കാട്ടാന ശല്യം നേരിടാന്‍ സമഗ്ര പദ്ധതി
വാണിമേല്‍: കാട്ടാന ശല്യം രൂക്ഷമായ വാണിമേല്‍, നരിപ്പറ്റ, വളയം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിലെ മലയോര മേഖലകളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സമഗ്രപദ്ധതികള്‍ ആവിഷ്‌കരിച്ചു.
വാണിമേല്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും, കര്‍ഷക സംഘടനാ പ്രതിനിധികളുടെയും യോഗത്തിലാണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
ഇ.കെ വിജയന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.സി ജയന്‍, എം.കെ നാരായണി, കെ.എം സുമതി വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി നസീറ, ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാര്‍ റെയ്ഞ്ച് ഓഫിസര്‍ നീതു കെ, ബ്ലോക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ചന്തു മാസ്റ്റര്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് കൊറ്റല, എം.കെ മജീദ് പങ്കെടുത്തു.
കാട്ടാന ശല്യം രൂക്ഷമായി അനുഭവപ്പെടുന്ന ആയോട്, കണ്ടിവാതുക്കല്‍, പന്നിയേരി, മാടാഞ്ചേരി ഭാഗങ്ങളില്‍ രണ്ട് വീതം വാച്ചര്‍മാരെ നിയമിക്കാനും, ഇവിടങ്ങളില്‍ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ഫെന്‍സിങ് നിര്‍മിക്കാനും തീരുമാനിച്ചു.
വേനല്‍ കാലത്ത് വന്യ ജീവികള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി പ്രകൃതിദത്ത ജലസ്രോതസായ ചെമ്പോത്തും പൊയില്‍ കുളത്തിലെ ചെളിനീക്കം ചെയ്യാനും രാത്രി കാല പട്രോളിങ് ശക്തിപെടുത്താനും റവന്യു, കൃഷി, വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത പരിശോധന മേഖലകളില്‍ നടത്തി സമഗ്രപദ്ധതി തയ്യാറാക്കാനും യോഗത്തില്‍ ധാരനയായി. മേഖലയില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒ യ്ക്ക് ചുമതല നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."