എതിര്‍ത്തും അനുകൂലിച്ചും സംഘ്പരിവാര്‍ നേതാക്കള്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ നിശ്ചിതപ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് വ്യക്തമായ നിലപാടില്ലാതെ സംഘ്പരിവാരം. സ്ത്രീപ്രവേശനത്തിന് കേരളത്തിലെ ഒരു വിഭാഗം സംഘ്പരിവാര നേതാക്കള്‍ എതിരാണെങ്കില്‍ ദേശീയ നേതൃത്വം അനുകൂലമാണ്.
രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനം വേണമെന്നാണ് സംഘത്തിന്റെ നിലപാടെന്നും ശബരിമലയുടെ കാര്യത്തിലും അതേ നിലപാട് തന്നെയാണുള്ളതെന്നും അടുത്തിടെ ആര്‍.എസ്.എസ് സഹമേധാവി ഭയ്യാജി ജോഷി അറിയിച്ചിരുന്നു. ഈ നിലപാട് പിന്നീട് ആര്‍.എസ്.എസ് ആവര്‍ത്തിക്കുകയുംചെയ്തു. വിധിയെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേകാ ഗാന്ധി സ്വാഗതംചെയ്തു.
ഹിന്ദുത്വം കൂടുതല്‍ അംഗീകരിക്കുന്നതാണെന്ന സന്ദേശമാണ് വിധി നല്‍കുന്നത്. വിധി ഹിന്ദുത്വത്തിന് മുന്നോട്ടുള്ള വഴി തെളിയ്ക്കുകയാണെന്നും മനേകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കോടതി വിധി സ്വാഗതംചെയ്ത ബി.ജെ.പി നേതാവ് സുബ്രഹ്മണ്യംസ്വാമി, ശബരിമലയിലെ സ്ത്രീപ്രവേശനം സാധ്യമാകാന്‍ വേണ്ടിവന്നാല്‍ സൈനികശക്തിയും ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, വിധിയോടു പ്രതികരണം ചോദിച്ചപ്പോള്‍ കൃത്യമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറുകയാണ് ഇന്നലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ചെയ്തത്. എന്നാല്‍, കോടതി വിധിമാനിക്കുന്നുവെന്ന് ആര്‍.എസ്.എസ് കേരളാ മേധാവി പി. ഗോപാലന്‍കുട്ടി പ്രസ്താവിച്ചു. ജാതി, ലിംഗ ഭേദമെന്യേ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നുമായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രതികരണം. ചാനലുകളിലെ സംഘ്പരിവാരമുഖവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറാണ് വിഷയത്തില്‍ കടുത്ത പ്രതികരണം നടത്തിയത്. ഭക്തര്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. വിധി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും തുടര്‍ന്നുള്ള നടപടികള്‍ മറ്റു സംഘടനകളുമായി ആലോചിച്ചു തീരുമാനിക്കുമെന്നും വി.എച്ച്.പി സംസ്ഥാന നേതാവ് എന്‍.കെ സുധാകരന്‍ പറഞ്ഞു.
അതേസമയം, കേസില്‍ പുനപ്പരിശോധനാ ഹരജി നല്‍കുമെന്ന് അയ്യപ്പ സേവാ സമാജം അറിയിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ദൗര്‍ഭാഗ്യകരവും തിടുക്കപ്പെട്ടതുമാണെന്ന് സമാജം നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ മാറ്റം വേണമെങ്കില്‍ തീരുമാനമെടുക്കേണ്ടത് ആചാര്യന്മാരുടെ അഭിപ്രായം മാനിച്ചും ദേവപ്രശ്‌നമടക്കമുള്ള സംവിധാനത്തിലൂടെയുമാണ്. കോടതികള്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല. നാളെയും മറ്റന്നാളുമായി ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും സമാജം ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."