മന്ദിര്‍ വഹി ബനായേന്‍ഗെ
പത്തു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. യൂനിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയയില്‍ എന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട് 'മതം, അധികാരം, പ്രാതിനിത്യം: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം' എന്ന പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചതിനാലാണ് ഈ യാത്ര തരപ്പെട്ടത്.
തുടക്കത്തില്‍, പ്രബന്ധം അവതരിപ്പിച്ച് മൂന്ന് ദിവസത്തിനകം നാട് പിടിക്കുക എന്നുള്ളതായിരുന്നു പ്ലാന്‍. യാത്രക്കായുളള ഒരു ചെറിയ തുകയും മൂന്ന് ദിവസത്തെ താമസവുമാണ് കോണ്‍ഫറന്‍സ് കമ്മിറ്റി ഓഫര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അതില്‍ കൂടുതല്‍ അവിടെ തങ്ങുക എന്നത് സാമ്പത്തികമായി വളരെ പ്രയാസമാണ്. കാരണം ഒരു ഗ്ലാസ് കാപ്പിക്ക് മിനിമം മൂന്ന് ഡോളര്‍ (ഏകദേശം 210 ഇന്ത്യന്‍ രൂപ) വേണ്ടിവരും എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞുള്ള അറിവ്. അങ്ങനെ ഇരിക്കുമ്പോഴാണ് കൂടെ പഠിച്ച കുറച്ച് സുഹൃത്തുക്കള്‍ (ഇയാദ്, ജാബിര്‍, ഷിഹാബ്, ഹനാന്‍) വാഷിങ്ടണിലും, ന്യൂയോര്‍ക്കിലും ഗവേഷകരായും, ഫുള്‍ബ്രൈറ്റ്കാരായും ഉള്ളത് ശ്രദ്ധയില്‍ പെടുന്നത്. കൂടാതെ ഖത്തര്‍ കെ.എം.സി.സിയിലെ അഷറഫ്ക്കയുടെ കട്ട സപ്പോര്‍ട്ടും. അതുകൊണ്ട് സാഹചര്യം 'മുതലെടുത്ത്' രണ്ട് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം പത്ത് ദിവസത്തേക്ക് നീട്ടി.
ചെറുപ്പം മുതല്‍ ഒരുപാട് കേട്ടും വായിച്ചും അറിഞ്ഞ അമേരിക്ക നേരില്‍ കണ്ടതിന്റെ ത്രില്ലിലാണ് മടക്കയാത്ര. അതില്‍ വാഷിങ്ടണിലെ വൈറ്റ് ഹൗസും, ഭരണ സിരാകേന്ദ്രമായ ക്യാപിറ്റോളും, ന്യൂയോര്‍ക്കിലെ 9/11 മ്യൂസിയവും, പുതിയ വേള്‍ഡ് ട്രേഡ് സെന്ററും, ടൈം സ്‌ക്വയറും അടക്കം ഒരുപാട് സംഗതികള്‍ ഉണ്ട്. ഇവയുടെയെല്ലാം ഒരു ഫോട്ടോ ശേഖരം തന്നെ നാട്ടില്‍ കാണിക്കാനായി കയ്യില്‍ കരുതിയിട്ടുണ്ട്. എന്നാല്‍, എടുത്ത അനേകം ഫോട്ടോകളില്‍ ഞാന്‍ ഏറ്റവും കരുതലോടെ കാണുന്ന രണ്ടെണ്ണം എന്നത് ന്യൂയോര്‍ക്കിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ അംബദ്കര്‍ പ്രതിമയോടും, അതേ നഗരത്തിലെ 165-ാം നമ്പര്‍ സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന മാല്‍കം എക്‌സ് പ്രതിമയോടും ചേര്‍ന്ന് നിന്നെടുത്ത ചിത്രങ്ങളാണ്. ഒരു രാഷ്ട്രീയ ചരിത്ര വിദ്യാര്‍ഥി എന്ന നിലയില്‍ ഈ രണ്ട് പേരുകളും അത്രമേല്‍ ആഴത്തില്‍ മനസില്‍ പതിഞ്ഞവയാണ്.
