അങ്കത്തട്ടിലെ പെരുമാറ്റച്ചട്ടങ്ങള്‍
മനുഷ്യന് സമൂഹമായിട്ടേ ജീവിക്കാന്‍ കഴിയൂ എന്നത് വസ്തുതയാണ്. അവന്റെ ജീവിത വ്യവഹാരങ്ങള്‍ വൈയക്തികതലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വൈയക്തിക കാര്യങ്ങള്‍പോലും മറ്റുള്ളവരില്‍നിന്നുള്ള സഹായത്തെ ആശ്രയിച്ചാണ് കിടക്കുന്നത്. മുമ്പിലിരിക്കുന്ന അന്നം അതിനൊരു ഉദാഹരണമാണ്. ജീവന്റെ നിലനില്‍പ്പിനെ നിശ്ചയിക്കുന്ന ആ അന്നം അവന്റെ സ്വന്തം ശ്രമമാണെങ്കില്‍പോലും അതു ലഭിക്കുന്നത് മറ്റു പലരുടെയും ശ്രമങ്ങള്‍ വഴിയാണ്. കര്‍ഷകരുടെ കൃഷിയും വിവിധ ഉല്‍പാദകരുടെ ചേരുവകളും മുതല്‍ തീയും വെള്ളവുംവരെ പലയിടങ്ങളില്‍നിന്നു വന്നുചേര്‍ന്നാണ് അന്നമായി അതു മുമ്പിലെത്തുന്നത്. അങ്ങനെ വൈയക്തികമായ തന്റെ അന്നം സാമൂഹികമായി പലതുമായും ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ആ ഘടകങ്ങളെല്ലാം നിലനില്‍ക്കേണ്ടതും നിലനിര്‍ത്തേണ്ടതും ഈ അന്നത്തിന്റെ മുമ്പിലിരിക്കുന്നവന്റെ ബാധ്യതയില്‍വരുന്നു. സാമൂഹ്യമായ ഈ പൊതുഘടകങ്ങള്‍ നിലനിര്‍ത്തേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ ഓരോരുത്തരും മറ്റുള്ളവര്‍ ചെയ്‌തേക്കും എന്നു കരുതുവാന്‍ സാധ്യതയുണ്ട്. ഇങ്ങനെ എല്ലാവരും കരുതിയാല്‍ ഫലത്തില്‍ അതുണ്ടാകാത്ത സാഹചര്യമാണ് സംജാതമാകുക. അതോടെ സാമൂഹ്യ ഒഴുക്ക് തടസപ്പെടും. അതുണ്ടാവാതിരിക്കുവാന്‍ മനുഷ്യന്റെ സാമൂഹ്യപരിസരം വികസിപ്പിച്ച ഒരു രീതിയാണ് സാമൂഹ്യകാര്യങ്ങള്‍ക്ക് ഓരോ തലത്തിലും ചിലരെ തെരഞ്ഞെടുത്ത് നിശ്ചയിക്കുകയും അവരെ ചുമതലപ്പെടുത്തുകയും ചെയ്യുക എന്നത്. ഇതാണ് തെരഞ്ഞെടുപ്പുകളുടെ സാംഗത്യം. ഇതു സാമൂഹ്യ നിലനില്‍പ്പിന്റെ അനിവാര്യതയായതുകൊണ്ടുതന്നെ സാംസ്‌കാരിക പ്രബുദ്ധതയില്‍ വിശ്വസിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ഈ രീതിയെ പിന്താങ്ങിയിട്ടുണ്ട്. ആ നിരയുടെ മുന്നില്‍ തന്നെ ഇസ്‌ലാമുമുണ്ട്. പതിനാലു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ അത് എല്ലായിടത്തും കാണാവുന്നതും വായിച്ചെടുക്കാവുന്നതുമാണ്.
