HOME
DETAILS

മക്കള്‍ ദുരന്തങ്ങളും മക്കള്‍ മാഹാത്മ്യവും

  
backup
September 29 2018 | 18:09 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b4%95%e0%b5%8d

ഒരുപക്ഷേ, നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും ആ വാര്‍ത്ത. മുംബൈയില്‍ മലയാളിയായ വീട്ടമ്മ കൊല്ലപ്പെട്ട വാര്‍ത്തയായിരുന്നു അത്. 

കൊന്നതു സ്വന്തം മകന്‍. എന്നു പറഞ്ഞാല്‍പ്പോരാ ആ സ്ത്രീയുടെ ബന്ധുക്കളുടെ ഭാഷയില്‍ 'ആറ്റുനോറ്റുണ്ടായൊരുണ്ണി.'
നിത്യേന മദ്യപിച്ചു ലക്കുകെട്ടു വീട്ടിലെത്തി മാതാവിനെ തലങ്ങും വിലങ്ങും ഭേദ്യം ചെയ്തുകൊണ്ടിരുന്നതിന്റെ സ്വാഭാവികമായ അന്ത്യം. അന്നും കൈയില്‍ക്കിട്ടിയതെന്തോ എടുത്ത് അവന്‍ അമ്മയെ തല്ലി, ചുമരില്‍ ചേര്‍ത്തുനിര്‍ത്തി നാഭിക്കു ചവിട്ടി. അവര്‍ കുഴഞ്ഞുവീണപ്പോള്‍ കള്ളനാട്യമാണെന്നാരോപിച്ചു തെറിവിളിച്ച് ഇറങ്ങിപ്പോയി.
അമ്മ മരിച്ച കാര്യം പിറ്റേന്നാണ് ആ മകന്‍ അറിഞ്ഞത്. ആ മരണവാര്‍ത്തയെങ്കിലും അവന്റെ മനസ്സില്‍ വല്ല ചലനവും സൃഷ്ടിച്ചോ എന്നറിയില്ല. അതു സംബന്ധിച്ച വാര്‍ത്തകളൊന്നും ഉണ്ടായിരുന്നില്ലല്ലോ.
കൊല്ലപ്പെട്ട ആ അമ്മയെയും കൊലപാതകിയായ ആ മകനെയും കുറിച്ച് അയല്‍ക്കാരും ബന്ധുക്കളും പൊലിസിനോടു പറഞ്ഞ കാര്യങ്ങള്‍ ആ വാര്‍ത്തയിലുണ്ടായിരുന്നു. കേരളത്തിലെ ആഭിജാതമായ കുടുംബങ്ങളിലെ അംഗങ്ങളായിരുന്നത്രെ ആ സ്ത്രീയും ഭര്‍ത്താവും. രണ്ടുപേരും മുംബൈയില്‍ നല്ല ഉദ്യോഗത്തിലായിരുന്നു. അവര്‍ക്കൊരു മകള്‍ ജനിച്ചു.
പക്ഷേ, തനിക്കും ഭര്‍ത്താവിനും ജീവിതാന്ത്യത്തില്‍ താങ്ങും തണലുമാകാന്‍ ഒരു മകന്‍ വേണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. അതിനായി അവര്‍ നേരാത്ത നേര്‍ച്ചകളില്ല, പ്രാര്‍ഥിക്കാത്ത അമ്പലങ്ങളില്ല. ഒടുവില്‍ ആണ്‍കുഞ്ഞു പിറന്നപ്പോള്‍ താനാണു ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയെന്ന് അവര്‍ ആഹ്ലാദിച്ചു.
താഴെ വച്ചാല്‍ ഉറുമ്പരിച്ചാലോ തലയില്‍വച്ചാല്‍ പേനരിച്ചാലോ എന്ന മട്ടില്‍ ആ മകനെ പൊന്നുപോലെയാണവര്‍ പോറ്റിവളര്‍ത്തിയത്. ആറ്റുനോറ്റുണ്ടായൊരുണ്ണിയെന്നാണ് അഭിമാനത്തോടെ അവര്‍ മകനെക്കുറിച്ചു പറയാറുണ്ടായിരുന്നത്. അവനു വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കി.
തനിക്കു വാര്‍ധക്യത്തില്‍ താങ്ങും തണലുമാകുമെന്ന് ആ അമ്മ പ്രതീക്ഷിച്ച മകനാണ് അവരെ വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കല്‍ വച്ചു മദ്യലഹരിയില്‍ ചവിട്ടിക്കൊന്നത്.
