അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി ഇന്റര്‍നാഷനല്‍ മുസ്‌ലിം കമ്മ്യൂണിറ്റീസ് കോണ്‍ഗ്രസ് ഡയരക്ടറേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
മലപ്പുറം: വാഫി, വഫിയ്യ വിദ്യാഭ്യാസ സംവിധാനങ്ങളുടെ കോഡിനേറ്ററും ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെംബറും വളാഞ്ചേരി മര്‍കസ് വാഫി, വഫിയ്യ കോളജസ് പ്രിന്‍സിപ്പലുമായ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശേരിയെ ഇന്റര്‍നാഷനല്‍ മുസ്‌ലിം കമ്മ്യൂണിറ്റീസ് കോണ്‍ഗ്രസ് (ഐ.എം.സി.സി) സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുത്തു. പതിനഞ്ചംഗ സമിതിയിലെ ഏക ഇന്ത്യക്കാരനാണ് ഇദ്ദേഹം.
യു.എ.ഇ ഭരണകൂടത്തിന്റെ സഹിഷ്ണുതാകാര്യ മന്ത്രാലയത്തിനു കീഴില്‍, ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്റെ ആതിഥേയത്വത്തില്‍ കഴിഞ്ഞ മെയില്‍ അബൂദബിയില്‍വച്ച് നടന്ന അന്താരാഷ്ട്ര ന്യൂനപക്ഷ സമ്മേളനം മുന്നോട്ടുവച്ച സുപ്രധാനനിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഏകോപന സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്്. ഡോക്ടര്‍ അലി റാഷിദ് അല്‍ നഈമിയുടെ അധ്യക്ഷതയിലുള്ള സെക്രട്ടേറിയറ്റിന്റെ പ്രഥമ സമ്മേളനം ഇന്നു മുതല്‍ ഒക്ടോബര്‍ 2 വരെ അബൂദബിയില്‍ നടക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനായി അബ്ദുല്‍ഹകീം ഫൈസി ഇന്നലെ അബൂദബിയിലേക്ക് തിരിച്ചു.
ദുബൈ സുന്നി സെന്റര്‍, കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ്, വാഫി അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ദുബൈ അല്‍ബറാഹ ഒവൈസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സൈത് മുഹമ്മദ് നിസാമി അനുസ്മരണത്തിലും അദ്ദേഹം സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."