ചുവന്ന തുണിയില്‍പ്പൊതിഞ്ഞ് ബജറ്റ്
ന്യൂഡല്‍ഹി: ബജറ്റ് രേഖകള്‍ ബ്രീഫ് കെയ്‌സില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരികയെന്ന പഴയ രീതി മാറ്റി ധനമന്ത്രി നിര്‍മല സീതാരാമന്‍. അശോക സ്തംഭം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് നിര്‍മല സീതാരാമന്‍ ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നത്.
അതീവ രഹസ്യമായി നടന്ന ബജറ്റ് തയാറാക്കലിനും അച്ചടിക്കും ശേഷം ധനമന്ത്രാലയത്തിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ക്കും സഹമന്ത്രി അനുരാഗ് ഠാക്കൂറിനുമൊപ്പം നിര്‍മല ഫോട്ടോയ്ക്ക് പോസ് ചെയ്തു. മുന്‍ കാലങ്ങളിലെല്ലാം ഈ വേളയില്‍ ധനമന്ത്രി തുകല്‍ ബാഗ് ഉയര്‍ത്തിക്കാണിക്കാറാണ് പതിവെങ്കിലും ഇത്തവണ നിര്‍മല സീതാരാമന്‍ കൈപ്പിടിയിലൊതുക്കിയ ചുവന്ന തുണിപ്പൊതിയായിട്ടാണ് എത്തിയത്.
ഇതിനോട് യോജിച്ച മജന്ത നിറത്തിലുള്ള സാരിയായിരുന്നു നിര്‍മല അണിഞ്ഞിരുന്നതും.
ധനമന്ത്രാലയത്തില്‍നിന്ന് നേരെ രാഷ്ട്രപതി ഭവനിലേക്ക് പോയ നിര്‍മല ബജറ്റ് അവതരണത്തിന് പ്രഥമ പൗരന്‍ രാംനാഥ് കോവിന്ദിന്റെ അനുമതി നേടി. തുടര്‍ന്ന് പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനെത്തി ബജറ്റിന് അംഗീകാരം നേടി. തുടര്‍ന്ന് പതിനൊന്ന് മണിയോടെ പാര്‍ലമെന്റില്‍ ബജറ്റ് അവതരണത്തിലേക്ക് കടന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രി ആര്‍.കെ ഷണ്‍മുഖം ഷെട്ടി മുതല്‍ ഒന്നാം മോദി സര്‍ക്കാരിലെ അരുണ്‍ ജയ്റ്റ്‌ലി വരെ ബ്രീഫ്‌കെയ്‌സിലാണ് ബജറ്റ് രേഖകള്‍ പാര്‍ലമെന്റിലേക്ക് കൊണ്ടു വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."