നാളെ, ഒക്ടോബര്‍ ഒന്നിന് ലോകവയോജനദിനമാണെന്നു ഓര്‍ത്തപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് ആ മാതാവിന്റെ മരണവാര്‍ത്തയാണ്. തൊട്ടുപിന്നാലെ മറ്റൊരു മാതാവിന്റെ ജീവിതദുരന്തവാര്‍ത്തയും മനസ്സിനെ അസ്വസ്ഥമാക്കുംവിധം ഓര്‍മയിലെത്തി.
തിരുവനന്തപുരത്തുകാരിയായ സുധാദേവിയെന്ന വൃദ്ധമാതാവിനാണു ജീവിതാന്ത്യത്തിലും മരണശേഷവും മക്കളില്‍നിന്നു ക്രൂരപീഡനമേല്‍ക്കേണ്ടി വന്നത്. എത്ര ക്ഷമാശീലയായ മാതാവിന്റെ മനസ്സുപോലും ശപിച്ചുപോകുന്ന ക്രൂരതയായിരുന്നു അത്. ഗുരുതരമായ കരള്‍വീക്കരോഗം ബാധിച്ച അവസ്ഥയിലാണ് അവരെ തിരുവനന്തപുരത്തെ ശ്രീനാരായണ സാംസ്‌കാരിക വനിതാസമിതിയുടെ ശരണാലയത്തില്‍നിന്ന് ആശുപത്രിയിലെത്തിക്കുന്നത്.
ബന്ധുക്കളാരുമില്ലേയെന്ന ആശുപത്രി അധികൃതരുടെ ചോദ്യത്തിന് ആ അമ്മ നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. രണ്ടു മക്കളുണ്ട്, ഒരാണും ഒരു പെണ്ണും. മകള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറാണ്. മകന്‍ ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. മാതാവിനു കരള്‍രോഗം ബാധിച്ചിട്ടും ചികിത്സിപ്പിക്കാന്‍ മക്കള്‍ തയാറായില്ല. അവരെ സ്‌നേഹത്തോടെ പരിചരിക്കാനോ പരിഗണിക്കാനോ തയാറായില്ല. മക്കള്‍ കൈവെടിഞ്ഞെന്നു ബോധ്യപ്പെട്ടപ്പോഴാണ് അവര്‍ ആരുടെയോ സഹായത്തോടെ ശരണാലയത്തിലെത്തിയത്.
രോഗം ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശരണാലയത്തിലുള്ളവര്‍ മക്കളെ മാറിമാറി വിളിച്ചു. ''നിങ്ങളുണ്ടല്ലോ, നിങ്ങള്‍ നോക്കിക്കോ.'' എന്നായിരുന്നു ഡോക്ടറായ മകളില്‍നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ മകനില്‍നിന്നും കിട്ടിയ മറുപടി.
ഈ വിവരം ശരണാലയക്കാര്‍ ആശുപത്രി അധികാരികളെ അറിയിച്ചപ്പോള്‍ അവരും ഉന്നതപദവിയിലുള്ള ആ മക്കളെ ഫോണില്‍ വിളിച്ചു നോക്കി. മറുപടി പഴയതു തന്നെ.
ഒടുവില്‍, ഈ ലോകത്തിലെ നരകജീവിതത്തില്‍ നിന്നും മക്കളുടെ അവഗണനയില്‍ നിന്നും മോചനം നല്‍കി ആ അമ്മയോടു ദൈവം കരുണകാണിച്ചു.
അപ്പോഴും മൃതദേഹം ഏറ്റെടുക്കാന്‍ പോലും മകളും മകനുമെത്തിയില്ല. മക്കള്‍ക്ക് ഇത്രയും ക്രൂരമനസ്സുകളാകാന്‍ കഴിയുമോയെന്നു വിശ്വസിക്കാനാകാതെ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചുനോക്കി.
അമ്മ ആശുപത്രിയിലാണെന്ന കാര്യമറിയാമെന്ന നിസ്സംഗതയായിരുന്നു പ്രതികരണം. ''അതു പറയാനല്ല, നിങ്ങളുടെ അമ്മ മരിച്ചെന്ന് അറിയിക്കാനാണു വിളിക്കുന്നതെ''ന്നു പറഞ്ഞപ്പോഴും നീരസം കലര്‍ന്ന സ്വരത്തിലുള്ള മറുപടിയിങ്ങനെ: ''അറിഞ്ഞു, അതൊക്കെ നോക്കാന്‍ അവിടെ ആളുകളുണ്ട്.''
എത്ര ക്രൂരമായ പ്രതികരണം. പത്തുമാസം നൊന്തുപെറ്റ മാതാവിനോടാണിത്. ശത്രുവിനുപോലും ഈ ദുര്‍ഗതി വരുത്തല്ലേ എന്നു നാം അറിയാതെ പ്രാര്‍ഥിച്ചുപോകില്ലേ.