നബി(സ)യുടെ സാമൂഹ്യനിര്‍മിതിക്ക് തുടക്കം കുറിക്കുന്ന അഖബാ ഉടമ്പടി മുതല്‍ അതു കാണാം. അതില്‍ യഥ്‌രിബിലെ ഏതാനും പേരെ ആ ഉടമ്പടിയുടെ സംരക്ഷണത്തിനും പാലനത്തിനുമായി തെരഞ്ഞെടുക്കുകയുണ്ടായി. എഴുപത്തിയഞ്ചോളം വരുന്ന അംഗങ്ങളില്‍നിന്നായിരുന്നു ഏതാണ്ട് പന്ത്രണ്ടുപേര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അവരാണെങ്കിലോ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന യഥ്‌രിബിലെ സാമൂഹ്യഘടനയെ കൃത്യമായും പ്രതിനിധീകരിക്കുന്ന തരത്തിലുമായിരുന്നു. തുടര്‍ന്ന് ഓരോ നീക്കങ്ങളിലും നിയോഗങ്ങളിലും നബി പ്രത്യേകം വ്യക്തികള്‍ക്ക് ചുമതലകള്‍ നല്‍കുകയും ചെയ്യുമായിരുന്നു. പ്രവാചകന്റെ നേര്‍പ്രതിനിധികളായിരുന്ന നാലു ഖലീഫമാരും ഇവ്വിധം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മാത്രമല്ല, സമൂഹത്തിന് ഒരു നായകന്‍ ഉണ്ടായിരിക്കണമെന്നത് ഇസ്‌ലാമിക സംസ്‌കൃതിയുടെ അടിസ്ഥാന സിദ്ധാന്തവുമാണ്. മൂന്നുപേരെങ്കിലുമുള്ള ഒരു സംഘത്തിന് അവര്‍ തെരഞ്ഞെടുക്കുന്ന നായക ഉത്തരവാദിയുണ്ടായിരിക്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഈ ആമുഖത്തില്‍നിന്നും ചരിത്രത്തിലുണ്ടായ അനുഭവങ്ങളില്‍ നിന്നുമാണ് ഇസ്‌ലാമിന്റെ ഈ വിഷയത്തിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ രൂപപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെടുകയോ പൊതുസമ്മതം പ്രതീക്ഷിച്ച് നിശ്ചയിക്കപ്പെടുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികള്‍ പാലിക്കേണ്ട ആ ചട്ടങ്ങള്‍ അവഗണിക്കപ്പെട്ടാല്‍ അതു വലിയ അപകടമായി ഭവിക്കുമെന്ന് ഇസ്‌ലാം പറയുന്നു. അതിനെ ലോകാന്ത്യത്തിന് സമാനമായാണ് നബി(സ) അവതരിപ്പിച്ചത്. അന്ത്യനാള്‍ എന്നാണെന്നു ചോദിച്ചുവന്ന ഒരു അനാഗരികന് നബി നല്‍കിയ മറുപടി ഇമാം ബുഖാരി അബൂ ഹുറൈറ(റ)യില്‍ നിന്നുദ്ധരിക്കുന്നതില്‍നിന്ന് അതു ഗ്രഹിക്കാം. അമാനത്ത് എന്ന ധാര്‍മികബോധം നഷ്ടമാകുമ്പോഴായിരിക്കും അത് എന്ന നബിയുടെ മറുപടികേട്ട് ചേദ്യകര്‍ത്താവ് അതെങ്ങനെയായിരിക്കും ഭവിക്കുകയെന്നു ചോദിച്ചു. അതിനു തങ്ങള്‍ മറുപടിയായി പറഞ്ഞു: 'കാര്യങ്ങള്‍ അതിന്റെ അര്‍ഹരിലല്ലാതെ ഏല്‍പ്പിക്കപ്പെട്ടാല്‍ അന്ത്യനാള്‍ പ്രതീക്ഷിച്ചുകൊള്ളുക' (ബുഖാരി).
തെരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി സ്ഥാനമര്‍ഥിക്കുന്ന ആള്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ആത്മാര്‍ഥത എന്ന ഇഖ്‌ലാസ്വില്‍ നിന്നാണ് തുടങ്ങുന്നത്. മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളിലെ ഏതു ചലനവും ആത്മാര്‍ഥമായിരിക്കണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. ഈ ആത്മാര്‍ഥത അഭിനയിക്കുവാനോ കൃത്രിമമായി ഉണ്ടാക്കിയെടുക്കുവാനോ കഴിയുന്നതല്ല. അത് ഒരു പ്രതിപ്രവര്‍ത്തനമാണ്. നാം മേല്‍പറഞ്ഞ ആശയങ്ങള്‍ ശരിക്കും നെഞ്ചേറ്റുമ്പോള്‍ സ്വാഭാവികമായും അതുണ്ടായിത്തീരുന്നു. തന്റെ ലക്ഷ്യം സമൂഹത്തിന്റെ നിലനില്‍പ്പിനുവേണ്ടി ചില ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയാണെന്നത് മനസിലുറപ്പിക്കുമ്പോള്‍ ആത്മാര്‍ഥത താനെ ഉണ്ടാകും. അതുണ്ടാകുന്നതോടെ വ്യക്തിക്ക് ഒരു സ്വീകാര്യത കൈവരും. ആ സ്വീകാര്യതയുടെ പ്രതിഫലനങ്ങളാണ് സത്യസന്ധത, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയവയെല്ലാം. ഈ ഗുണങ്ങള്‍ വെറും ഒരു തെരഞ്ഞെടുപ്പലങ്കാരങ്ങള്‍ ആയിക്കൂടാ എന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. മറിച്ച് അത് ഓരോ വ്യക്തിയിലും ഒരോ ചലനത്തിലും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്. അത് ഇപ്രകാരം സ്വാംശീകരിക്കപ്പെടണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് അടിസ്ഥാന തത്വങ്ങള്‍ പഠനവിധേയമാക്കിയും മനസിലേക്ക് ആവാഹിച്ചും വേണം ഓരോ കാര്യവും ചെയ്യാനെന്ന് ഇസ്‌ലാം പറയുന്നത്. ആരാധനകളുടെ കാര്യം ഉദാഹരണമായി എടുക്കാം. നിസ്‌കാരത്തെ ഒരു പരമ്പരാഗത കര്‍മമായി മാത്രം കണ്ടു നിസ്‌കരിക്കുന്നവരുണ്ടാകും. നിസ്‌കാരം എന്നത് ദൈവവുമായുള്ള ഒരു നേര്‍സംഭാഷണമാണ് എന്നു കരുതുന്നവരുമുണ്ടാകും. രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരുടെ നിസ്‌കാരമായിരിക്കും ആത്മീയ ആനന്ദവും പരിപൂര്‍ണ അച്ചടക്കവുമെല്ലാം കൊണ്ടു വ്യത്യസ്തമാകുക. അതിനാല്‍ തന്റെ സമൂഹത്തെ സേവിക്കുവാനും തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ സമര്‍പ്പിച്ച് അതില്‍ സായൂജ്യമടയുവാനുമുള്ള ഒരു ത്വരയായി സ്ഥാനാര്‍ഥിത്വത്തെ കാണണം. അപ്പോള്‍ അറിയപ്പെടാത്ത മാര്‍ഗത്തിലൂടെ വിജയങ്ങളുടെ വാതിലുകള്‍ തനിക്കുമുമ്പില്‍ തുറക്കപ്പെടുകതന്നെ ചെയ്യും.
സമീപനങ്ങളുടെ മാന്യതയാണ് മറ്റൊന്ന്. പുതിയ കാലത്തെ തെരഞ്ഞെടുപ്പുകളില്‍ പ്രത്യേകിച്ചും വാശിയും വൈരവും എല്ലാം ഉണ്ടാകും. പലരും പലരെയും നിര്‍ദേശിക്കുന്നതിനാല്‍ സ്വാഭാവികമായും ഉണ്ടായിത്തീരുന്നതാണത്. അപ്പോള്‍ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാകും. വാദങ്ങളും പ്രതിവാദങ്ങളുമുണ്ടാകും. അവ വലിയ വൈകാരിക ഉത്തേജനവുമുണ്ടാക്കിയേക്കാം. എന്നാല്‍ അവയ്ക്കനുസരിച്ച് സ്വയംമാന്യത മറന്നുകൂടാ. ഇസ്‌ലാമിക ന്യായാധിപന്മാര്‍ക്കുള്ള ഉപാധികളില്‍ പ്രധാനപ്പെട്ടതാണ് കോപിഷ്ഠനായിരിക്കെ വിധിപറയരുത് എന്നത്. കോപവും വിരോധവും വൈരവികാരവുമെല്ലാം മനുഷ്യന്റെ സമനില തെറ്റിക്കുന്ന കാര്യങ്ങളാണ്. സമനില തെറ്റുമ്പോള്‍ ശരിയും ന്യായവുമൊന്നും നോക്കാതെ താന്‍ പറഞ്ഞതോ തനിക്കുവേണ്ടി പറഞ്ഞതോ ആയ കാര്യങ്ങളെ വെള്ളപൂശുവാനും മഹത്വവല്‍ക്കരിക്കുവാനും ശ്രമിച്ചുപോകും. അതൊക്കെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. മാത്രമല്ല, അത്തരം സമീപനക്കാര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ശരിയായി നിര്‍വഹിക്കുവാനും കഴിയില്ല.