അമേരിക്കയുടെ ആദ്യ പ്രസിഡണ്ടായ ജോര്‍ജ് വാഷിങ്ടണിന്റെ ഓര്‍മക്കായി പണികഴിപ്പിച്ച വാഷിങ്ടണ്‍ സ്മാരകത്തിന്റെ കാഴ്ച കണ്ട് സുഹൃത്ത് ജാബിറുമൊത്ത് നില്‍ക്കുമ്പോഴാണ് നാട്ടിലെ നമ്മുടെ 'ചങ്ക്' അലിഫിന്റെ സ്ഥിരം 'അമേരിക്കന്‍' മെസേജ്. 'ഹൗമനി കിലോമീറ്റര്‍ ഫ്രം വാഷിങ്ടണ്‍ ഡി.സി റ്റു മിയാമി ബീച്ച്'. അങ്ങനെ വീട്ടുകാരുമായും, സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ ഒരുപാട് കഥകളും, അനുഭവങ്ങളും നിറഞ്ഞതാണ് യാത്ര എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാന്തരം 'തള്ളിനുള്ള' വകയുണ്ട്. എന്നാല്‍ ഞാന്‍ പറയാന്‍ കരുതിവച്ച മുഴുവന്‍ കാര്യങ്ങളേക്കാളും എന്നെ പറയാനും എഴുതാനും പ്രേരിപ്പിച്ചത് മറ്റൊരനുഭവമായിരുന്നു.
ആകാശത്തെ മണിക്കൂറുകള്‍
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്ന് അബുദായിലേക്കുള്ള ഇത്തിഹാദിന്റെ ഫ്‌ളൈറ്റിലാണ് യാത്ര. ഏകദേശം അഞ്ഞൂറു മുതല്‍ അറുന്നൂറു യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വലിയ ഡബിള്‍ ഡക്കര്‍. മുകളില്‍ ബിസിനസ് ക്ലാസും, ഫസ്റ്റ് ക്ലാസും. താഴെ എക്കണോമി ക്ലാസ്സ്. ഒറ്റ വരിയില്‍ പത്ത് യാത്രക്കാര്‍ക്ക് ഇരിക്കാം. ന്യൂയോര്‍ക്കില്‍ നിന്നു രാത്രി 10.55ന് എടുത്ത് അടുത്ത ദിവസം യു.എ.ഇ സമയം രാത്രി എട്ട് മണിക്ക് അബൂദാബിയില്‍. പതിമൂന്ന് മണിക്കൂര്‍ നീളുന്ന യാത്ര. അതുകൊണ്ട് തന്നെ ഫ്‌ളൈറ്റില്‍ കേറിഉറക്കങ്ങണമെന്ന് ഇങ്ങനെ ആലോചിരിക്കുമ്പോഴാണ് സഹയാത്രികരെ പരിചയപ്പെട്ട് അവരോട് അല്‍പം സംസാരിക്കാം എന്ന് കരുതിയത്.
ഞാന്‍ ഇരിക്കുന്നത് മധ്യത്തിലായി നാലുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വരിയിലാണ്. അതില്‍ ആദ്യ സീറ്റില്‍ ഒരു സത്രീ ഇരിക്കുന്നു. രണ്ടാമതായി ഞാന്‍, അതിനടുത്ത് എന്നെക്കാള്‍ ചെറുപ്പം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍. അതിനടുത്ത് ഒരു ചെറിയ പയ്യന്‍ വീഡിയോ ഗെയിം കളിച്ചിരിക്കുന്നു. തൊട്ടടുത്തിരിക്കുന്ന ചേച്ചി ഫ്‌ളൈറ്റില്‍ കയറിയപ്പോഴേ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മൂന്നാല്‍ മണിക്കൂര്‍ എയര്‍പോട്ടില്‍ അന്തം വിട്ടിരുന്നതിന്റെ ക്ഷീണം മുഖത്ത് കാണാം. അവരോട് വെറുതെ ഒരു 'ഹായ്' പറഞ്ഞു. ചേച്ചി ഉറക്കപ്പിച്ചില്‍ തിരിച്ചും ഒരു ഹായ്.