കോഴിക്കോട് ബീച്ചാശുപത്രിയില്‍ മക്കള്‍ 'നടതള്ളിയ' വൃദ്ധരോഗികളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിട്ടു ദിവസങ്ങളേറെയായില്ല. മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട 23 പേര്‍ ആ ആശുപത്രിയിലുണ്ടെന്നായിരുന്നു ഞെട്ടിക്കുന്ന, ഞെട്ടിക്കേണ്ട ആ വാര്‍ത്ത.
അതില്‍ മിക്കവരെയും ബന്ധുക്കള്‍ ചികിത്സയ്ക്കായി കൊണ്ടുവന്നതാണ്. ആറുമാസം വരെയായി ആശുപത്രിയില്‍ കഴിയുന്നവരുണ്ട്. രോഗികള്‍ക്കിടയില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തകരുടെ സ്‌നേഹത്തണലിലാണ് അവര്‍ അവിടെ കഴിയുന്നത്.
ഒറ്റ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലായി നടതള്ളപ്പെട്ട അഗതികളുടെ എണ്ണം ഇത്രയധികമുണ്ടെന്നു കണ്ടപ്പോള്‍ 'തെരുവിന്റെ മക്കള്‍' എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകരാണ് ഇക്കാര്യം ലീഗല്‍ സര്‍വിസ് അതോറിറ്റിയെ അറിയിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മിക്കയാളുകളുടെയും ബന്ധുക്കളെ കണ്ടെത്തി. ഇക്കാര്യം അറിയിക്കുമ്പോള്‍ തന്നെ ഫോണ്‍ ഡിസ്‌കണക്ട് ചെയ്യുന്ന മനോഭാവമായിരുന്നത്രെ പല മക്കള്‍ക്കും.
ഇങ്ങനെ എത്രയെത്ര വാര്‍ത്തകള്‍, വാര്‍ത്തകളാകാതെ പോകുന്ന എത്രയെത്ര ക്രൂരസംഭവങ്ങള്‍.
ഇന്നു പലരും വാര്‍ധക്യത്തെ കാണുന്നതു ഭീതിയോടെയാണ്. ആര്‍ക്കും വേണ്ടാതെ, ആരോരും തുണയില്ലാതെ നരകിച്ചു മരിക്കേണ്ടി വരുമോയെന്ന ഭയമാണിന്നു ജീവിതാന്ത്യത്തോട് അടുക്കുന്നവരെ പലരെയും മഥിക്കുന്നത്.
അതിനിടയിലാണു മനസ്സുകുളിര്‍പ്പിക്കുന്ന ഒരു മകന്റെ പിതൃസ്‌നേഹം അദ്ദേഹത്തിന്റെ സഹോദരന്റെ വായില്‍നിന്നു കേള്‍ക്കാനായത്. സഹപ്രവര്‍ത്തകന്റെ പിതാവും പ്രമുഖ മുസ്‌ലിം പണ്ഡിതനുമായ ഹാജി എം. സുലൈമാന്‍ ഫൈസി മാളിയേക്കലിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നതായിരുന്നു. രണ്ടു മാസം മുമ്പ് കരളിനു രോഗം ബാധിച്ചതും തുടര്‍ന്നുള്ള ചികിത്സയും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ മൂത്തമകന്‍ മുഹമ്മദ് ബഷീര്‍ ഫൈസി പറഞ്ഞു.
അതിനിടയില്‍ അദ്ദേഹം സ്വന്തം അനുജനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍, ഒരു നല്ല മനുഷ്യന്റെ വേര്‍പാടിന്റെ വേദന നിറഞ്ഞ നിമിഷത്തിലും, മനസ്സില്‍ കുളിരുതോന്നി. ''ഉപ്പായ്ക്ക് രോഗം ഇതാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ അല്‍ത്വാഫ് കൂടെയുണ്ട്. അന്നു മുതല്‍ അവധിയെടുത്ത് ഉപ്പയുടെ മരണംവരെ ഓരോ നിമിഷവും അവന്‍ കൂടെയുണ്ടായിരുന്നു. തമാശ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും രോഗത്തിന്റെ കാഠിന്യവും വേദനയും വിഷമവും അറിയിക്കാതെ അവന്‍ ഉപ്പയെ പരിചരിച്ചു.''
അനിവാര്യമായ മരണഘട്ടത്തിലും ഇത്തരത്തില്‍ മക്കളുടെ സ്‌നേഹത്തണല്‍ കിട്ടുകയെന്നതു മഹാഭാഗ്യമല്ലേ. അതില്‍പ്പരം സുകൃതം മറ്റെന്താണ്.
മക്കള്‍ അനുഗ്രഹമായി മാറുന്നത് ഇത്തരം നിമിഷങ്ങളിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago