ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കല്‍ നിര്‍ബന്ധമില്ല
ദോഹ: കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ ഖത്തറിന് പദ്ധതിയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ. വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പൊതുജനമാണെന്നും വാക്‌സിനേഷന്‍ മേധാവി ഡോ.സോഹ അല്‍ ബയാത്ത് ഖത്തര്‍ ടി.വിയോട് പറഞ്ഞു.
തങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി പൊതുജനങ്ങള്‍ വാക്‌സിന്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇടയില്‍ പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള അവബോധം എത്രത്തോളമാണെന്ന് ഉയര്‍ത്തിക്കാണിക്കുന്നതാണ്
വാക്‌സിന്‍ എടുക്കാനുള്ള അവരുടെ തീരുമാനമെന്നും ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.
നിലവില്‍ മൂന്നു കമ്പനികളാണ് കോവിഡ് വൈറസ് ഫലപ്രദമാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്ക തങ്ങളുടെ വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ സെറാം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് വാക്‌സിന്റെ നിര്‍മാണം.
അടിയന്തര ഉപയോഗ അംഗീകാരത്തിനായി തങ്ങളുടെ വാക്‌സിനുകള്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് (എഫ്.ഡി.എ) സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് ബയോടെക് കമ്പനിയായ മൊഡേണയും പറഞ്ഞിരുന്നു. മൊഡേണ വാക്‌സിന്‍ 100 ശതമാനം ഫലപ്രദമാണെന്നാണ് അവകാശപ്പെടുന്നത്.
ആയിരക്കണക്കിന് വോളന്റിയര്‍മാരില്‍ പരീക്ഷണം നടത്തിയതിനു ശേഷം തങ്ങളുടെ വാക്‌സിന്‍ 90 മുതല്‍ 95 ശതമാനം വരെ ഫലപ്രദമാണെന്ന് യു.എസ് കമ്പനിയായ ഫൈസറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ആഗോള ഉപയോഗത്തിന് അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ഫൈസര്‍ വാക്‌സിനും മൊഡേണ വാക്‌സിനും ഖത്തറില്‍ ലഭ്യമാക്കുമെന്ന് കോവിഡ് സംബന്ധിച്ച ദേശീയ ആരോഗ്യതന്ത്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞിരുന്നു.
ഖത്തര്‍ മൊഡേണയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."