സദാചാര മൂല്യങ്ങളെ തകര്‍ത്തെറിയുമ്പോള്‍
ഇന്ത്യയില്‍ വളരെ സുപ്രധാനമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ചു. 377 ാം വകുപ്പു പ്രകാരം ഇതുവരെ കുറ്റകരമായിരുന്ന സ്വവര്‍ഗരതി ഇനി മുതല്‍ അങ്ങനെയല്ലെന്നതാണ് ഒന്നാമത്തെ വിധി. ഭര്‍ത്തൃമതിയായ സ്ത്രീ അന്യപുരുഷനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ഇതുവരെ 497 ാം വകുപ്പു പ്രകാരം കുറ്റകരമായിരുന്നു. അതുമിപ്പോള്‍ നിയമത്തിന്റെ മുന്നില്‍ ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമല്ലാതായിരിക്കുന്നു.
പ്രഖ്യാപനത്തിലല്ലാതെ ജീവിതത്തില്‍ മാന്യത പ്രകടിപ്പിച്ചും പുലര്‍ത്തിയും പോരുന്നതാണു മനുഷ്യസംസ്‌കാരവും ഇന്ത്യ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു പോന്ന പാരമ്പര്യവും. അതു രണ്ടും അരാജകത്വവും തിന്മയും ഇഷ്ടപ്പെടുന്ന സമൂഹത്തിലെ നേരിയ ന്യൂനപക്ഷത്തിനു ദഹിക്കുന്ന കാര്യങ്ങളല്ല. അതിനാല്‍ ഈ വിധി അത്തരം അരാജകവാദികള്‍ക്കു മാത്രം സന്തോഷത്തിനു വകനല്‍കുന്നതാണെന്നു പറയാതിരിക്കാന്‍ വയ്യ.
സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ജന്മനാ ലൈംഗികമായ പ്രയാസമനുഭവിക്കുന്നവരെ സമൂഹത്തിന്റെ ഭാഗമായി തന്നെയാണ് അംഗീകരിക്കേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇത്തരം വിഭാഗത്തിനു മാത്രമായി വരേണ്ട വിധി പൊതുസമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്ന തരത്തിലാണു കോടതി പ്രസ്താവിച്ചത്. അതൊരു ക്രിമിനല്‍ക്കുറ്റമായി കണ്ടതുകൊണ്ടാണ് ഇത്രയും കാലം ഇവിടെ സദാചാരമൂല്യങ്ങള്‍ സംരക്ഷിക്കപ്പെട്ടത്. സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇത്തരം കാര്യങ്ങളെ വെറുപ്പോടെയാണു കാണുന്നത്.
അതിനാല്‍ സ്വവര്‍ഗരതിയെന്ന ലൈംഗികമനോരോഗത്തെ സാമാന്യവല്‍ക്കരിച്ചു മുഖ്യധാരയിലേയ്ക്കു ന്യായീകരണത്തോടെ അവതരിപ്പിക്കുമ്പോള്‍ തകരുന്നതു മാനവികത തന്നെയാണ്. ഏതെങ്കിലും പ്രത്യേക സംഭവത്തെ ആസ്പദമാക്കിയാണു കോടതിയില്‍ കേസു വരുന്നത്. ആ കേസിന്റെ സാഹചര്യത്തെ മാത്രം അടിസ്ഥാനമാക്കി മൊത്തം കാര്യങ്ങളില്‍ വിധിപ്രസ്താവം നടത്തുന്നതു സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ എങ്ങനെ ശരിയാകും.
വിവാഹേതരബന്ധങ്ങളുടെ കാര്യത്തിലെ കോടതി വിധി സ്വവര്‍ഗരതിയിലെ വിധിയേക്കാള്‍ അപകടം നിറഞ്ഞതാണ്. കാരണം, സ്വവര്‍ഗരതി വ്യക്തിപരമായ തിന്മ വര്‍ധിപ്പിക്കുകയും അതിനെത്തുടര്‍ന്നു സംഭവിക്കാനിടയുള്ള കുഴപ്പങ്ങള്‍ക്കും മാത്രമേ ഹേതുവാകൂ. വിവാഹേതരബന്ധമെന്നതു വലിയ ധാര്‍മികത്തകര്‍ച്ചയ്ക്കു കാരണമാകും.
