രാകേഷ് അസ്താനയ്‌ക്കെതിരേ ആറു കേസുകളില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ ഡയരക്ടര്‍ അലോക് വര്‍മയും സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള പോരിനു പുതിയ മാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താനക്കെതിരേ ആറു കേസുകളില്‍ സി.ബി.ഐയുടെ തന്നെ അന്വേഷണം തുടങ്ങി. അസ്താന അന്വേഷിക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്ത ആറു കേസുകളില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയെന്ന ആരോപണം സംബന്ധിച്ചാണ് അന്വേഷണം തുടങ്ങിയത്.
ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണക്കേസിലെ കൂട്ടുപ്രതി ദീപേഷ് ചന്ദകിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചെന്ന ആരോപണം, 5,300 കോടി വായ്പയെടുത്ത ഗുജറാത്ത് വ്യവസായി സ്റ്റര്‍ലിങ് ബയോടെക് ഉടമ നിതിന്‍ സന്ദേശരയെ ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു കേസുകള്‍, മാധ്യമപ്രവര്‍ത്തകന്‍ ഉപേന്ദ്ര റായിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍, ചാണക്യപുരിയിലെ പാലിക സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ഒരു കേസ് എന്നിവയിലാണ് അന്വേഷണം നടക്കുന്നത്.
സ്റ്റര്‍ലിങ് ബയോടെക് കേസില്‍ ഗുജറാത്ത് വ്യവസായി സന്ദേശരയ്ക്ക് യു.എ.ഇയില്‍നിന്ന് നൈജീരിയയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ട് അസ്താനയ്‌ക്കെതിരെയുള്ളത് ശക്തമായ ആരോപണമാണ്. സന്ദേശരക്കെതിരായ കേസ് വൈകിപ്പിക്കാനായി അസ്താന അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം.
ഈ കേസ് അന്വേഷിക്കുന്നത് അസ്താനയാണെന്ന് സി.ബി.ഐ നേരത്തെ വിജിലന്‍സിനെ അറിയിച്ചിരുന്നു. സന്ദേശരയെ ചെറിയൊരു കേസിന്റെ പേരില്‍ ഓഗസ്റ്റ് 15ന് യു.എ.ഇ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.
പിന്നാലെ അറസ്റ്റ് ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ യു.എ.ഇ അധികൃതര്‍ക്ക് കത്തയച്ചു. എന്നാല്‍ അദ്ദേഹം ഗള്‍ഫ് നാടുകളിലെവിടെയും ഇല്ലെന്ന വിവരമാണ് മറുപടിയായി കിട്ടിയത്. കേസുകള്‍ വൈകിപ്പിച്ചത് സന്ദേശരക്ക് അനുഗ്രഹവുമായി.
2016 ഡിസംബര്‍ രണ്ടിനാണ് സി.ബി.ഐയുടെ ഇടക്കാല ഡയരക്ടറായി രാകേഷ് അസ്താനയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. അന്നത്തെ ഡയരക്ടറായിരുന്ന അനില്‍ സിന്‍ഹ വിരമിക്കാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ തല്‍സ്ഥാനത്തേക്കു സാധ്യതകല്‍പ്പിക്കപ്പെട്ടിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍.കെ ദത്തയെ മാറ്റിയായിരുന്നു നിയമനം.
സീനിയോറിറ്റി പ്രകാരം ദത്തയായിരുന്നു ഡയരക്ടറാകേണ്ടിയിരുന്നത്. ഇത് തടയുന്നതിനു വേണ്ടി അദ്ദേഹത്തെ സ്ഥലംമാറ്റിയ ശേഷമായിരുന്നു മോദിയുടെ വിശ്വസ്തനായ അസ്താനയെ മേധാവിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."