കാരുണ്യപദ്ധതി പുനഃസ്ഥാപിക്കണം: മുസ്‌ലിം ലീഗ്
കോഴിക്കോട്: കാരുണ്യപദ്ധതി നിര്‍ത്തലാക്കരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന മാതൃകാപദ്ധതി കേരളത്തിലെ ലക്ഷക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായിരുന്നു. ഇത് നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
പാലാരിവട്ടം പാലത്തിന്റെ പേരില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ പ്രചാരണം വസ്തുതകളുമായി ബന്ധമില്ലാത്തതും രാഷ്ട്രീയ പ്രേരിതവുമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന ഭൂരിപക്ഷം പദ്ധതികളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ചതാണ്.
പാലാരിവട്ടം പാലം നിര്‍മിച്ച കരാറുകാരന്‍ ഇപ്പോഴുണ്ടായ തകരാറുകള്‍ സ്വന്തം ചെലവില്‍ പരിഹരിക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞടുപ്പിലെ ദയനീയ പ്രകടനത്തിന്റെ ജാള്യത മറച്ചുവയ്ക്കാനും എറണാകുളം ഉപതെരഞ്ഞെടുപ്പ് ലാക്കാക്കിയും എല്‍.ഡി.എഫ് നടത്തുന്ന ശ്രമം ജനം തിരിച്ചറിയുമെന്നും യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി.നാളികേര സംഭരണ വില 27ല്‍ നിന്ന് 36 രൂപയായെങ്കിലും വര്‍ധിപ്പിച്ച് കേരകര്‍ഷകരെ നഷ്ടത്തില്‍നിന്ന് രക്ഷിക്കണം. സംഭരണ കേന്ദ്രങ്ങള്‍ പോലും നിശ്ചയിക്കാതെയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. ഇടതുസര്‍ക്കാര്‍ നിലവില്‍ വന്നശേഷം നാളികേര സംഭരണം മുടങ്ങിക്കിടക്കുകയാ
ണെന്നും കര്‍ഷകദ്രോഹത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ നടപ്പാന്‍ ശ്രമിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കണ്‍വീനറായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ കണ്‍വീനറായും രണ്ട് സമിതികളെ പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട വിദഗ്ദര്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതികള്‍.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, നിയമസഭാ പാര്‍ട്ടി ഉപ ലീഡര്‍ വി.കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം പ്രതിനിധികള്‍, പ്രര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.
മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം അടിയന്തര ശസ്ത്രക്രിയ കാത്തുനില്‍ക്കുന്ന നിര്‍ധനരായ നിരവധി രോഗികളുടെ ജീവിതമാണ് ദുസഹമാക്കിയിരിക്കുന്നതെന്ന് കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ലക്ഷക്കണക്കിന് നിര്‍ധനരായ രോഗികളുടെ അവസാന ആശ്വാസമാണ് കാരുണ്യ നിധി. അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം രണ്ടുലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിക്കുന്നുവെന്നതാണ് കാരുണ്യ പദ്ധതിയെ മറ്റു പദ്ധതികളില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്നത്. കാരുണ്യ പദ്ധതി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ പാവപ്പെട്ട രോഗികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. സമൂഹത്തിലെ താഴേക്കിടയില്‍ നില്‍ക്കുന്നവരെ ഇന്‍ഷുറന്‍സിന്റെ നൂലാമാലകളില്‍ കുടുക്കി ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്ന സ്വകാര്യ ഏജന്‍സികള്‍ സ്വീകരിക്കാന്‍ പോകുന്നത്.
പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കാനുള്ള തീരുമാനത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഓഗസ്റ്റ് ഒന്നിന് നിലവില്‍വരുന്ന കേന്ദ്ര പദ്ധതിക്കായി ജൂലൈ മാസത്തില്‍ തന്നെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.
പദ്ധതി നിര്‍ത്തിയതിന്റെ സാഹചര്യം വിശദീകരിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: നിര്‍ധന രോഗികള്‍ക്ക് സൗജന്യചികിത്സ നല്‍കിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് നിര്‍ത്തലാക്കിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ഡോ. കെ. മോഹന്‍ കുമാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
പൊതുപ്രവര്‍ത്തകനായ ജി. മഞ്ജുക്കുട്ടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. കാരുണ്യ പദ്ധതി നിര്‍ത്തിയത് പാവങ്ങളെ മരണത്തിലേക്ക് തള്ളിവിടാനാണെന്ന് പരാതിയില്‍ പറയുന്നു. കാരുണ്യക്ക് സര്‍ക്കാര്‍ പണമല്ല ഉപയോഗിക്കുന്നത്. ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടത്തുന്ന സാമൂഹ്യസേവന പദ്ധതിയാണ് കാരുണ്യയെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."