എ.ഐ.ടി.യു.സി ദേശീയ സമ്മേളനം ആലപ്പുഴയില്‍
100ാം വാര്‍ഷികത്തിന് ഒരുവര്‍ഷം നീളുന്ന പരിപാടികള്‍
ആലപ്പുഴ: എ.ഐ.ടി.യു.സി 42 ാമത് ദേശീയസമ്മേളനം 2020 ഏപ്രില്‍ രണ്ടു മുതല്‍ അഞ്ച് വരെ ആലപ്പുഴയില്‍ നടക്കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി കെ.പി രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1920 ഒക്ടോബര്‍ 31ന് രൂപം കൊണ്ട രാജ്യത്തെ ആദ്യത്തെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ 100ാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹി, ജാര്‍ഖണ്ഡ്, ബംഗളൂരു , ചെന്നൈ എന്നിവിടങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ദേശീയ സെമിനാറുകള്‍ നടക്കും. ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരണയോഗം ഓഗസ്റ്റ് 13ന് ആലപ്പുഴ ടൗണ്‍ഹാളില്‍ നടക്കും.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ബജറ്റിനെതിരേ 15, 16, 17 തിയതികളില്‍ എ.ഐ.ടി.യുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം ഡല്‍ഹിയില്‍ ചേരുന്ന 10 കേന്ദ്ര ട്രേഡ് യൂനിയന്‍ സംഘടനകളുടെ യോഗം യോജിച്ച സമരത്തിന് തീരുമാനമെടുക്കുമെന്നും കെ.പി രാജേന്ദ്രന് പറഞ്ഞു. രാജ്യത്തെ സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി കേരളത്തില്‍ സമ്പൂര്‍ണമായി എല്ലാ മേഖലകളിലും നടപ്പാക്കുക, 20,000 രൂപയായി മിനിമം കൂലി ഉയര്‍ത്തുക, കരാര്‍, കാഷ്വല്‍, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ എല്ലാ തൊഴിലാളികള്‍ക്കും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള കാംപയിനും പ്രക്ഷോഭങ്ങളും എ.ഐ.ടി.യു.സി നടത്തും.
12, 13 തിയതികളില്‍ പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി യോഗം തുടര്‍ന്നുള്ള പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്് ടി.ജെ ആഞ്ചലോസ്, സംസ്ഥാന സെക്രട്ടറി ആര്. പ്രസാദ്, ജില്ലാ സെക്രട്ടറി വി. മോഹന്‍ദാസ്, ജില്ലാ അസി. സെക്രട്ടറി ഡി.പി മധു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."