'വിവാഹത്തിന് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യം അനിവാര്യം'; മതംമാറിയ പെണ്‍കുട്ടിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി
കൊച്ചി: മകളെ നിര്‍ബന്ധിച്ചു മതംമാറ്റിയെന്നാരോപിച്ചു പിതാവു നല്‍കിയ ഹരജി അനുവദിച്ച ഹൈക്കോടതി മകളുടെ വിവാഹം അസാധുവാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ മകള്‍ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും 23 കാരിയായ മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് വൈക്കം സ്വദേശിയായ പിതാവ് അശോകന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
മതംമാറ്റത്തെ തുടര്‍ന്നുള്ള ഈ കേസും സമാന വിഷയത്തില്‍ പാലക്കാട് ചെറുപ്പുളശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും ഡി.ജി.പി നേരിട്ട് അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ഹരജിക്കാരനും കുടുംബത്തിനും പൊലിസ് സംരക്ഷണം അനുവദിക്കാനും കോടതി ഉത്തരവ് നല്‍കി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന നിലയില്‍ വിവാഹക്കാര്യം മാതാപിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു. യുവതിയുടെ വിവാഹം നിയമപ്രകാരം നിലനില്‍ക്കില്ല. യുവതിയെ ഷഫീന് വിവാഹം ചെയ്തു കൊടുത്തത് സൈനബയും ഭര്‍ത്താവുമാണ് ഇതനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ജൂലായില്‍ ഹൈക്കോടതിയില്‍ വന്ന ഹരജിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മഞ്ചേരിയിലെ സത്യസരണി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇസ്‌ലാം മതം സ്വീകരിച്ചതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും അഖില കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് സഹായിയായി ഒപ്പമെത്തിയ സൈനബ എന്ന സ്ത്രീക്കൊപ്പം അഖിലയെ താല്‍കാലികമായി വിട്ടു.
അഖിലയെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് കടത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് പിതാവ് കോടതിയില്‍ ബോധിപ്പിച്ചതോടെ വിശദീകരണത്തിനായി യുവതിയെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കി. താന്‍ ഡിസംബര്‍ 19 ന് ഷഫീന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിച്ചെന്ന് അഖില കോടതിയില്‍ വെളിപ്പെടുത്തി.
മലപ്പുറം കോട്ടയ്ക്കല്‍ തന്‍വീറുള്‍ ഇസ്‌ലാം സംഘം സെക്രട്ടറി നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പണമടച്ചതിന്റെ രസീതും ഹാജരാക്കി. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിവാഹം കഴിച്ചതിനെ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
ഏതു സാഹചര്യത്തിലാണു ഷഫീനെ വിവാഹം കഴിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിയോടു നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് വിശദമായ വാദം കേട്ടശേഷമാണ് വിവാഹം അസാധുവാണെന്ന് വിലയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."