ബീച്ച് ആശുപത്രിയില്‍ വയോധികരെ നടതള്ളിയ സംഭവം: കൂടൊരുക്കി സാമൂഹ്യ നീതി വകുപ്പ്
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ വയോധികര്‍ക്കു പുനരധിവാസമൊരുക്കി സാമൂഹികനീതി വകുപ്പ്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന 16 പേരെയാണ് സാമൂഹികനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധയിടങ്ങളിലേക്കു പുനരധിവസിപ്പിക്കുന്നത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമൂഹികനീതി വകുപ്പിന്റെയും ജില്ലാ ലീഗല്‍ സര്‍വിസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണു പുനരധിവാസത്തിനായുള്ള പദ്ധതി നടപ്പാക്കുന്നത്.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബാബുവിനെ ഇന്നലെ തന്നെ വെള്ളിമാട്കുന്ന് സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്കു മാറ്റി. അംഗപരിമിതനായ കര്‍ണാടക സ്വദേശി അശോക് ബാബുവിനെ മായനാട് വികലാംഗ സദനത്തിലേക്ക് മാറ്റും. അവശനിലയില്‍ കഴിയുന്ന ബേബി വിനോദിനി, തമിഴ്‌നാട് സ്വദേശി രാമസ്വാമി എന്നിവരെ സാമൂഹിനീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഹോം ഓഫ് ലവ് ഏറ്റെടുക്കും. വയോജന ദിനമായ തിങ്കളാഴ്ചയായിരിക്കും ഹോം ലവ് പ്രവര്‍ത്തകര്‍ ഇവരെ കൊണ്ടുപോവുക.
35 വര്‍ഷത്തോളമായി ഒരു വീട്ടില്‍ സഹായത്തിനു നില്‍ക്കുകയായിരുന്ന ബാലകൃഷ്ണനെ ആ വീട്ടുകാര്‍ തന്നെ കൊണ്ടുപോകും. ഒരു കാല്‍പാദം നഷ്ടപ്പെട്ട കുമാരനെ മുറിവ് മാറുന്നതിനനുസരിച്ച് സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കും. വിവിധ അസുഖങ്ങളാല്‍ ചികിത്സയില്‍ കഴിയുന്ന ലളിത, ജോസ്‌കുട്ടി, അബു എന്നിവരെയും അസുഖം മാറുമ്പോള്‍ സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കുന്നതാണ്.
ഉപേക്ഷിക്കപ്പെട്ട 16 പേരില്‍ നാലുപേര്‍ ക്ഷയരോഗം ബാധിച്ചവരാണ്. അസുഖം മാറുന്നതുവരെ ഇവരെ ഇവിടെത്തന്നെ പാര്‍പ്പിക്കാനാണു തീരുമാനം. നിലവില്‍ സാമൂഹികനീതി വകുപ്പിന്റെ നിരീക്ഷണത്തിലാണിവര്‍. മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ ആന്ധ്രപ്രദേശ് സ്വദേശി രാമസ്വാമി, ബേപ്പൂര്‍ സ്വദേശി രവീന്ദ്രന്‍ എന്നിവര്‍ അസുഖം മാറിയാല്‍ തിരികെപ്പോകാമെന്ന് പറഞ്ഞു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ അനീറ്റ എസ്. ലിന്‍, ജില്ലാ ലീഗല്‍ സര്‍വിസ് അസോസിയേഷന്‍ സബ് ജഡ്ജി ആന്‍ഡ് സെക്രട്ടറി ജയരാജ് എന്നിലര്‍ ബീച്ച് ആശുപത്രിയിലെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ബീച്ച് ആശുപത്രി സൂപ്രണ്ട് ഉമര്‍ ഫാറൂഖ്, വെള്ളിമാട്കുന്ന് വൃദ്ധസദനം സൂപ്രണ്ട് സിദ്ദീഖ്, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥന്‍ ഉനൈസ്, ഹോം ഓഫ് ലവിലെ അംഗങ്ങളായ സിസ്റ്റര്‍ ശോഭ, ജൂലി തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."