വിദ്യാലയങ്ങള്‍ക്കു സമീപം ബിയര്‍ പാര്‍ലര്‍: പ്രതിഷേധം ശക്തമാകുന്നു
നീലേശ്വരം: നീലേശ്വരത്ത് വിദ്യാലയങ്ങള്‍ക്ക് സമീപം ദൂരപരിധി ലംഘിച്ച് ബിയര്‍ പാര്‍ലര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പേരോല്‍ ജി.എല്‍.പി.എസ്, രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കടുത്ത് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ തുടങ്ങാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന മത്സ്യമാര്‍ക്കറ്റ് കെട്ടിടം കെ.ടി.ഡി.സിക്കു വിട്ടുകൊടുക്കാനുള്ള നഗരസഭാ തീരുമാനത്തിനെതിരേയാണ് പ്രതിഷേധം. ഇതിനടുത്തു തന്നെ ആരാധനാലയങ്ങളും ആശുപത്രികളും സ്ഥിതി ചെയ്യുന്നുണ്ട്. ഇതു പോലും പരിഗണിക്കാതെയാണു നഗരസഭയുടെ തീരുമാനമെന്നാണ് ആക്ഷേപം. ഇതിനെതിരേ കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
വരും ദിവസങ്ങളില്‍ പ്രത്യക്ഷ സമരത്തിലേക്കു തന്നെ നീങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്. നഗരസഭയുടെ തീരുമാനത്തിനെതിരേ മറ്റു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബിയര്‍ പാര്‍ലറിന് അനുമതി നല്‍കാനുള്ള നീക്കത്തില്‍ നിന്നു നഗരസഭ പിന്‍മാറണമെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഭക്ഷണശാലയുടെ മറവില്‍ മദ്യവില്‍പന നടത്താതെ കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെ ഇവിടെ ഭക്ഷണശാല തുടങ്ങുകയാണു വേണ്ടതെന്നു യോഗം ചൂണ്ടിക്കാട്ടി. ബിയര്‍ പാര്‍ലറുമായി മുന്നോട്ടു പോവുകയാണെങ്കില്‍ നിയമപരമായി നേരിടാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് കെ.വി രാഘവന്‍ അധ്യക്ഷനായി. ഡോ. ടി.എം സുരേന്ദ്രനാഥ്, നന്ദകുമാര്‍ കോറോത്ത്, സി.പി രാജീവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."