ഗള്‍ഫ് പ്രതിസന്ധി: സഊദിയും ഖത്തറും ഒത്തുതീര്‍പ്പിലേക്ക്
ദോഹ: ഖത്തറിനെതിരായ ഉപരോധത്തെ തുടര്‍ന്നു മൂന്നു വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സഊദി അറേബ്യയും ഖത്തറും ഒത്തുതീര്‍പ്പിലേക്ക്.
ഇരു രാജ്യങ്ങളും ഇതുസംബന്ധിച്ചു പ്രാഥമിക ധാരണയ്ക്കടുത്തെത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജാരെദ് കുഷ്‌നര്‍ ഖത്തറിലെത്തിയതിനു പിന്നാലെയാണ് അനുരഞ്ജന നീക്കങ്ങള്‍ പുരോഗമിക്കുന്നത്. കുഷ്‌നര്‍ റിയാദില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ദോഹയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖത്തറിന്റെ വിമാനങ്ങളെ സഊദി അറേബ്യയിലെയും യു.എ.ഇയിലെയും വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുകയെന്നതാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആസന്നമായ കരാറില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടില്ലെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.
2017 ജൂണിലാണ് ഖത്തറിനെതിരേ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും ആരോപിച്ചായിരുന്നു ഇത്. ഖത്തറിന്റെ പരമാധികാരത്തെ മാനിച്ചുള്ള ഏതു ചര്‍ച്ചകളെയും സ്വാഗതം ചെയ്യുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി രണ്ടാഴ്ച മുന്‍പ് പറഞ്ഞിരുന്നു.
ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ 24 മണിക്കൂറിനകം പരിഹരിക്കാന്‍ കഴിയുമെന്നു സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."