കൊവിഡ് കാലത്തും വ്യാജ തസ്‌രീഹ് ഉപയോഗിച്ച് ഉംറ തീർത്ഥാടനം; മുന്നറിയിപ്പുമായി ഹജ്ജ് ഉംറ മന്ത്രാലയം
മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ കർശനമായ രീതിയിൽ തസ്‌രീഹ് ഏർപ്പെടുത്തി നടപ്പിലാക്കിയ ഉംറ തീർത്ഥാടനത്തിനിടെ വ്യാജ തസ്‌രീഹ് വ്യാപകം. നിരവധി അനധികൃത അനുമതിപത്രം അധികൃതർ ഇതിനകം തന്നെ പിടികൂടിയിട്ടുണ്ട്. ഏതാനും വ്യാജ പെർമിറ്റ് റാക്കറ്റുകൾ നടത്തുന്ന ചതികുഴിയിൽ സ്വദേശികളും വിദേശികളും വീണതായി അൽ വത്വൻ പത്രം റിപ്പോർട്ട് ചെയ്‌തു. ഉംറ അനുമതി പത്രത്തിനായി തയ്യാറാക്കിയ ഓൺലൈൻ സംവിധാനം വഴി ഉദ്ദേശിച്ച സമയത്ത് പെർമിറ്റ് ലഭിക്കാത്തവരാണ് ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ പെടുന്നത്.
ഹറം കാര്യാലയ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തീർഥാടകരുടെ കൈവശമുള്ള ചില പെർമിറ്റുകൾ വ്യാജമാണെന്നും ചില ഏജന്റുമാരിൽ നിന്ന് അവ ശേഖരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇഅ്തമർന മൊബൈൽ ആപ്ലിക്കേഷൻ വഴി മാത്രമാണ് ഉംറ തീർത്ഥാടനത്തിനായുള്ള അനുമതി പത്രം ലഭിക്കുന്നതെന്നും മറ്റു മാർഗ്ഗങ്ങളിലൂടെ ലഭിക്കുന്നത് വ്യാജമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏജൻസികൾ വഴിയോ മറ്റോ പെർമിറ്റ് ലഭ്യമാകില്ലെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഇഅ്തമർന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് നിലവിൽ ഉംറ തീർത്ഥാടനം, മക്ക, മദീന ഹറമുകളിലെ നിസ്‌കാരം, പ്രവാചകന്റെ ഖബർ സന്ദർശനം, റൗദ സന്ദർശനം എന്നിവക്ക് അനുമതി നൽകുന്നത്. സഊദിയിൽ നിയമാനുസൃതം താമസ രേഖയുള്ളവർക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്‌താണ് സമയവും ദിവസവും തിരഞ്ഞെടുത്ത് ഇതിനുള്ള ലൈസൻസ് ലഭിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പരിമിതമയായ ആളുകൾക്കാണ് അനുമതി നൽകുന്നതെന്നതിനാൽ ഉംറ തീർത്ഥാടനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷമോ മാസങ്ങൾക്ക് ശേഷമുള്ള സമയത്തേക്കാണ് പെർമിഷൻ ലഭ്യമാകുന്നത്. ഇതേ തുടർന്നാണ് പെട്ടെന്ന് ഉംറ തീർത്ഥാടനം നടത്തുന്നതിനായി അനധികൃത മാർഗ്ഗങ്ങളിലൂടെ വ്യാജ അനുമതി പത്രം ലഭ്യമാക്കി ചിലർ ഉംറ തീർത്ഥാടനത്തിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."