പൊലിസ് അന്വേഷണം വഴിമുട്ടി; കേസ് സി.ബി.ഐക്ക്
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍നിന്ന് സൈന്യം ഉപയോഗിച്ചിരുന്ന വെടിക്കോപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. തിരുവനന്തപുരം സി.ബി.ഐ യൂനിറ്റാണ് ഒന്നര വര്‍ഷത്തിനു ശേഷം പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 18നാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വെടിക്കോപ്പുകള്‍ കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനുകീഴിലുള്ള മഹാരാഷ്ട്ര ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിര്‍മാണശാലയില്‍ 2001ല്‍ നിര്‍മിച്ചവയാണ് ഇവിടെ കണ്ടെടുത്ത ക്ലേമോര്‍ മൈനുകളെന്ന് കേരള പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണം വഴിമുട്ടിയതോടെയാണ് ഇപ്പോള്‍ സി.ബി.ഐ കേസ് ഏറ്റെടുത്തത്. ശബരിമല തീര്‍ഥാടനകാലത്ത് ദേശീയപാത 66 ന്റെ ഭാഗമായ കുറ്റിപ്പുറം പാലത്തിനു സമീപത്ത് നിന്ന് വെടിക്കോപ്പുകള്‍ കണ്ടെത്തിയത് ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.
കേസിന്റെ രേഖകള്‍ തിരൂര്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍നിന്ന് സി.ബി.ഐ. സംഘം കൈപ്പറ്റി. അഞ്ച് ക്ലേമോര്‍ മൈനുകള്‍, മൈനുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ആറു പള്‍സ് ജനറേറ്ററുകള്‍, ഇവ ബന്ധിപ്പിക്കുന്ന നാല് കേബിളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ളവ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ട്യൂബ് ലോഞ്ചറുകള്‍, അനുബന്ധമായി ഉപയോഗിക്കുന്ന ലോഹനിര്‍മിത വളയം, ചതുപ്പുനിലത്ത് വാഹനങ്ങളുടെ ചക്രങ്ങള്‍ താഴ്ന്നുപോകാതിരിക്കാനായി സ്ഥാപിക്കുന്ന ലോഹഷീറ്റ്, സെല്‍ഫ് ലോഡിങ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന തിരകള്‍, 45 കാലി ഉറകള്‍ എന്നിങ്ങനെ അന്‍പതിനം വെടിക്കോപ്പുകളാണ് ഇവിടെനിന്ന് കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."