എന്നാല്‍ പിന്നെ അടുത്തിരിക്കുന്നവനോട് അല്‍പം കുശലം പറയാം എന്ന് കരുതി. പേര് ചോദിച്ചു, പേരും സ്ഥലവും പറഞ്ഞു. അദ്ദേഹം ഗുജറാത്ത് സ്വദേശിയാണ്. ജീന്‍സും ടീ ഷര്‍ട്ടുമാണ് വേഷം. പിന്നെ നല്ല നീളത്തില്‍ ഒരു പൊട്ട്. എന്റെ പേരും സ്ഥലവും പറഞ്ഞതോടെ അദ്ദേഹത്തിന് തുടര്‍ന്ന് സംസാരിക്കാന്‍ എന്തോ താല്‍പര്യം ഇല്ലാത്ത പോലെ. എന്നാലും ഞാന്‍ അങ്ങോട്ട് കേറി സംസാരിക്കാന്‍ ഒരു ശ്രമം കൂടി നടത്തി. ഉടനെ അദ്ദേഹം ഫോണെടുത്ത് അതില്‍ കുത്താന്‍ തുടങ്ങി. അതോടെ നമ്മള്‍ സീന്‍ വിട്ടു. അതിനടക്ക് ഞങ്ങള്‍ക്കുള്ള ഭക്ഷണവുമായി ക്യാബിന്‍ ക്രൂ വന്നു. ഞാന്‍ മട്ടണ്‍ കറിയും ഉരുളക്കിഴങ്ങും പ്രത്യേക രീതിയില്‍ ചോറ് പരുവത്തിലാക്കിയ ഒരു ഡിഷ് ഓര്‍ഡര്‍ നല്‍കി. പേര് ഓര്‍ക്കുന്നില്ല. ചേച്ചി ചിക്കന്‍ കറിയും ചോറും. ഗെയിം കളിക്കുന്ന പയ്യന്‍ ഞാന്‍ പറഞ്ഞ അതേ ഭക്ഷണം തന്നെ ഓര്‍ഡര്‍ നല്‍കി വീണ്ടും കളി തുടര്‍ന്നു. ഇതിനിടയില്‍ ക്യാബിന്‍ ക്രൂ, എന്റെ തൊട്ടടുത്തിരിക്കുന്നവന് മുന്‍കൂട്ടി, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓര്‍ഡര്‍ നല്‍കിയ നല്ല വെജ് ഫുഡുമായി വന്നു. അദ്ദേഹം ഞങ്ങള്‍ കഴിക്കുന്നത് മാറി മാറി നോക്കി, എന്നിട്ട് അദ്ദേഹത്തിനായി കൊണ്ടുവന്ന ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. മുഖത്ത് എന്തോ ഒരു അസ്വസ്ഥത പ്രകടമാണ്. ഞങ്ങള്‍ മൂന്ന് പേരും ആസ്വദിച്ചു കഴിച്ചു. കിടു ഫുഡ്. ഇത്തിഹാദിലെ ഭക്ഷണമാണ് രണ്ടാമത്തെ വിദേശ യാത്രയിലും അതേ ഫ്‌ളൈറ്റ് തന്നെ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകം. ഞങ്ങള്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞതോടെ അദ്ദേഹം തന്റെ സീറ്റ് കവറില്‍ നിന്ന് ഒരു ചെറിയ കവര്‍ പുറത്തെടുത്തു. അതില്‍ നിറയെ ബദാമും അണ്ടിപ്പരിപ്പും, ഉണക്ക മുന്തിരിയും. അതില്‍ നിന്ന് അല്‍പം എടുത്ത് കഴിച്ച് വെള്ളവും കുടിച്ചു. ഇത് കഴിഞ്ഞ് വീണ്ടും മൊബൈലില്‍ വ്യാപൃതനായി.
മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞ് അടുത്ത ഫുഡുമായി ക്യാബിന്‍ ക്രൂ വന്നു. ഞങ്ങള്‍ മൂന്നു പേരും ചിക്കനും പാസ്തയും ഓര്‍ഡര്‍ നല്‍കി. അദ്ദേഹത്തിനുള്ള വെജ് ഫുഡുമായി മറ്റൊരു ക്രൂ വന്നു. വീണ്ടും ഞങ്ങളുടെ ഭക്ഷണത്തിലേക്ക് മാറി മാറി നോക്കി അദ്ദേഹം അതും നിരസിക്കുന്നു. അദ്ദേഹം വീണ്ടും ഡ്രൈ ഫ്രൂട്ടില്‍ ഒതുക്കി. ശേഷം വീണ്ടും ഉറക്കത്തിലേക്ക്. ഞാന്‍ ഫ്‌ളൈറ്റിലെ എന്റെ സ്ഥിരം കലാ പരിപാടിയിലേക്ക് കടന്നു. എനിക്കായുള്ള ടി.വി സ്‌ക്രീന്‍ ഓണാക്കി, ഫ്‌ളൈറ്റ് എത്ര ഉയരത്തിലാണ്, ഇനി എത്ര ദൂരം യാത്രയുണ്ട്, എത്ര രാജ്യങ്ങള്‍ കടന്നു പോവേണ്ടതുണ്ട് എന്ന് തപ്പിക്കൊണ്ട് സമയം തള്ളി നീക്കുന്നു.
