കാരുണ്യ പദ്ധതിയുടെ സമയ പരിധി നീട്ടി
തിരുവനന്തപുരം: കാരുണ്യ പദ്ധതിയുടെ സമയ പരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ആയുഷ് മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയും കേരള സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയും ചേര്‍ത്ത് 'ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ' ഇന്‍ഷുറന്‍സ് പദ്ധതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് കാരുണ്യ ചികിത്സാ സഹായ പദ്ധതി കഴിഞ്ഞ മാസം 30ന് അവസാനിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുകയും നിര്‍ധനരായ രോഗികള്‍ ദുരിതത്തിലാവുകയും ചെയ്തു. കാരുണ്യ പദ്ധതി നിര്‍ത്തിയതിനെ തുടര്‍ന്ന് സാധാരണക്കാരില്‍നിന്നും പ്രതിഷേധം ശക്തമായി. ഇതേ തുടര്‍ന്നാണ് കാരുണ്യ അവസാനിപ്പിച്ച നടപടി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ തലയൂരിയത്.
കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി തുടരാന്‍ ധനവകുപ്പുമായി ധാരണയായെന്നും കാരുണ്യ പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ തുടരുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവിറങ്ങും വരെ ചികിത്സ തേടി എത്തുന്നവരെ തിരിച്ചയക്കരുതെന്നും ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണമെന്നും പണം സര്‍ക്കാര്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രി ആശുപത്രികളെ അറിയിച്ചു.
കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി. റിലയന്‍സിനാണ് നടത്തിപ്പ് ചുമതല നല്‍കിയത്.
പുതിയ ചികിത്സാ പദ്ധതി വന്നതോടെ കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂണ്‍ 30ന് സര്‍ക്കാര്‍ അവസാനിപ്പിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡയാലിസിസും കീമോതെറാപ്പിയും ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചില്ല. കാരുണ്യ വഴി ഇത് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏതാണ്ട് ഇരുപതു ലക്ഷത്തിലേറെ നിര്‍ധന രോഗികളുടെ ചികിത്സ മുടങ്ങുന്ന അവസ്ഥയുണ്ടായി. ആര്‍.സി.സിയും ശ്രീചിത്രയും അടക്കമുള്ള ആശുപത്രികള്‍ വരെ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചു.
ആഴ്ചയില്‍ മൂന്നും നാലും തവണ ഡയാലിസിസ് ചെയ്യുന്ന രോഗികളും കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയും റേഡിയേഷനും ചെയ്യുന്ന രോഗികളും അവയവ മാറ്റമടക്കമുള്ള ശസ്ത്രക്രിയകളുടെ ഭാഗമായി വില കൂടിയ മരുന്നുകള്‍ കഴിക്കുന്ന രോഗികളും പുതിയ ചികിത്സാ പദ്ധതിയില്‍നിന്നും പുറത്തായി. ഇത് വലിയ പ്രതിഷേധം സൃഷ്ടിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."