ഫാബ്രിക്കേഷന്‍ കട തീവച്ച് നശിപ്പിക്കാന്‍ ശ്രമം
വെട്ടത്തൂര്‍: രാത്രിയുടെ മറവില്‍ ഫാബ്രിക്കേഷന്‍ കമ്പനി തീവച്ചു നശിപ്പിക്കാന്‍ ശ്രമം. വെട്ടത്തൂര്‍ കവലയില്‍ വള്ളിയാംതടത്തില്‍ ജോമോന്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള എക്‌സലന്റ് അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയാണ് സാമൂഹ്യവിരുദ്ധര്‍ തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ഓടിട്ടുമേഞ്ഞ കെട്ടിടത്തിന്റെ മൂന്നു മുറികളിലുമായാണ് അജഞാതസംഘം തീവെച്ചത്.
മണ്ണാര്‍ക്കാട് ഹോട്ടല്‍ വ്യാപാരം നടത്തുന്ന ജോമോന്റെ സുഹൃത്തുക്കള്‍ കടയടച്ച് തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് പോകുംവഴിയാണ് ഫ്രാബിക്കേഷന്‍ കമ്പനിയില്‍ തീകത്തുന്നതായി കണ്ടത്. ഉടനെ തന്നെ ജോമോനെ വിവിരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഇദ്ദേഹവും കൂട്ടുകാരും ചേര്‍ന്നാണ് പിന്നീട് തീയണച്ചത്. അടച്ചിട്ട കടയുടെ വാതില്‍ പലകകളില്‍ പെട്രോള്‍ ഉള്‍പ്പെടെയുള്ളവ ഒഴിച്ചാണ് തീയിട്ടെതെന്നാണ് സംശയിക്കുന്നത്. വൈദ്യുതിഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ലക്ഷണമൊന്നും കാണപ്പെട്ടില്ല. കടക്കകത്തുള്ള മിക്ക സാധനങ്ങളും വാതില്‍ പലകകളും കത്തിനശിച്ചിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി ജോമോന്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കാപ്പ് വെട്ടത്തൂര്‍ യൂനിറ്റ് കമ്മിറ്റിയും കടയുടമയും പൊലിസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് മലപ്പുറത്തു നിന്നുള്ള ഫോറന്‍സിക് വിദഗ്ധരും മേലാറ്റൂര്‍ പൊലിസും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.
20 വര്‍ഷത്തോളമായി ഫ്രാബിക്കേഷന്‍ ജോലി ചെയ്തുവരുന്ന ജോമോന്‍ വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ടി അന്നമ്മ ഏലിയാസ് മോളിയുടെ മകനാണ്.
വെട്ടത്തൂര്‍ കവലയിലെ എക്‌സലന്റ് കമ്പനിക്കു കീഴില്‍ കാപ്പ് സ്‌കൂളില്‍പടിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളും ഇദ്ദേഹത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."