എല്ലാവരിലേക്കും ഒഴുകുന്ന, എല്ലാവരേയും പരിഗണിക്കുന്ന വ്യക്തിത്വത്തെ ആരും സ്വീകരിക്കും എന്നതാണ് വസ്തുതയും അനുഭവവും. സ്വീകരിക്കപ്പെടുവാനുള്ള ഏറ്റവും നല്ല വഴിയാണ് സമീപനങ്ങളിലെ മാന്യത. വിശാലവും സോദ്ദേശപരവുമായ കാഴ്ചപ്പാടാണ് മറ്റൊന്ന്. ഇത് ഒരു വ്യക്തിക്ക് തന്റെ സ്വയം ഉള്ളില്‍നിന്ന് തപ്പിയെടുക്കുവാനോ രൂപപ്പെടുത്തുവാനോ കഴിയുന്ന ഒന്നല്ല. ഇത് രൂപപ്പെടുക ആഴത്തിലുള്ള പഠനത്തില്‍നിന്നും മറ്റുള്ളവരില്‍ നിന്നുള്ള അഭിപ്രായങ്ങളില്‍ നിന്നുമാണ്. തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം തെരഞ്ഞെടുത്തവര്‍ക്കു തെറ്റിയിട്ടില്ല എന്നു വരണമെങ്കിലും താന്‍ എക്കാലവും നന്ദിയോടെ സ്മരിക്കപ്പെടുവാനും ഇത് ആവശ്യമാണ്. അപ്പോള്‍ ഇതിനുവേണ്ടി സമാനമായ വിഷയങ്ങള്‍ പഠിക്കേണ്ടിവരും. ഒപ്പം തന്റെ നേതൃത്വത്തില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും ഗുണകാംക്ഷയുള്ളവരാണെങ്കില്‍ എതിരാളികളില്‍ നിന്നുപോലും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതായും വരും.
മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നത് നബി(സ)യുടെ ഒരു സ്വഭാവമായിരുന്നു എന്നു ഖുര്‍ആനില്‍നിന്ന് മനസിലാക്കാം. അത് ഒരു കുറ്റാരോപണമായി ശത്രുക്കള്‍ പറയുവാന്‍ മാത്രം വലുതായിരുന്നു. ഇതാബ് ബിന്‍ ഖുശൈര്‍ എന്നയാള്‍ നബി(സ)യെ 'ആരെന്തു പറഞ്ഞാലും കേള്‍ക്കുന്നയാള്‍' എന്നു പറഞ്ഞ് അധിക്ഷേപിക്കുകയുണ്ടായി. അതിനു മറുപടിയായിരുന്നു അത്തൗബ അധ്യായത്തിലെ 61ാം വചനം. ആ മറുപടിയില്‍ നബിയോട് പ്രസ്താവിക്കുവാന്‍ പറയുന്നത് 'അതു നന്മയ്ക്കു വേണ്ടിയുള്ള കേള്‍വിയാണ്' എന്നാണ്. അതില്‍നിന്ന് നാം പറഞ്ഞുവരുന്ന ഈ കാര്യത്തിന്റെ ശരിയായ സ്വഭാവം നമുക്ക് ഗ്രഹിക്കാം. ആരെന്തു പറഞ്ഞാലും കേള്‍ക്കുന്ന അലക്ഷ്യമായ സ്വഭാവമല്ല അതുകൊണ്ട് വിവക്ഷിക്കുന്നത്. ശരിയിലേക്ക് എത്തിപ്പെടാന്‍ വേണ്ടിയുള്ള ഖൈറായ ഒരു സമീപനമാണത്. പലരില്‍നിന്നുമുള്ള ശകലങ്ങള്‍ ചേര്‍ത്തുവച്ചാണ് കാഴ്ചപ്പാടിനെ രൂപീകരിക്കേണ്ടത് എന്നു ചുരുക്കം. കാര്യങ്ങള്‍ മറ്റുള്ളവരുമായി കൂടിയാലോചിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഒരു നല്ല സമൂഹത്തിന്റെ മഹിതമായ ഗുണമായി ഖുര്‍ആന്‍ അത് അശ്ശൂറാ അധ്യായം 38ാം വചനത്തില്‍ പറയുന്നുണ്ട്. ഇതും നബി(സ) പഠിപ്പിച്ച ഒരു നേതൃഗുണമാണ്. നബി(സ)ക്ക് തന്റെ കാഴ്ചപ്പാട് രൂപീകരിക്കുവാന്‍ ബാഹ്യമായ ഇത്തരം ചുവടുകളൊന്നും വേണ്ടിയിരുന്നില്ല. അവര്‍ക്കു വഹ്‌യു ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുകയും സ്വീകരിക്കുകയും ചെയ്യുകയുണ്ടായി. ബദ്‌റില്‍ തമ്പടിക്കുന്ന കാര്യത്തിലും മറ്റും ഇതു വ്യക്തമാണല്ലോ. ചുരുക്കത്തില്‍ പ്രബുദ്ധത സ്വരുക്കൂട്ടുവാന്‍ സഹായകമായ ഇത്തരം ചില പെരുമാറ്റച്ചട്ടങ്ങള്‍ കണിശമായി സ്ഥാനാര്‍ഥികള്‍ പാലിക്കുകയും തങ്ങളുടെ വ്യക്തിത്വം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അപ്പോഴായിരിക്കും അവര്‍ക്കു തങ്ങളുടെ ശ്രമങ്ങളില്‍ തിളക്കമുള്ള വിജയം വരിക്കുവാന്‍ കഴിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."