വളരെ മോശപ്പെട്ട ഒരു തിന്മയെയാണു നിയമം സാമാന്യമായി വ്യഖ്യാനിച്ചതിലൂടെ ന്യായീകരിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ മനുഷ്യപക്ഷത്തും സാംസ്‌കാരികപക്ഷത്തും നിലകൊള്ളുന്നവര്‍ ശക്തമായി പ്രതിഷേധിക്കേണ്ടതും ഭരണഘടനയും കോടതിയും അനുശാസിക്കുന്ന മാര്‍ഗത്തിലൂടെ തന്നെ ഈ വിധി തിരുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
അനിയന്ത്രിതമായി കുത്തഴിഞ്ഞ തരത്തിലുള്ള ജീവിതം ഫലശൂന്യമാണ്. നിയന്ത്രണമാണ്, സ്വാതന്ത്ര്യമല്ല മനുഷ്യത്വത്തെ ഇന്നു കാണുന്ന തരത്തിലേയ്ക്കു പുരോഗതിപ്പെടുത്തിയത്. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം മനുഷ്യനെ നശിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാശ്ചാത്യലോകം നമ്മുടെ മുന്നില്‍ അതിനു തെളിവായുണ്ട്. ആ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ചു പോന്ന തായ്‌ലാന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ ഇന്നു നേരിടുന്ന സാംസ്‌കാരികാപചയം കണക്കിലെടുക്കുമ്പോഴാണ് ഈ വിധിയുണ്ടാക്കിയിട്ടുള്ള ഭവിഷ്യത്ത് ഭയപ്പെടുത്തുക.
മതം അനശാസിക്കുന്ന ചില നിയന്ത്രണങ്ങളും പരിധികളുമുണ്ട്. അതിന്റെ വെളിച്ചത്തില്‍ ഇത്തരം ബന്ധങ്ങളെ വിവാഹേതരമെന്നും എക്‌സട്രാമാരിറ്റല്‍ അഫയര്‍ എന്നും ഒന്നുമല്ല പറയുക. അതു വ്യഭിചാരമാണ്. അതാണ് ഈ വിധിയിലൂടെ ന്യായീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ പുരുഷന്റെ കൂടി നീതിയാണു കോടതി ഉദ്ദേശിച്ചത്. ഇതുവരെ വിവാഹേതരബന്ധങ്ങളില്‍ ശിക്ഷിക്കപ്പെട്ടിരുന്നതു പുരുഷന്‍ മാത്രമാണെന്നതിനാല്‍ അവിടെ നീതി നിഷേധമുണ്ടെന്നാണു കോടതി ഭാഷ്യം.
നീതിനിഷേധം തെറ്റാണ്. എന്നാല്‍ ആ തെറ്റിനെ തിരുത്താന്‍ അതിലേറെ വലിയ തെറ്റിനെയാണ് കൂട്ടുപിടിച്ചത്. യഥാര്‍ഥത്തില്‍ വിവാഹേതരബന്ധം കുറ്റകരമാണെന്നും അതിലേര്‍പ്പെട്ട പുരുഷന്‍ മാത്രമല്ല സ്ത്രീയും കുറ്റക്കാരിയാണെന്നുമാണു നിയമമായി വരേണ്ടത്. പകരം അതൊരു കുറ്റമേയല്ലെന്നു വരുന്നതു കുടുംബം, വിവാഹം തുടങ്ങിയ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനു കാരണമായ നെടുന്തൂണുകളെ തന്നെ നശിപ്പിക്കം.
