ഏഴ് വര്‍ഷവും അതില്‍ കൂടുതലും പ്രായമുള്ള വിളകളാണ് നശിച്ചതെന്നും പെട്ടെന്ന് കായ്ക്കുന്ന തൈകള്‍ നടുകയാണ് ഇതിനു പരിഹാരമെന്നും പരമ്പരാഗത രീതിയ്ക്കു പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും സര്‍വേ റിപ്പോര്‍ട്ട് വിശദീകരിക്കവെ ശാസ്ത്രജ്ഞന്‍ ഡോ. ലിജോ തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."