മരവിച്ചുപോയ നിമിഷം
കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ക്യാപ്റ്റന്റെ അനൗണ്‍സ്‌മെന്റത്തി. കാലാവസ്ഥ അനുകൂലമാണ്, അല്‍പ സമയങ്ങള്‍ക്കകം ഫ്‌ളൈറ്റ് അബുദാബി എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യും. ക്യാബിന്‍ ക്രൂ എല്ലാവരെയും തട്ടി ഉണര്‍ത്തി സീറ്റ് ബെല്‍റ്റിടാന്‍ ചട്ടം കെട്ടുന്നു. ഉറക്കില്‍ നിന്ന് ഉണര്‍ത്തിയതിനാലാവണം കുഞ്ഞുമക്കള്‍ കരഞ്ഞ് സീന്‍ ബഹളമാകുന്നു. ഇവരുടെ സീറ്റ് ബെല്‍റ്റ് ക്യാബിന്‍ ക്രൂ തന്നെ കെട്ടി കൊടുക്കുന്നു. അതിനു ശേഷം അവര്‍ തങ്ങള്‍ക്കായുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. താല്‍പതിനായിരം അടി ഉയരത്തില്‍ നിന്ന് ഫ്‌ളൈറ്റ് പതിയെ താഴോട്ട് ഇറങ്ങുകയാണ്. വയറില്‍ ഒരു ചെറിയ കാളല്‍.
അങ്ങനെ പതിമൂന്ന് മണിക്കൂര്‍ നീണ്ട യാത്രക്ക് വിരാമമിട്ട് ഞങ്ങള്‍ അബൂദാബി എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു. ഞങ്ങള്‍ നാലു പേരും മധ്യത്തിലുള്ള സീറ്റിലായതിനാല്‍ രണ്ടു വശങ്ങളിലുള്ള ആളുകള്‍ ഇറങ്ങാന്‍ വേണ്ടി കാത്തുനിന്നു. ഇതിനിടക്ക് അദ്ദേഹം ബാഗ് എടുക്കാനായി സീറ്റിനു മുകളിലുള്ള റാക്കിലേക്ക് ഏന്തി വലിയുന്നു. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റെ ടീ ഷര്‍ട്ട് ശ്രദ്ധിക്കുന്നത്. നീല കളര്‍ ടീ ഷര്‍ട്ട്. അതിനു പിന്നില്‍ ഒരു സൈഡിലായി ശ്രീരാമന്റേതെന്ന് തോന്നിക്കുന്ന ഒരു ചിത്രം. ചിത്രത്തിന്റെ എതിര്‍ വശത്തായി ഒരു എഴുത്തും. 'മന്ദിര്‍ വഹി ബനായേന്‍ഗെ' (അമ്പലം അവിടെ തന്നെ പണിയും).
ഇത് കണ്ടതും തലയില്‍ ഒരു തരി മരവിപ്പാണ് ആദ്യം അനുഭവപെട്ടത്. കാരണം, വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയം കൃത്യമായി വരച്ച് കാട്ടുന്നതാണ് ഈ ചിത്രം. 1980കള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം ഉയര്‍ന്നു വന്ന ഈ മുദ്രാവാക്യം, ഇന്ത്യയില്‍ ശക്തിപ്രാപിച്ച സംഘപരിവാര്‍ ആശയങ്ങള്‍, രാജ്യത്തെ വിദ്യാസമ്പന്നരായ യുവാക്കളെ പോലും എത്ര വേഗത്തിലാണ് അതിന്റെ പ്രചാര വാഹകരാക്കിയത് എന്ന് മനസിലാക്കി തരുന്നതാണിത്. ഇത്തരം മുദ്രാവാക്യങ്ങള്‍ ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ പരിസരം കൃത്യമായി നമുക്ക് മുന്നില്‍ വരച്ച് കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."