പടിഞ്ഞാറു സംഭവിച്ച ഭീകരമായ സാമൂഹികദുരന്തം പ്രിയപ്പെട്ട ഇന്ത്യയിലും സംഭവിക്കുമെന്നതാണ് ഈ വിധിയുടെ ബാക്കി പത്രം. വിവാഹേതരബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ പിതൃത്വവും സംരക്ഷണവും ആരേറ്റെടുക്കും. പാപത്തിന്റെ ശമ്പളം മരണമാണെന്നു ബൈബിള്‍ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരമൊരു അവസ്ഥയെയാണ്. വ്യഭിചാരത്തോട് അടുക്കാതിരിക്കുക, അതു വളരെ നിന്ദ്യവും ചീത്ത മാര്‍ഗവുമാണെന്നു ഖുര്‍ആനും പറയുന്നു. മതങ്ങളൊക്കെയും വിവാഹേതരബന്ധമടക്കമുള്ള എല്ലാതരം വ്യഭിചാരരീതികളെയും അപലപിക്കുന്നതും കുറ്റകരമാണെന്നു പറയുന്നതും വ്യക്തിയുടെ താല്‍ക്കാലികമായ ആനന്ദത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു പ്രാധാന്യം കൊടുക്കുന്നതിനാലാണ്.
വ്യക്തിപരമായ ആനന്ദമാണു ലൈംഗികതയിലൂടെ ലഭിക്കുന്നതെന്ന വാദവും നിലനില്‍ക്കുന്നതല്ല. നേരത്തെ സൂചിപ്പിച്ച അരാജകത്വമാണു ശരിയെന്നു വാദിക്കുന്ന ഏതാനുമാളുകള്‍ക്കു മാത്രമേ അതിലൊക്കെ സ്ഥായിയായ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. മതപരമായും ധാര്‍മികമായും തെറ്റായതുകൊണ്ടു തന്നെ അതിലേര്‍പ്പെടുന്നവര്‍ ഏതാനും നിമിഷത്തേയ്ക്കു ശാരീരികമായി ആനന്ദിക്കുന്നുവെന്നു മാത്രമാണു പറയാന്‍ കഴിയുക. അവര്‍ നിയമപരമായ പങ്കാളിയുടെ കൂടെ പിന്നീടൊരിക്കലും ശാന്തമായി ജീവിക്കുന്നില്ല എന്നതാണ് സത്യം. നിരീശ്വരവാദി പോലും സ്വന്തം ഭാര്യ മറ്റൊരുത്തനുമൊത്തു രമിക്കുന്നത് അംഗീകരിക്കുകയില്ല.
ലൈംഗികാസക്തി ജൈവപരമായ കാര്യമാണ്. അതു നിര്‍വഹിക്കാനാണു വിവാഹം. അതു തകരുന്നതോടെ ഇല്ലാതാകുന്നതു സമൂഹം തന്നെയാണ്. പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമെന്നു ചിന്തിക്കുന്നിടത്താണ് ഇതു ന്യായീകരിക്കപ്പെടുന്നത്.
സദാചാരവാദിയുടെ ഭ്രാന്തന്‍ ജല്‍പ്പനങ്ങളാണ് ഈ കുറിപ്പെന്നു ചിലര്‍ക്കെങ്കിലും തോന്നാം. അവരെ ഓര്‍മ്മപ്പെടുത്തട്ടെ, ലൈംഗികമായ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ഇസ്‌ലാമടക്കമുള്ള മതങ്ങളും മറ്റു പല സമൂഹങ്ങളും അംഗീകരിച്ച ബഹുഭാര്യാത്വം മികച്ച പരിഹാരമാണ്. തിരിച്ചറിവു നഷ്ടപ്പെടാതെ പക്വതയോടെ വിഷയത്തെ സമീപിച്ചാല്‍ ഇതു ബോധ്യപ്പെടും. കോടതി വിധിപ്രസ്താവത്തോടൊപ്പം നിരീക്ഷിച്ചതുപോലെ പുരുഷന്‍ സ്ത്രീയുടെ ഉടമസ്ഥനല്ല, ഇണ തന്നെയാണ്. ഇസ്‌ലാം സൗജ് അഥവാ ഇണ എന്നാണു ഭാര്യാഭര്‍ത്താക്കന്മാരെ പരിചയപ്പെടുത്തുന്നത്.
ഈ വിധി മുന്നോട്ടുവയ്ക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഇത്തരം ബന്ധങ്ങളിലെ മൗലികത, ഇതിലൂടെ ജനിക്കുന്ന കുട്ടികളുടെ ഭാവി, ദമ്പതികളുടെ സാമ്പത്തിക കാര്യങ്ങളിലെ തീരുമാനങ്ങള്‍, സ്വത്തവകാശ, അനന്തരവാകാശ നിയമങ്ങള്‍ തുടങ്ങിയ അനേകം കാര്യങ്ങളെ ബാധിക്കുന്നതാണ് ഈ വിധി. ആര്‍ക്കെങ്കിലുമൊക്കെ ശരീരത്തിന്റെ തിക്കുമുട്ടലടക്കാന്‍ സാഹചര്യമുണ്ടാക്കുകയാണെങ്കില്‍ അതു മനസ്സിലാക്കാം. എന്നാല്‍ ഇതു ദേശത്തെയൊന്നാകെ നാശത്തിന്റെ പടുകുഴിയിലേയ്ക്കു തള്ളുമെന്നതില്‍ സംശയമില്ല.
വിവാഹത്തിനു പ്രായം നിശ്ചയിച്ചും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കുഞ്ഞുപിണക്കങ്ങളെ പോലും ഗാര്‍ഹികപീഢനമെന്നു പേരിട്ടു കുറ്റകരമായി കാണുകയും ചെയ്തത് എന്തിനുവേണ്ടിയായിരുന്നുവെന്ന് ഇപ്പോള്‍ വലിയ ആശങ്ക തോന്നുന്നു. ഭാരതവും ഇവിടുത്തെ മനുഷ്യരും ഇന്നോളം ഉയര്‍ത്തി പിടിച്ച ധാര്‍മികമൂല്യങ്ങളെ ഇല്ലാതാക്കാന്‍ ആരൊക്കെയോ അണിയറയ്ക്കു പിന്നില്‍ ചരടുവലിക്കുന്നുവെന്നു ഭയപ്പെടണം.
ഒരു ഭാഗത്തു മുത്വലാഖ് പോലെയുള്ള നൈതികമായ നന്മകളെ ക്രിമിനല്‍ക്കുറ്റമായി വ്യാഖ്യാനിക്കുക, വിവാഹത്തിനു ശരീരം തയ്യാറായാലും പ്രായമാകട്ടെയെന്നു നിയന്ത്രണമേര്‍പ്പെടുത്തുക. മറുഭാഗത്തു കൗമാരം കടന്നിട്ടില്ലാത്ത ആണിനും പെണ്ണിനും വിവാഹം കഴിക്കാന്‍ പാടില്ല, വേണമെങ്കില്‍ ഒന്നിച്ചു ജീവിക്കാമെന്നു വാദിക്കുക. ഈ രാജ്യം എങ്ങോട്ടാണു പോകുന്നത്. എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട്.
ഈ രാജ്യത്തിനു നീതിപീഠത്തില്‍ വിശ്വാസമുണ്ട്. അതിനാല്‍ മനുഷ്യപക്ഷത്തു നില്‍ക്കുന്നവര്‍ ഉണരുകയും ഈ വിധിയെ ഭരണഘടനാപരമായും ജനാധിപത്യപരമായും എതിര്‍ക്കുകയും തിരുത്താനുള്ള ശ്രമം നടത്തുകയും ചെയ്യണം. പുതുതലമുറയില്‍ വര്‍ധിച്ചു വരുന്ന ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ക്ലാസ്സില്‍ ആണിനെയും പെണ്ണിനെയും ഒന്നിച്ചിരുത്തിയാല്‍ മതിയെന്നു വാദിക്കുന്ന ചിലരില്ലേ, തുറന്നിട്ട ഗ്യാസ് സിലിണ്ടറിനു സമീപത്തു വിളക്കു കത്തിച്ചുവയ്ക്കണമെന്നു വാദിക്കുന്നവര്‍, അത്തരക്കാര്‍ മാത്രമേ ഈ വിധിയില്‍ സന്തോഷിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."